Friday , December   14, 2018
Friday , December   14, 2018

എസ്.ബി.ഐക്ക്  കൊച്ചിയിൽ 'ഗ്ലോബൽ  എൻ.ആർ.ഐ സെന്റർ' 

വിദേശ ഇന്ത്യക്കാർക്ക് ആവശ്യമായ ഏതു ബാങ്കിംഗ് സേവനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കൊച്ചിയിൽ 'ഗ്ലോബൽ എൻ.ആർ.ഐ സെന്റർ' ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ രജനീഷ് കുമാർ നിർവഹിച്ചു. രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ഇത്തരം സംരംഭം ഇതാദ്യമാണ്. 
ഇന്ത്യയിൽ ഏറ്റവും അധികം എൻആർഐ നിക്ഷേപം എത്തുന്ന സംസ്ഥാനം എന്ന നിലയിലാണ് ഗ്ലോബൽ എൻ.ആർ.ഐ സെന്ററിനായി കേരളം തെരഞ്ഞെടുത്തതെന്ന് ചെയർമാൻ വ്യക്തമാക്കി.  ബാങ്കിന്റെ എൻ.ആർ.ഐ ബിസിനസിൽ 28 ശതമാനമാണ് കേരളത്തിന്റെ വിഹിതം. 16,00,000 എൻ.ആർ.ഐ അക്കൗണ്ടുകൾ കേരളത്തിലുണ്ട്. ബാങ്കിലെ മൊത്തം എൻ.ആർ.ഐ നിക്ഷേപത്തിന്റെ എട്ടു ശതമാനം വരുമിത്. 
തുടക്കമെന്ന നിലയിൽ എഴുപതോളം ജീവനക്കാരാണു കേന്ദ്രത്തിലുണ്ടാവുക. പ്രവർത്തനം വിപുലീകരിക്കുന്നതിനനുസരിച്ചു ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്ന് ചെയർമാൻ വെളിപ്പെടുത്തി. 33 ലക്ഷം എൻ.ആർ.ഐ അക്കൗണ്ടുകളാണ് ബാങ്കിനുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി നൂറോളം എൻ.ആർ.ഐ ശാഖകൾ ഇവർക്കു നൽകിവരുന്ന സേവനങ്ങൾ ഇനി ഗ്ലോബൽ എൻ.ആർ.ഐ സെന്റർ വഴിയായിരിക്കും നൽകുക.  ശാഖകൾ, റിലേഷൻഷിപ് മാനേജർമാർ, പ്രതിനിധി ഓഫീസുകൾ, വിദേശത്തെ ഓഫീസുകൾ എന്നിവയുമായി ഇടപാടുകാർക്കു ബന്ധപ്പെടാനുള്ള കേന്ദ്രം കൂടിയായിരിക്കും ഗ്ലോബൽ സെന്റർ. ലോകത്ത് എവിടെനിന്നും വിദേശ ഇന്ത്യക്കാർക്കു ഗ്ലോബൽ എൻആർഐ സെന്ററിൽനിന്നു ബാങ്കിങ് സേവനങ്ങൾ ഓൺലൈനായി ലഭിക്കും. അക്കൗണ്ട് ആരംഭിക്കാനും വായ്പകൾക്ക് അംഗീകാരം നേടാനും കേന്ദ്രം സഹായിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം നിക്ഷേപത്തിനും പ്രയോജനപ്പെടുത്താം. അമേരിക്കയിൽനിന്നുള്ള നിക്ഷേപവും കേന്ദ്രത്തിൽ സാധ്യമാക്കിയിട്ടുണ്ട്.  സൗജന്യ പോസ്റ്റ് ബോക്‌സ് സേവനം, വെൽത്ത് മാനേജ്‌മെന്റ് സേവനം എന്നിവയും  ഇവിടെ ലഭിക്കും. 
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി വജ്ര വ്യാപാരി നീരവ് മോഡിയുമായി എസ്.ബി.ഐക്ക് നേരിട്ട് ബന്ധമില്ലെന്ന് ചെയർമാൻ രജനീഷ് കുമാർ വാർത്താലേഖകരോട് പറഞ്ഞു. എന്നാൽ മോഡിക്ക് പഞ്ചാബ് നാഷണൽ ബാങ്ക് നൽകിയ ഉറപ്പു  രേഖയുമായി ബന്ധപ്പെട്ട് 1360 കോടി രൂപ എസ്ബിഐ നൽകിയിട്ടുണ്ട്. ഗീതാഞ്ജലി ജെംസ് ഉടമ ചോക്‌സിക്ക് എസ.്ബി.ഐ നേരിട്ടു വായ്പ നൽകിയിട്ടുണ്ടെങ്കിലും അതു ചെറിയ തുകയാണ്. 1300 കോടിയോളം രൂപ മാത്രമാണ്  വജ്ര, ആഭരണ വ്യവസായത്തിന് എസ്ബിഐ വായ്പയായി അനുവദിച്ചിട്ടുള്ളത്. ഇത് ബാങ്കിന്റെ മൊത്തം വായ്പയുടെ ഒരു ശതമാനത്തിലും താഴെയാണെന്നു ചെയർമാൻ പറഞ്ഞു. 
എസ്.ബി അക്കൗണ്ടിലുണ്ടായിരിക്കേണ്ട മിനിമം ബാലൻസിന്റെ പേരിൽ ഈടാക്കുന്ന തുകയെക്കുറിച്ച് എസ്.ബി.ഐയെ കുറ്റപ്പെടുത്തുന്ന് ശരിയല്ലെന്ന് രജനീഷ് കുമാർ പറഞ്ഞു. ബങ്കുകളുടെ മറ്റേതൊരു ഉൽപന്നം പോലെയാണ് എസ്.ബി അക്കൗണ്ട്. അക്കൗണ്ടുമായി ബന്ധപ്പെട്ട ഡെബിറ്റ് കാർഡ് ഉൾപ്പെടെയുള്ള ഇടപാടുകൾ ബാങ്കിനു ഭാരിച്ച ചെലവാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് മിനിമം ബാലൻസ് പോലുള്ള നിബന്ധനകൾ പാലിക്കാത്തതിനു ഫീസ് ഏർപ്പെടുത്തിയത്. ഇത്തരം ഫീസുകൾ ഇടയ്ക്കിടെ അവലോകനം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോർപറേറ്റുകളോടാണ് എസ്.ബി.ഐക്കു കൂടുതൽ താൽപര്യമെന്ന ആരോപണം ശരിയല്ല. ബാങ്കിൽനിന്നു നൽകിയിട്ടുള്ള വായ്പയിൽ 60 ശതമാനവും ചില്ലറ വിഭാഗത്തിൽ പെട്ടവയാണ്. ഭവന വായ്പ ഇനത്തിൽ മാത്രം 30 ലക്ഷം അക്കൗണ്ടുകളുണ്ട്. 
അതേസമയം പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ കിട്ടാക്കടം എഴുതിത്തള്ളിയത് എസ്.ബി.ഐ ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  2016-17 ൽ 20,339 കോടി രൂപ എസ്ബിഐ കിട്ടാക്കടമായി എഴുതിത്തള്ളി. എല്ലാ പൊതുമേഖലാ ബാങ്കുകളിലുമായി കിട്ടാക്കടമായി 81,683 കോടി രൂപയുണ്ട്. അഞ്ചു വർഷം കൊണ്ട് മൂന്നിരട്ടിയാണു ഇതു വർധിച്ചത്.