Monday , March   25, 2019
Monday , March   25, 2019

രാഷ്ട്രീയ പ്രബുദ്ധമല്ല, അരാഷ്ട്രീയമാണ് കേരളം


രാ്രഷ്ടീയപ്രബുദ്ധമാണത്രെ കേരളം. എന്തർത്ഥത്തിലാണ് ഇത്തരമൊരവകാശവാദം ഉന്നയിക്കപ്പെടുന്നത് എന്നു മനസ്സിലാകുന്നില്ല. ഒരു വശത്ത് അധികാരത്തിനുവേണ്ടി എന്തു നിലപാട് സ്വീകരിക്കാനും മടിക്കാത്ത, മുരടിച്ച മുന്നണി രാഷ്ട്രീയം. 50 വർഷമായി യാതൊരു ഗുണപരമായ മാറ്റവും ഉണ്ടാക്കാൻ ഈ മുന്നണി രാഷ്ട്രീയത്തിനു കഴിഞ്ഞിട്ടില്ല. 
പല സംസ്ഥാനങ്ങളിലും അതാതിടങ്ങളിലെ സാഹചര്യങ്ങൾക്കനുസൃതമായി പുതിയ പ്രസ്ഥാനങ്ങൾ ഉടലെടുത്തപ്പോഴും അത്തരമൊന്ന് കേരളത്തിൽ രൂപപ്പെടുന്നില്ല. അതുപോലെതന്നെ അടിയന്തരാവസ്ഥക്കും പിന്നീട് മണ്ഡൽ കമ്മീഷനും ശേഷവും ഒരു വശത്ത് സോഷ്യലിസ്റ്റ് ശക്തികളും മറുവശത്ത് പിന്നോക്ക - ദളിത് ശക്തികളും പല സംസ്ഥാനങ്ങളിലും രൂപം കൊണ്ടപ്പോഴും ഇവിടെയതിന്റെ പ്രതിഫലനമില്ല. ആകെയുണ്ടായത് മുഖ്യധാരയിലെത്തിയ കാവി - വർഗ്ഗീയ രാഷ്ട്രീയമാണ്. മറ്റൊന്ന് കണ്ണിൽ ചോരയില്ലാത്തവിധം നടക്കുന്ന അതിക്രൂരമായ കക്ഷിരാഷ്ട്രീയ കൊലകളും. ആദ്യമൊക്കെ കണ്ണൂരിൽ ഒതുങ്ങിയിരുന്ന കൊലകളും അക്രമങ്ങളും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. സിപിഎം - ബി ജെ പി അക്രമങ്ങൾ എന്നത് മാറി മറ്റു പാർട്ടിപ്രവർത്തകരും കൊല ചെയ്യപ്പെടുന്നു. പരസ്യമായി വിചാരണ ചെയ്തും പ്രഖ്യാപിച്ചും കൊലകൾ അരങ്ങേറുന്നു. അതിനുശേഷവും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ വെറുതെ വിടുന്നില്ല. സോഷ്യൽ മീഡിയയിലൂടെ വൃത്തികെട്ട രീതിയിലുള്ള പ്രചാരണങ്ങൾ നടക്കുന്നു. ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അന്നു നീയൊക്കെ എവിടെയായിരുന്നു എന്ന മറുചോദ്യം വരുന്നു. കൊല്ലപ്പെട്ടവരുടെ പട്ടികകൾ നിരത്തി ആക്രോശങ്ങൾ തുടരുന്നു. 
