Monday , March   25, 2019
Monday , March   25, 2019

കണ്ണീരുണങ്ങാത്ത  കണ്ണൂർ


ജിദ്ദയിലെ സഹമുറിയനായിരുന്ന മട്ടന്നൂരിലെ സക്കരിയ്യയുടെ വീട് സന്ദർശിക്കാൻ വേണ്ടിയാണ് അഞ്ച് വർഷം മുമ്പ്  ആദ്യമായും അവസാനമായും ഞാൻ കണ്ണൂരിൽ പോയത്. പ്രവാസ ജീവിതത്തിൽ കൂടെത്താമസിക്കുന്നവരുടെയെല്ലാം വീടുകൾ അവധിക്ക് നാട്ടിൽ പോകുമ്പോൾ സന്ദർശിക്കുക എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. 
മറ്റൊരു സഹമുറിയനായ ബഷീറിന്റെ കാറിലായിരുന്നു കണ്ണൂരിലേക്കുള്ള യാത്ര. പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ കണ്ണൂർ ഭീതിപ്പെടുത്തുന്നതാണെങ്കിലും പ്രവാസ ജീവിതത്തിനിടയിൽ പരിചയപ്പെട്ട കണ്ണൂർക്കാരെല്ലാം സ്‌നേഹനിധികളായിരുന്നു. അവരോട് രാഷ്ടീയമായി തർക്കിച്ചാൽ പോലും അവർ മലപ്പുറത്തുകാരെപ്പോലെ പെട്ടെന്ന് പ്രകോപിതരാകില്ല. എന്നിട്ടും....ആ ഒരു വിശ്വാസത്തിൽ തന്നെയായിരുന്നു ഞങ്ങളുടെ കണ്ണൂരിലേക്കുള്ള യാത്ര.  യാത്രക്കിടയിലെ ചെറിയൊരു വിശ്രമം കഴിഞ്ഞ് മാഹിയും പിന്നിട്ട് തലശ്ശേരിയിലെത്തിയപ്പോൾ എങ്ങും  നഗരത്തിന്റെ തിരക്കായിരുന്നു. അവിടെയെത്തിയപ്പോഴാണ് മറ്റൊരു സുഹൃത്ത് നസീർ വിളിച്ച് അവന്റെ വീട്ടിലും ചെല്ലണം എന്ന് പറഞ്ഞത്. അത് പ്രകാരം മമ്പറത്തുള്ള അവന്റെ വീട്ടിലാണ് ആദ്യം പോയത്. മുന്നറിയിപ്പില്ലാത്ത സന്ദർശനമായിട്ടും നസീറിന്റെ വീട്ടുകാർ അവരുടെ തനതായ രീതിയിൽ സൽക്കരിച്ചു.  അത് കഴിഞ്ഞ് മട്ടന്നൂരിലേക്ക് പുറപ്പെട്ടു. മട്ടന്നൂരെത്തി സക്കരിയ്യയുടെ കുട്ടികൾക്ക് പലഹാരം വാങ്ങാൻ വേണ്ടി ഒരു ബേക്കറിയുടെ മുന്നിൽ കാർ നിർത്തി. ഞാനും ബഷീറും പുറത്തിറങ്ങി. അപരിചതരായ ഞങ്ങളെ കണ്ട് പലരും നോക്കുന്നത് അപ്പോഴാണ് ശ്രമിച്ചത്. ആ സമയം ഉള്ളിലൊരു ഭയമുണ്ടായി.  അതിലൊരാൾ എവിടുന്നാ എങ്ങോട്ടാ എന്നൊക്കെ ചോദിച്ചു. കാര്യം പറഞ്ഞ് സാധനങ്ങളും വാങ്ങി ഞങ്ങൾ യാത്ര തുടർന്നു. പിന്നീടങ്ങോട്ട് വിജനമായ പാതയിലൂടെയായിരുന്നു യാത്ര. റോഡിന്റെ ഇരുവശവും പറങ്കിത്തോട്ടങ്ങൾ. ആളുകളെയൊന്നും കാണുന്നേയില്ല. ശ്മശാന മൂകത എന്നൊക്കെ പറയും പോലെ ഞങ്ങളുടെ വണ്ടിയുടെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ. ഇടക്കിടെ ചെറിയ കവലകൾ ഉണ്ടെന്നതൊഴിച്ചാൽ റോഡിൽ ആളനക്കമേയില്ല. 
