Monday , March   25, 2019
Monday , March   25, 2019

തമിഴകത്തെ കമലദളം

തമിഴക രാഷ്ട്രീയത്തിലേക്ക് കമൽഹാസന്റെ 'മക്കൾ നീതി മയ്യം' കൂടി കടന്നുവരുന്നു. സാമ്പ്രദായിക രീതികളിൽനിന്ന് വ്യത്യസ്തമായാണ് ആ വരവ്. ജനങ്ങളെ മഹത്തായ സ്വപ്‌നങ്ങളിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ശക്തരായ ദ്രാവിഡ പാർട്ടികളോടും ദേശീയ പാർട്ടികളോടും മല്ലിട്ട്, പുതിയ രാഷ്ട്രീയ പരീക്ഷണം വിജയിപ്പിച്ചെടുക്കുക കമലിന് തീർച്ചയായും വലിയ വെല്ലുവിളിയാണ്.

സ്വപ്‌നാടകനാണോ കമൽഹാസൻ? ആണെന്ന് പറയുന്നു പല രാഷ്ട്രീയ നിരീക്ഷകരും. തമിഴകത്തെ രാഷ്ട്രീയ മാറ്റങ്ങൾക്ക് കമലിന്റെ 'മക്കൾ നീതി മയ്യം' വലിയ തുടക്കമിടുമെന്ന് ആരും കരുതുന്നില്ല. കമലിനെക്കാൾ വലിയ പോപ്പുലർ ഹീറോ ആയ രജനീകാന്തും പിന്നാലെയുണ്ട്, രാഷ്ട്രീയ പാർട്ടിയുമായി. അതിന്റെ നിറം കാവിയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ, എ.പി.ജെ. അബ്ദുൽ കലാമിന്റെ രാഷ്ട്രസ്വപ്‌നങ്ങളും ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയവും ചേർത്ത് കമൽ പരുവപ്പെടുത്തുന്ന രാഷ്ട്രീയ പാർട്ടി തമിഴ്‌നാട്ടിൽ ഗുണപരമായി എന്തു മാറ്റം വരുത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കോൺഗ്രസ് പറയുന്നത്, വലിയ മാറ്റമൊന്നും ഉണ്ടാക്കില്ലെന്നാണ്. ഡി.എം.കെയും അണ്ണാ ഡി.എം.കെയും സർവാധിപത്യം പുലർത്തുന്ന തമിഴകത്ത്, കമലിന്റെ പാർട്ടിക്ക് പൊളിറ്റിക്കൽ സ്‌പേയ്‌സ് കണ്ടെത്താൻ കഴിയില്ലെന്നാണ് പാർട്ടി പ്രഖ്യാപിക്കും മുമ്പെ കോൺഗ്രസിന്റെ വീരപ്പ മൊയ്‌ലി അഭിപ്രായപ്പെട്ടത്. പ്രാദേശിക വിഷയങ്ങളിൽ ഈ രണ്ട് മുൻനിര പാർട്ടികളെക്കാൾ മെച്ചപ്പെട്ട എന്തെങ്കിലും കമൽ അവതരിപ്പിക്കേണ്ടി വരുമെന്നും എന്നാൽ അത് അസാധ്യമാണെന്ന് കരുതുന്നതായും അദ്ദേഹം പറയുന്നു. ജയലളിത ഇല്ലാത്ത അണ്ണാ ഡി.എം.കെ തകരുമെന്നും ആ ഇടത്തിലേക്ക് കടന്നുകയറാനാണ് കമൽ മോഹിക്കുന്നതെന്നും എന്നാൽ അത് സംഭവ്യമല്ലെന്നും മൊയ്‌ലി വിലയിരുത്തുന്നു.
അണ്ണാ ഡി.എം.കെയെ തകർച്ചയിൽനിന്ന് പിടിച്ചു നിർത്താൻ കേന്ദ്രത്തിലെ ബി.ജെ.പിയും പ്രധാനമന്ത്രി മോഡിയും സദാ ജാഗരൂകരായി നിലകൊള്ളുമ്പോൾ, വീരപ്പമൊയ്‌ലിയുടെ നിരീക്ഷണത്തിൽ ചില ശരികളുണ്ട്. ജയലളിതയുടെ മരണത്തിലൂടെ തരിപ്പണമാകേണ്ടിയിരുന്ന അണ്ണാ ഡി.എം.കെയെ ഇപ്പോഴത്തെ പരുവത്തിലെങ്കിലും പിടിച്ചുനിർത്തുന്നത് ബി.ജെ.പിയാണ്. അവരുമായി നേരിട്ടൊരു സഖ്യം വിജയിക്കാനുള്ള സാധ്യത സംശയാസ്പദമായിരിക്കെ, രജനീകാന്ത് ഉണ്ടാക്കുന്ന പുതിയ പാർട്ടിയിലൂടെ അണ്ണാഡി.എം.കെയിലേക്ക് ഒരു പാലം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടെ തന്ത്രമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. കടുത്ത ഹിന്ദുത്വ വിരുദ്ധ നിലപാടുള്ള കമലിന്റെ രാഷ്ട്രീയത്തോട് അകലം പാലിക്കുമെന്ന് രജനികാന്ത് സൂചന നൽകിയത് വെറുതെയല്ല.