അക്രമോത്സുകമായ പൗരുഷത്തിന്റെ പ്രഖ്യാപനമായി മാറുന്നു നമ്മുടെ കക്ഷിരാഷ്ട്രീയം. എന്നിട്ടും നമ്മൾ പറയുന്നു രാഷട്രീയപ്രബുദ്ധമാണത്രെ കേരളം. ഇന്ത്യയിൽതന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങൾ നടക്കുന്ന ജില്ലയാണ് ഇന്ന് കണ്ണൂർ. ഒരാൾ കൊല്ലപ്പെട്ടാൽ ഉടനെ പകരം വീട്ടുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇവിടെ ആക്രമിച്ചതാര്, കൊല്ലപ്പെട്ടതാര് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കാരണം അതു മാറി മാറി വരും. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോർ ബോർഡ് വെച്ച സംഭവവും വർഷങ്ങൾക്കുമുമ്പ് കണ്ണൂരിലുണ്ടായിട്ടുണ്ട്. ഭയാനകമായ രീതിയിലുള്ള രാഷ്ട്രീയ കൊലകൾ കണ്ണൂരിൽ ആരംഭിച്ചിട്ട് ദശകങ്ങളായി. സംസ്ഥാനത്ത് പാർട്ടി ഗ്രാമങ്ങൾ നിലനിൽക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാർട്ടികളുടെ നാടാണിത്. മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങൾ പൂർണമായും തടയപ്പെടുന്നു. ഇലയനങ്ങണമെങ്കിൽ അതാത് പാർട്ടിയുടെ അനുമതി വേണം. 
പാർട്ടിഗ്രാമങ്ങളിലെ വിവാഹങ്ങൾ പോലും തീരുമാനിക്കുന്നത് നേതാക്കളാണ്.  പാർട്ടി പ്രവർത്തനത്തിനായി വേതനം നൽകി ഇരുകൂട്ടരും മുഴുവൻ സമയപ്രവർത്തകരെ നിയമിക്കുന്നു. ഇങ്ങനെയൊക്കെയായിട്ടും എതിരാളികളെ ഇല്ലാതാക്കാൻ ഇരു കൂട്ടർക്കും കഴിഞ്ഞിട്ടില്ല. മാത്രമല്ല തലേദിവസം വരെ എതിരാളികളായിരുന്നവർ പിറ്റേന്നുമുതൽ സഹപ്രവർത്തകരായി മാറുന്നു. ഇത്ര വ്യത്യാസമേ ഇവർ തമ്മിലുള്ളു എന്നോർത്ത് ആരും മൂക്കത്തുവിരൽവെച്ചുപോകും.  
ഒരു വശത്ത് ഹൈന്ദവ ഫാസിസവും മറുവശത്ത് രാഷ്ട്രീയ ഫാസിസവും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യവിരുദ്ധശക്തികളാണ് മുഖ്യമായും പരസ്പരം ഏറ്റുമുട്ടുന്നത്. മാത്രമല്ല ഒരു കൊല ശരിയും മറ്റേ കൊല തെറ്റുമാണെന്നു പറയുന്ന, അടിമത്തം ജീവിതപ്രമാണമാക്കിയവരുടെ എണ്ണം കൂടുന്നതും ഈ കൊലകൾക്ക് ശക്തിയേകുന്നു. അവരിൽ ബുദ്ധിജീവികളും പുരോഗമവാദികളുമായി നടിക്കുന്നവരും നിരവധിയാണ്. സംഘട്ടനങ്ങൾ ഭൂരിഭാഗവും സിപിഎം - ബിജെപി പ്രവർത്തകർ തമ്മിലാണെങ്കിലും മറ്റുള്ളവരും കൊലചെയ്യപ്പെടുന്നു. ടി പി ചന്ദ്രശേഖരൻ, അരിയിൽ ഷുക്കൂർ, അവസാനമായി ശുഹൈബ് തുടങ്ങിയവർ ഈ പട്ടികയിൽ വരുന്നു. മറ്റു പാർട്ടി പ്രവർത്തകരുടെ കൊലകളിലെ പ്രതികൾ മിക്കവാറും കേരളം പലതവണ ഭരിച്ച, ഇപ്പോഴും ഭരിക്കുന്ന, ഏറ്റവും വലിയ പ്രസ്ഥാനമായ സിപിഎം ആണെന്നതാണ് ഏറ്റവും വലിയ ദുരന്തം. മാത്രമല്ല, കൊലകളിലെ പ്രതികൾക്ക് പരമാവധി സംരക്ഷണം നൽകാനും ഇവർ ശ്രമിക്കുന്നു. 
