Monday , March   25, 2019
Monday , March   25, 2019

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ

തൊള്ളായിരത്തി തൊണ്ണൂറ് കാലഘട്ടം. സി. പി. എം പാർട്ടി ഗ്രാമങ്ങളിൽ ഒന്നായിരുന്നു പരിയാരം. പഞ്ചായത്ത് ഭരണ സമിതിയിൽ യു.ഡി.എഫ് മുന്നണിയിലെ മുസ്‌ലിം  ലീഗ് ജയിച്ചു വരാറുള്ളത് ഒരാൾ മാത്രം. നാൽപതു കൊല്ലത്തോളം അങ്ങനെ തന്നെ ആയിരുന്നു. 
എതിരാളികളെ സംഘടനാ പ്രവർത്തനം അനുവദിക്കാത്ത പല മേഖലകൾ ഈ നാട്ടിൽ ഉണ്ടായിരുന്നു.  മുസ്‌ലിം  ലീഗ് ജയിച്ചു വരുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഏതെങ്കിലും  ടൗണിൽ പോകണമെങ്കിൽ സി.പി.എം പാർട്ടി ഗ്രാമത്തിലൂടെ യാത്ര ചെയ്താൽ  മാത്രമേ പുറം ലോകത്തു എത്താൻ പറ്റുകയുള്ളൂ. ആ പ്രദേശത്തുകാർ  ബസ് യാത്ര ചെയ്യുമ്പോൾ പോലും   പാർട്ടി ഗ്രാമത്തിൽ എത്തിയാൽ തടഞ്ഞു നിർത്തി പലപ്പോഴും ആക്രമിക്കും.   
മെല്ലെ മെല്ലെ അക്രമങ്ങളെ  പൊതുജനങ്ങൾ വെറുത്തു തുടങ്ങി. വലതു പക്ഷ രാഷ്ട്രീയവും നേതാക്കളും പൊതു പ്രവർത്തകരും വളർന്നു വന്നു.  കണ്ണൂർ ഡി. സി. സി പ്രസിഡന്റ് സതീശൻ പാച്ചേനി അടക്കം കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നു പലരും വളർന്നു വന്നു. അക്രമങ്ങളും ഭീഷണികളും വക വെക്കാതെ മുസ്‌ലിം ലീഗും ഒപ്പം കൂടി.  വർഷങ്ങൾക്ക് ഇപ്പുറം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു ഡി എഫ് ഏഴു സീറ്റുകളിൽ വിജയിച്ചു കയറി. നേരിയ വ്യത്യാസത്തിൽ ഭരണം കിട്ടിയില്ല എന്ന് മാത്രം. 
അനാവശ്യ അക്രമങ്ങളോട് ജനങ്ങൾക്കുള്ള എതിർപ്പുകൾ വർധിച്ചപ്പോൾ   ആധിപത്യം നഷ്ടപ്പെട്ട പാർട്ടി ഗ്രാമങ്ങളുട ഒരു കഥ മാത്രമാണ് മേൽ വിവരിച്ചത്. സി. പി. എം പാർട്ടി ഗ്രാമങ്ങളിൽ മറ്റു പാർട്ടിയുടെ ആശയങ്ങൾ ഉള്ള  പ്രവർത്തകർ ഉണ്ടന്ന് അറിഞ്ഞാൽ ആദ്യം ഒന്ന് ഉപദേശിക്കും. എന്നിട്ടും തുടർന്നാൽ ഭീഷണിയിൽ ഒതുക്കും. വീണ്ടും തുടർന്നാൽ കൈ കാലുകൾ എടുക്കും.  എതിരാളി ശക്തൻ ആണങ്കിൽ ജീവൻ തന്നെ എടുക്കും. 
1999 ൽ സി.പി.എം വിപ്ലവ ചരിത്രം ഉറങ്ങുന്ന മൊറാഴ ഉൾക്കൊള്ളുന്ന ആന്തൂർ പഞ്ചായത്തിലെ പറശിനിക്കടവ് പ്രദേശത്തു ദാസൻ എന്ന കോൺഗ്രസ് നേതാവിനെ കൊന്നത് അദ്ദേഹം ഒരു കേസിലും പ്രതി ആയിട്ടല്ല. ഒരാളോട് പോലും മോശമായി പെരുമാറുക പോലും ചെയ്തിട്ടില്ല. 
എന്നാൽ ദാസൻ ചെയ്ത കുറ്റം ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങളിൽ ഇടപെട്ടു പൊതു പ്രവർത്തനം നടത്തി എന്നതാണ്.  വോട്ടർ ലിസ്റ്റിൽ പേര് ചേർക്കുക, വാർധക്യ  പെൻഷൻ ഉണ്ടാക്കി കൊടുക്കുക എന്നിത്യാദി  പ്രവർത്തനം നടത്തിയതാണ് കൊലക്കു കാരണം. 