താരാരാധനയിലും വ്യക്തിപൂജയിലും അധിഷ്ഠിതമായ തമിഴ് രാഷ്ട്രീയത്തിൽ പുരോഗമനാശയങ്ങളോടെയുള്ള ഒരു പാർട്ടി എത്രമാത്രം വിജയിക്കുമെന്നത് തീർച്ചയായും പ്രസക്തമായ ചോദ്യമാണ്. അതുകൊണ്ടാണ് ദ്രാവിഡ രാഷ്ട്രീയത്തെ കൈയൊഴിയില്ലെന്ന് ആദ്യമേ തന്നെ കമൽ വ്യക്തമാക്കിയത്. എന്നാൽ വ്യക്തികളിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തിന് മാറ്റം വേണമെന്നും പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിന് അടിത്തറ പാകേണ്ടതുണ്ടെന്നും കരുതുന്ന വലിയൊരു വിഭാഗം തമിഴ്‌നാട്ടിൽ വളർന്നു വരുന്നുണ്ട്. പ്രത്യേകിച്ച്, യുവാക്കളിലും വിദ്യാർഥികളിലും. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അന്തർനാടകങ്ങളും അനിശ്ചിതാവസ്ഥയും ഈ ചിന്ത യുവാക്കളിൽ ശക്തമാകുന്നതിന് കാരണമായി. കമലിന് ഈ അസംതൃപ്ത വിഭാഗത്തെ കൈയിലെടുക്കാനാകുമോ എന്നതാണ് മുഖ്യപ്രശ്‌നം. പതിനായിരക്കണത്തിന് അംഗങ്ങളുള്ള തന്റെ ഫാൻസ് അസോസിയേഷനുകളാണ് കമലിന്റെ രാഷ്ട്രീയപ്രവേശനത്തിനുള്ള മനുഷ്യശേഷി മൂലധനം. സിനിമയും ജീവിതവും രണ്ടല്ലാത്ത തമിഴ്‌നാട്ടിൽ ഇത് തീർച്ചയായും വിലപിടിപ്പുള്ള മൂലധനം തന്നെയാണ്. എന്നാൽ രണ്ട് പ്രമുഖ ദ്രാവിഡ പാർട്ടികളേയും കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള ദേശീയ പാർട്ടികളേയും ഒട്ടനേകം പ്രാദേശിക പാർട്ടികളേയും നേരിട്ട്, രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ കമൽ ഏറെ പ്രയാസപ്പെടേണ്ടി വരും.
സി.പി.എം അടക്കമുള്ള ഇടതുകക്ഷികളുമായി കമൽ രാഷ്ട്രീയ സഖ്യത്തിലേർപ്പെടാനുള്ള സാധ്യത വളരെയധികമാണ്. മറ്റാരെല്ലാം കമലിനൊപ്പമുണ്ടാകും എന്നതും പ്രസക്തമാണ്. ഒറ്റക്ക് പെട്ടെന്നൊരു രാഷ്ട്രീയ മാറ്റത്തിലേക്ക് നയിക്കുന്ന തരംഗമുണ്ടാക്കാനൊന്നും കമൽഹാസന് കഴിയില്ലെന്നതാണ് യാഥാർഥ്യം. അതിനാൽ തന്നെ, ഡി.എം.കെ അടക്കമുള്ളവരുമായി സഖ്യത്തിലേർപ്പെടാൻ കമൽ ശ്രമിക്കുമെന്ന് കരുതുന്നവരും ഏറെയാണ്. ഇപ്പോൾ ദേശീയതലത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന ഡി.എം.കെ പക്ഷെ അതിന് തയാറാകുമോ എന്നത് വ്യക്തമല്ല. മാത്രമല്ല, നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നത് കമൽ മുന്നോട്ടുവെക്കുന്ന മാറ്റത്തിനായി വോട്ട് എന്ന മുദ്രാവാക്യത്തെ അപ്രസക്തമാക്കുകയും ചെയ്യും.