വാസ്തവത്തിൽ ഇരുകൂട്ടരും തത്വത്തിൽ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. ജനാധിപത്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായി കാണുന്ന ഇവർ അധികാരം പങ്കിടാനുള്ള ഒരു ഉപാധി മാത്രമായിട്ടാണ് അതിനെ പരിഗണിക്കുന്നത്. ആത്യന്തികമായ ലക്ഷ്യം മുകളിൽ പറഞ്ഞപോലെ തങ്ങളുടെ ഫാസിസ്റ്റ് ഭരണമാണ്. സിപിഎം പറയുന്ന തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം  പാർട്ടി സ്വേച്ഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. കമ്യൂണിസ്റ്റ് പാർട്ടിക്ക് കുത്തകാധികാരം കൈവന്ന രാജ്യങ്ങളിലൊന്നും പ്രതിപക്ഷമുണ്ടായിരുന്നിട്ടില്ല. ബഹുകക്ഷി ജനാധിപത്യമെന്നത് ബൂർഷ്വാസിയുടെ ജനാധിപത്യമായതുകൊണ്ട് അത് അംഗീകരിക്കേണ്ടതില്ലെന്നാണ് പാർട്ടി തത്ത്വം. അവരുടെ ലക്ഷ്യം  പ്രതിപക്ഷം തന്നെയില്ലാത്ത രാഷ്ട്രീയഘടനയാണ്. സോവിയറ്റ് യൂണിയൻ തകർന്നതിനുശേഷം ആ രാജ്യത്തിന്റെ ആർകൈവുകളിലെ ഔദ്യോഗിക കണക്കനുസരിച്ച്, സ്റ്റാലിൻ കാലഘട്ടത്തിൽ നടപ്പിലാക്കിയ വധശിക്ഷകൾ മാത്രം എട്ട് ലക്ഷത്തിനടുത്താണ്. ഹിറ്റ്‌ലറെപോലെ ചരിത്രം കണ്ട ഹീനനായ ആ സ്വേച്ഛാധിപതിയുടെ ചിത്രമാണ് സി.പി.എം.ന്റെ എല്ലാ പാർട്ടി ഓഫീസിലും ഇപ്പോഴും തൂക്കിയിട്ടിട്ടുള്ളത്. കംബോഡിയയിലെ ജനസംഖ്യയിലെ 25 ശതമാനം മനുഷ്യരെയും കൊന്നൊടുക്കിയ കമ്യൂണിസ്റ്റ് നേതാവ് പോൾപോട്ടിനെ അവസാനകാലം വരെ ഇ.എം.എസ്. ന്യായീകരിച്ചിരുന്നു  ആർ.എസ്.എസ്  ബി.ജെ.പി പ്രവർത്തകരാകട്ടെ  മറ്റു മതവിശ്വാസകളോട് പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും അടിസ്ഥാനം ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കുക എന്ന ഫാസിസ്റ്റ് ലക്ഷ്യംമാണ്.  ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കണമെങ്കിൽ മതേതരത്വം തന്നെ ഇല്ലാതാക്കണം. മറ്റു മതങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യണം.  ജനാധിപത്യവും ബഹുകക്ഷിഭരണവുമൊക്കെ അവർക്കും തടസ്സമാണ്. പ്രതിപക്ഷമുക്ത ഇന്ത്യയാണ് അവരുടെയും ലക്ഷ്യം. അവരുടെ മാതൃക സ്റ്റാലിനാണ്. ഈ രണ്ടു കൂട്ടരും പിന്നെ എങ്ങനെ ഏറ്റുമുട്ടാതിരിക്കും? അതിനിടയിലാണ് ജനാധിപത്യസംവിധാനത്തിൽ വിശ്വസിക്കുന്നവരും അക്രമിക്കപ്പൈടുന്നതും ദാരുണമായി കൊലചെയ്യപ്പെടുന്നതും. 