വർഷങ്ങൾക്കു ശേഷം എം.എസ്.എഫ് നേതാവ് അരിയിൽ അബ്ദുൽ  ശുക്കൂർ  എന്ന ചെറുപ്പക്കാരനെ വിചാരണ നടത്തി കൊല ചെയ്തു. ശുക്കൂർ നടത്തിയ നന്മയുടെ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് സി  പി എം എന്ന കൊല പാർട്ടിയെ അരിശം കൊള്ളിച്ചതെന്ന് ഉറപ്പിച്ചു പറയാൻ ആ നാട്ടുകാർക്ക് കഴിയും. 
ഏറെ കഴിയാതെ മറ്റൊരു ഫെബ്രുവരിവരിയിൽ എടയന്നൂരിൽ ശുഹൈബ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൊലക്കത്തിക്ക് ഇരയായി. ശുഹൈബ് ചെയ്ത കുറ്റം നാടിന്റെ നന്മക്കായി സി. പി. എം വിരുദ്ധ ചേരിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി എന്നത് മാത്രമാണ്. 
ഒരു കേസിൽ പോലും ഇല്ലാത്ത പട്ടുവം അൻവറിനെയും  കുപ്പത്തെ ലത്തീഫിനെയും എന്തിനു കൊന്നു എന്നത് കൊന്നവർക്ക് പോലും അറിയില്ല.  കൊല്ലുകയെന്ന ദൗത്യം പൂർത്തിയാക്കുന്നത് ഏതോ സംഘം. കൊല തീരുമാനിക്കുന്നത്  മറ്റാരൊക്കെയോ. സാക്ഷികളാകുന്നത് വേറെ ചിലർ. ജയിലിൽ പോകുന്നത് മറ്റൊരു ടീം -അങ്ങനെ പോകുന്നു കണ്ണൂർ കൊലയാളി പാർട്ടിയുടെ കഥകൾ.  ഇതിൽ മാനം തകരുന്നത് കണ്ണൂർ ജില്ലക്കാരായ ഒരു വലിയ വിഭാഗം ജനങ്ങളുടെയാണ്. 
നന്മയുടെ കണ്ണൂർ ആർക്കും കാണാൻ സാധിക്കില്ല. കണ്ണൂരിന്റെ അഭിമാനത്തിനു ഏൽക്കുന്ന മുറിവുകളാണ് ഓരോ കൊലപാതകവും.  ഇനിയും ഒരു അമ്മയുടെ കരച്ചിലും ഉയർന്നു കേൾക്കാതിരിക്കാൻ ഒരു സഹോദരിയും വിധവ ആകാതിരിക്കാൻ കുട്ടികൾ അനാഥരാവാതിരിക്കണം. ഇതിനായി ഭരണ വർഗം ഉണരണം എന്നാഗ്രഹിച്ചാൽ അതും അസ്ഥാനത്താണ്. കാരണം കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസിലെ പ്രതി ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ ആണെന്ന് അറിയുമ്പോൾ നീതി എവിടുന്നു കിട്ടാൻ?
 വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു നല്ല ഭൂരിപക്ഷമുള്ള പല മേഖലകളും കണ്ണൂരിലുണ്ട്. അവിടെ ഒന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തന സ്വാതന്ത്ര്യത്തെ ആരും തടയാറില്ല. 
കണ്ണൂർ എന്ന സുന്ദരമായ നാട് കൊലപാതക രാഷ്ട്രീയം ഒന്ന് കൊണ്ട്  മാത്രമാണ് ജനങ്ങൾക്ക് വെറുക്കപ്പെട്ടതായി മാറിയത്.  കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചാൽ നാടിന്റെ നന്മ വാനോളം ഉയർത്താൻ കണ്ണൂരുകാർക്ക് സാധിക്കും. 
(ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റാണ് ലേഖകൻ)
 

Latest News