അബ്ദുൽ കലാമിന്റേയും ബരാക് ഒബാമയുടേയും മിശ്രിതമായിരിക്കും കമൽഹാസന്റെ പാർട്ടി എന്ന് നർമരൂപേണ പലരും വിലയിരുത്തുന്നുണ്ട്. കലാം കണ്ട സ്വപ്‌നങ്ങളും ഒബാമ മുന്നോട്ടുവെച്ച മാറ്റമെന്ന മുദ്രാവാക്യവും യഥോചിതം കൂട്ടിച്ചേർത്താണ് കമൽ തന്റെ രാഷ്ട്രീയാശയങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ് അണിയറ സംസാരം. 2013 ൽ നിര്യാതനായ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന ഉദയമൂർത്തിയാണ് കമലിന്റെ രാഷ്ട്രീയാശയങ്ങൾക്ക് പ്രചോദനമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഉദയമൂർത്തിയുടെ ചിന്തകളും പുസ്തകങ്ങളും പ്രാഥമിക ഘട്ടത്തിൽ കമൽ തന്റെ ആശയരൂപീകരണത്തിനുപയോഗിച്ചിട്ടുണ്ട്. എന്നങ്കൽ, ഉന്നാൽ മുടിയും തമ്പി, നീ താൻ തമ്പി മുൽ അമൈചാർ തുടങ്ങിയ പുസ്തകങ്ങളിലെ ആശയങ്ങളാണ് കുറേക്കാലമായി പൊതുപ്രശ്‌നങ്ങളിൽ കമലിന്റെ നിലപാടുകൾക്കടിത്തറയായി വർത്തിക്കുന്നത്, കമൽ ഇപ്പോൾ രൂപീകരിച്ച 'മക്കൾ നീതി മയ്യം' പാർട്ടിക്ക് ഉദയമൂർത്തിയുടെ 'മക്കൾ ശക്തി ഇയക്കം' എന്ന സംഘടനയുമായുള്ള സാദൃശ്യങ്ങളും ശ്രദ്ധേയമാണ്. പരിസ്ഥിതി പ്രവർത്തനം, നദീസംയോജനം പോലുള്ള വിഷയങ്ങളിലെ ഇടപെടൽ തുടങ്ങിയവ ഉദയമൂർത്തിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതിന്റെ തെളിവുകൾ തന്നെ.
മധുരയിൽ കഴിഞ്ഞ ദിവസം പുതിയ പാർട്ടി പ്രഖ്യാപിക്കുമ്പോൾ, അദ്ദേഹത്തോടൊപ്പം എടുത്തു പറയാനായി പ്രമുഖരോ പ്രശസ്തരോ ആയിട്ടുള്ള വ്യക്തികൾ ഇല്ലെന്ന് തന്നെ പറയാം. അതായത് ഇത് ഒരു ഒറ്റയാൾ പോരാട്ടമായാണ് തുടങ്ങുന്നത്. ഒരുപക്ഷെ പാർട്ടിക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ സിനിമാ രംഗത്തുനിന്നുതന്നെ കൂടുതൽ പേർ കമലിനൊപ്പം ചേർന്നേക്കാം. ചുരുങ്ങിയ ഫണ്ടും മനുഷ്യവിഭവശേഷിയുംകൊണ്ട്, രാഷ്ട്രീയം സിനിമപോലെ ആഘോഷമായ ഒരു നാട്ടിൽ എത്രകാലം പിടിച്ചുനിൽക്കാനാവും എന്നതും ചിന്തനീയമാണ്. തമിഴ് ദേശീയതയെ കമൽ എങ്ങനെ അഭിസംബോധന ചെയ്യുമെന്നതും പ്രധാനപ്പെട്ട വിഷയമാണ്. ദ്രാവിഡ രാഷ്ട്രീയ പാർട്ടികൾ ഉയർത്തിപ്പിടിക്കുന്ന സവിശേഷമായ ദേശീയവീക്ഷണം, ദ്രാവിഡ അഭിമാനബോധം, ഭാഷാഭിമാനം തുടങ്ങിയ കാര്യങ്ങളിൽ കമലിന് നയം വ്യക്തമാക്കേണ്ടിവരും. തീവ്ര ഹിന്ദുത്വ ആശയങ്ങളെ ചെറുക്കാനും ഫാസിസത്തെ വിമർശിക്കാനും അദ്ദേഹം കാട്ടുന്ന ധീരത, ബി.ജെ.പിയിൽനിന്ന് കടുത്ത വെല്ലുവിളിയുയർത്തുകയും ചെയ്യും. 