ഏകദേശം ഉച്ചയായപ്പോൾ ഞങ്ങൾ സക്കരിയ്യയുടെ വീട്ടിൽ എത്തി. മൂപ്പർ വിളിച്ചു പറഞ്ഞതനുസരിച്ച് ഭാര്യയും മക്കളും ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു. അവരുമായി കുശലാന്വേഷണങ്ങൾ പറഞ്ഞ് (അവരുടെ സംസാരവും ഞങ്ങളുടെ സംസാരവും തമ്മിൽ ചെറിയ മാറ്റങ്ങളുണ്ട്. അതുകൊണ്ട് അവർ പറഞ്ഞതിൽ ചിലത് ഞങ്ങൾക്കും ഞങ്ങൾ പറഞ്ഞതിൽ ചിലത് അവർക്കും മനസ്സിലായിട്ടില്ല എന്ന കാര്യം മറച്ചു വെക്കുന്നില്ല. ) ഭക്ഷണവും കഴിച്ച് തിരിച്ചിറങ്ങാൻ നേരം ഞാൻ ചോദിച്ചു. 'എന്തിനാ ഇവിടെ എല്ലാ വീട്ടിലും മുൻഭാഗത്ത് ഗ്രില്ല് പിടിപ്പിച്ചിരിക്കുന്നത്? യാത്രക്കിടയിൽ ഞാൻ കണ്ട എല്ലാ വീടിന്റെയും മുൻവശം ഇരുമ്പ് ഗ്രില്ല് പിടിപ്പിച്ചതായിരുന്നു. അത് വാർപ്പായാലും ഓടിട്ട വീടായാലും. ! എന്റെ ചോദ്യം കേട്ട് ആദ്യം ചിരിച്ചെങ്കിലും പിന്നീടവർ പറഞ്ഞു, പേടിച്ചിട്ടാണെന്ന്! കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ്  ശുഹൈബ് അതിദാരുണമായി കൊല ചെയ്യപ്പെട്ട വാർത്ത വായിച്ചതിന് ശേഷമാണ് ഞാനിത്രയും ഓർത്തെടുത്തത്. 
നാലരപ്പതിറ്റാണ്ടായി കണ്ണൂരിൽ തുടർന്നുകൊണ്ടിരിക്കുന്ന അരുംകൊല രാഷ്ടീയത്തിൽ അവിടുത്തെ ഒട്ടുമിക്ക കുടുംബിനികളും ഭയവിഹ്വലരാണ് എന്നതാണ് സത്യം. നാളെ ആര് കൊല്ലപ്പെടും എന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. അമ്മക്ക് മരുന്ന് വാങ്ങാൻ പോകുന്ന മക്കൾ, ഭാര്യയുടെ പ്രസവ സംബന്ധമായ ആവശ്യങ്ങൾക്ക് പോകുന്ന ഭർത്താവ്, മക്കൾക്ക് സ്‌കൂളിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയ, അല്ലെങ്കിൽ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ജോലിക്ക് പോയ അച്ഛൻ തിരിച്ചു വരുന്നതും കാത്തിരിക്കുന്നവരുടെയിടയിലേക്ക് ഉറ്റവരുടെ മരണ വിവരം വന്നെത്തുമ്പോൾ ആർക്കാണ് സഹിക്കാൻ കഴിയുക? അതാണിപ്പോൾ കണ്ണൂരിലെ അവസ്ഥ.