മറ്റൊന്ന് മുകളിൽ സൂചിപ്പിച്ചപോലെ ഈ പ്രസ്ഥാനങ്ങളുടെ പൗരുഷരാഷ്ട്രീയമാണ്. അതാകട്ടെ വനിതാപ്രവർത്തകർപോലും സ്വാശീകരിക്കുന്നു. ടി .പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പായയിട്ട് 'പുല' ഇരിക്കേണ്ടതിനു പകരം പത്രക്കാരെ കണ്ടത് വലിയ തെറ്റായിപ്പോയെന്ന് പറഞ്ഞത് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ തന്നെയാണ്. ഇപ്പോഴിതാ അവരുടെ സൈബർ പോരാളികൾ ഒന്നടങ്കം രമക്കെതിരെ തിരിഞ്ഞിരിക്കുന്നു. വീട്ടിനുള്ളിൽ അടങ്ങിയൊതുങ്ങി കഴിയാതെ ശ്രീമതി രമ പൊതു രംഗത്തേക്കിറങ്ങി എന്നത് തന്നെയാണ്, ഇവരുടെ പുരുഷബോധത്തെ വേട്ടയാടുന്നത്. ഇഎംഎസിന്റെ മകളും വനിതാകമ്മീഷൻ അംഗവുമായ ഇ എം രാധയുടെ ഭർത്താവും തിരുവിതാംകർ ദേവസ്വം മുൻ ചെയർമാനുമായ ഗുപ്തന്റെ ഫേസ് ബുക്ക് പോസ്റ്റ് തന്നെ ഏറ്റവും വലിയ ഉദാഹരണം. 
ഇതുമായി കൂട്ടിചേർത്ത് പറയേണ്ടതാണ് പ്രബുദ്ധകേരളത്തിലെ പ്രബുദ്ധരിൽ പ്രബുദ്ധരായ എഴുത്തുകാരുടെ നിലപാടും നിലപാടില്ലായ്മയും. യാതൊരു ന്യായീകരണവുമില്ലാത്ത ശുഹൈബ് വധത്തിൽ പോലും ഇവരിൽ മിക്കവരും നിശബ്ദരാണ്. കാരണം പ്രകടം. സവർണ പ്രതിപക്ഷമാകണം എഴുത്തുകാർ എന്ന് വൈലോപ്പിള്ളിയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നമ്മുടെ ഭൂരിഭാഗം  എഴുത്തുകാരും സാംസ്‌കാരിക നായകരും അതിന് പുല്ലുവില പോലും നൽകുന്നവരല്ല. അധികാരികളോട് ഒട്ടിനിന്ന് അതിനുള്ള പ്രതിഫലം കൈപറ്റാനാണ് അവർക്കും താൽപ്പര്യം. കേരളത്തിന്റെ പ്രതേക സാഹചര്യത്തിൽ ഭൂരിഭാഗവും ഇടതുപക്ഷത്തിനൊപ്പമാണ്താനും. പിന്നെങ്ങനെ അവർ പ്രതികരിക്കും? മുഷ്ടിചുരുട്ടുന്നതും രക്തസാക്ഷികളെ സൃഷ്ടിക്കുന്നതും ചോരപ്പൂക്കളെ പറ്റി പാടുന്നതൊന്നുമല്ല രാഷട്രീയം. അത് ആശയസമരമാണ്. നീതി നിഷേധിക്കപ്പെടുന്നവർക്ക് അതു നേടിയെടുക്കാനുള്ള പോരാട്ടമാണ്. സാമൂഹ്യനീതിക്കായി നിലകൊള്ളുന്നതാണ്. ജനാധിപത്യസംവിധാനം സംരക്ഷിക്കലും കൂടുതൽ അർത്ഥവത്താക്കലുമാണ്. അതിനിടയിൽ  അക്രമത്തിനും കൊലക്കുമന്താണ് സ്ഥാനം? അതു ചെയ്യുന്നവർ എങ്ങനെയാണ് രാഷ്ട്രീയക്കാരാകുക? അതിനെ അംഗീകരിക്കുന്ന സമൂഹം എങ്ങനെയാണ് പ്രബുദ്ധമാകുക? വാസ്തവത്തിൽ തീർത്തും അരാഷ്ട്രീയമാണ് കേരളം എന്നതല്ലേ വസ്തുത?

Latest News