ജനങ്ങൾക്ക് പ്രത്യാശയും സ്വപ്‌നങ്ങളും പകർന്നു നൽകുക എന്ന ആശയത്തിനാണ് കമൽ മുൻതൂക്കം നൽകുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള ആളുകൾ പറയുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ ഇടപെട്ട് അധികാരസ്ഥാനങ്ങളിലെത്തുക എന്നതിനേക്കാളുപരി, രാഷ്ട്രീയത്തെ ഗുണപരമായി പരിവർത്തിപ്പിക്കുക എന്നത് തന്നെയാണ് കമൽ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയാവുക, ഭരണത്തിലേറുക എന്നീ സ്വപ്‌നങ്ങളൊന്നും അദ്ദേഹം വെച്ചുപുലർത്തുന്നില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് പോരാടുക എന്നതിനായിരിക്കും മുഖ്യ പരിഗണന. അത് സ്വാഭാവികമായി അധികാരത്തിലേക്കുള്ള വഴി തുറക്കുമെന്നാണ് പ്രതീക്ഷ, സമയമെടുക്കുമെങ്കിൽകൂടി.
എല്ലാ ജില്ലകളിലും ഒരു ഗ്രാമത്തെ ദത്തെടുത്ത് അതിനെ ഒരു മാതൃകാ ഗ്രാമമായി പരിവർത്തിപ്പിക്കുക എന്ന സ്വപ്‌നവും കമലിനുണ്ടത്രെ. 1988 ൽ പുറത്തിറങ്ങിയ കമൽ ചിത്രമായ ഉന്നാൽ മുടിയും തമ്പി എന്ന ചിത്രത്തിൽനിന്നാണ് ഈ ആശയം. ആ ചിത്രമാകട്ടെ, ഉദയമൂർത്തിയുടെ ജീവിതത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടതുമാണ്. ഒരു ഗ്രാമത്തെ മാതൃകാഗ്രാമമാക്കി മാറ്റിയെടുക്കുന്ന യുവാവ് ഒടുവിൽ മികച്ച ഇന്ത്യക്കാരനായി പ്രധാനമന്ത്രിയിൽനിന്ന് പുരസ്‌കാരം വാങ്ങുന്നതാണ് ചിത്രത്തിന്റെ കഥ. സിനിമാക്കഥ യഥാർഥലോകത്തേക്ക് എങ്ങനെ പരിവർത്തിപ്പിക്കാൻ കഴിയുമെന്നതായിരിക്കും കമൽ നേരിടുന്ന വെല്ലുവിളി.
മറ്റ് സിനിമാക്കാരുടെ രാഷ്ട്രീയപ്രവേശവുമായി കമലിനുള്ള വ്യത്യാസവും ഇതുതന്നെയാണ്. അദ്ദേഹം ഒരു സ്വപ്‌നം കാണുന്നു, അത് പങ്കുവെക്കുന്നു. അധികാരത്തിലേക്ക് കുറുക്കുവഴികൾ ധാരാളമുള്ള, കമലിനെപ്പോലെ ജനപ്രീതിയുള്ള ഒരാൾക്ക് അത് എളുപ്പത്തിൽ കരഗതമാക്കാൻ കഴിയുന്ന സാഹചര്യമുള്ളപ്പോൾ, സ്വപ്‌നങ്ങളുടെ ദുർഘടപാത താണ്ടാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അതേസമയം, ഉടൻ ഫലമുണ്ടാക്കാത്ത ഒരു രാഷ്ട്രീയ പാർട്ടി രൂപീകരണം കമലിനെപ്പോലെ കലാരംഗത്ത് സജീവമായ ഒരാൾക്ക് നഷ്ടക്കച്ചവടവുമാണ്. രൂപീകരിക്കുമ്പോൾ തന്നെ ജനങ്ങൾ ഏറ്റെടുക്കുകയും അധികാരത്തിലേക്കുള്ള വഴി തുറന്നുകിട്ടുകയും ചെയ്തില്ലെങ്കിൽ, പാർട്ടി പതുക്കെപ്പതുക്കെ മരവിച്ചു പോകാനിടയുണ്ട്. ആം ആദ്മി പാർട്ടിയൊക്കെ സൃഷ്ടിച്ചതുപോലെയുള്ള ഒരു തരംഗമില്ലെങ്കിൽ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ ആധിപത്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവില്ല. ഈ യാഥാർഥ്യം മനസ്സിലാക്കി, കമലിന് എത്രത്തോളം തന്റെ സ്വപ്‌നത്തെ പിന്തുടരാനാവുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. അത് വിജയിക്കുന്നത് പ്രാദേശിക രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് കരുത്തു പകരുക മാത്രമല്ല, രാജ്യത്ത് ശക്തമാകുന്ന വർഗീയ രാഷ്ട്രീയത്തിന്റെ ഗതിവേഗം കുറക്കുകയും ചെയ്യും.
 

Latest News