Sunday , June   24, 2018
Sunday , June   24, 2018

കോടികളുടെ മയക്കുമരുന്നു വേട്ട: സംഘത്തലവൻ പിടിയിൽ

മലപ്പുറം- 25 ലക്ഷം രൂപയോളം വിലവരുന്ന നിരോധിത മയക്കുമരുന്നായ കെറ്റമിനുമായി തമിഴ്‌നാട് സ്വദേശിയായ മയക്ക്മരുന്ന് സംഘതലവൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. തമിഴ്‌നാട് മഹേശ്വരപുരം തഞ്ചാവൂർ കുംഭകോണം സ്വദേശി ബാലാജി(43) ആണു പിടിയിലായത്. രണ്ട് ആഴ്ചയോളമായി പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിൽ 12 കോടിയോളം വിലവരുന്ന മയക്കുമരുന്നുമായി 15 ഓളം പ്രതികെളെ അരീക്കോടും, മഞ്ചേരിയിലുമായി പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണു തമിഴ്‌നാട് ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയകളെ കുറിച്ചും തമിഴ്‌നാട് കുംബകോണം സ്വദേശിയായ ബാലാജിയെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്. 

തുടർന്ന് പ്രത്യേക അന്വേഷണസംഘം ഇയാളെ രഹസ്യമായി നീരീക്ഷിച്ചു വരികയായിരുന്നു. വളരെ തന്ത്രപരമായി കേരളത്തിലെ മയക്കുമരുന്നു മൊത്ത വിതരണക്കാരാണെന്ന രീതിയിൽ ഇയാളുമായി ബന്ധം സ്ഥാപിച്ച് ഡീൽ ഉറപ്പിക്കുന്നതിനായി കെറ്റമിന്റെ സാമ്പിളുമായി അരീക്കോട് വരാൻ പറഞ്ഞതിൽ സാമ്പിളുമായി അരീക്കോട്  എത്തിയ ഇയാളെ അരീക്കോട് എസ്‌ഐ സിനോദിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ ബാലാജി കേരളം, തമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് മാഫിയകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി മനസ്സിലായിട്ടുണ്ട്. ആന്ധ്രയിലെ  കഞ്ചാവ് മൊത്ത വിതരണക്കാരുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായും ആന്ധ്രയിൽ നിന്നും ട്രയിൻ മാർഗം കഞ്ചാവ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു നൽകിയിരുന്നതായും സൂചനയുണ്ടെന്നും പോലിസ് പറഞ്ഞു. ആന്ധ്രയിലെ ആയുധ മാഫിയകളുമായി ബന്ധം സ്ഥാപിച്ച് ആയുധങ്ങൾ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ആവശ്യക്കാർക്ക് ഇയാൾ എത്തിച്ചു നൽകുന്നതായും അഫ്ഗാനിസ്ഥാനിൽ നിന്നാണ് ഇയാൾക്ക് വൻതോതിൽ മയക്കുമരുന്ന് ലഭിക്കുന്നതെന്നും പോലിസ് പറഞ്ഞു.

ശ്രീലങ്കവഴിയും മയക്കുമരുന്ന് എത്തുന്നുണ്ട്. ബാലാജിയെ ചോദ്യം ചെയ്തതിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്.ഇതോടെ അരീക്കോടും മഞ്ചേരിയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയ ആളുകളുടെ എണ്ണം 16 ആയി. ബാലാജിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.  മലപ്പുറം ജില്ലാ പോലിസ് മേധാവി ദേപേഷ് കുമാർ ബഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സിഐ എൻബി  ഷൈജു, അരീക്കോട് എസ്‌ഐ സിനോദ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥൻ, അബ്ദുൾ അസീസ്, ഉണ്ണികൃഷണൻ, ശശികുണ്ടറക്കാട്.പി സഞ്ജീവ്,മുഹമ്മദ് സലിം ,മനോജ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.