കൊല്ലപ്പെട്ടവരുടെ വിധവയായ ഭാര്യ, അനാഥരായ മക്കൾ, അത്താണി നഷ്ടപ്പെട്ട മാതാപിതാക്കൾ, കൈത്താങ്ങ് നഷ്ടപ്പെട്ട സഹോദരങ്ങൾ ഇവരെല്ലാം ഒരു വശത്ത്,  കൊലയാളിയുടെ വീട്ടിലും ഇത് തന്നെയല്ലേ സ്ഥിതി? ഭർത്താവ് ജീവിച്ചിരിക്കേ വിധവയാകേണ്ടി വരുന്ന ഭാര്യ, സ്‌നേഹം ലഭിക്കാത്ത കുഞ്ഞുങ്ങൾ, കാരുണ്യ ഹസ്തങ്ങൾ നീട്ടാൻ കഴിയാത്ത മാതാപിതാക്കൾ, കൊലയാളിയുടെ സഹോദരങ്ങൾ എന്ന ചീത്തപ്പേര് മറ്റുള്ളവർക്ക്. ഒളിവിലും ജയിലിലും കഴിയുന്ന കൊലയാളികളാവും ഒരു പക്ഷേ ജീവച്ചവമായി കഴിയുന്നുണ്ടാവുക. 
ആർക്ക് വേണ്ടിയാണീ കൊലകൾ നടത്തുന്നത്? ജനാധിപത്യം നിലനിർത്തിക്കൊണ്ടു പോകാനെന്ന പേരിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയോ? അതോ ആ പാർട്ടികളെ നയിക്കുന്ന നേതാക്കൾക്ക് വേണ്ടിയോ? എതിർ പാർട്ടിയിൽ പെട്ട ഒരാളെ കൊല്ലാൻ പുറപ്പെടുന്നതിന് മുമ്പ് ഒന്നോർക്കുക. നഷ്ടം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മാത്രമാണ്. കൊല്ലാൻ ആയുധം തന്ന് പറഞ്ഞുവിടുന്ന ഒരു നേതാവിന്റെ വീട്ടിലും സന്തോഷത്തിന് കുറവുണ്ടാവില്ല. അവർ നല്ല ഭക്ഷണം കഴിച്ച് നല്ല വസ്ത്രം ധരിച്ച് പട്ടുമെത്തയിൽ സുഖ സുന്ദരമായി ഉറങ്ങി കളിച്ചും ചിരിച്ചും സന്തോഷത്തോടെയാവും കഴിയുക. നിങ്ങളുടെ കുടുംബത്തിന്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമായിരിക്കും. എന്നാൽ ഒരു ഭാര്യക്ക് ഭർത്താവിൽ നിന്നും ലഭിക്കേണ്ടത് പാർട്ടിക്ക് നൽകാൻ കഴിയില്ല. മക്കൾക്ക് ഒരച്ഛനിൽ നിന്നും ലഭിക്കേണ്ട സ്‌നേഹം പാർട്ടിക്ക് നൽകാൻ കഴിയില്ല. മാതാപിതാക്കൾക്ക് മകനിൽ നിന്നും ലഭിക്കേണ്ട കാരുണ്യം പാർട്ടിക്ക് നൽകാനാവില്ല. ഇതൊന്നും നൽകാൻ കഴിയാത്ത പാർട്ടി നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കും എന്ന് പറയുമ്പോൾ ഓർക്കുക- കോടികൾ നിങ്ങളുടെ വീട്ടിൽ പാർട്ടി എത്തിച്ചാലും അതൊന്നും നഷ്ടപ്പെട്ടതിന് പകരമാവില്ല എന്ന്. ജനിച്ചവരെല്ലാം മരിക്കും. ദിവസവും എത്രയോ പേർ മരിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചി ഷിപ്പ്‌യാർഡിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേരാണ് മരിച്ചത്. അതുപോലെ കശ്മീരിൽ ധീരജവാന്മാർ ദിവസവും രക്തസാക്ഷികളാവുന്നു. അതൊക്കെ വീരമൃത്യുകളും അപകട മരണങ്ങളുമാണ്. എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങൾ അതു പോലെയല്ല. ഓരോ കൊലയും അതിഭയാനകമായാണ് നടക്കുന്നത്. പരസ്പരം യാതൊരു പകയുമില്ലാത്തവരെ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ വെട്ടിനുറുക്കുകയാണ്. പച്ച ശരീരത്തിൽ വെട്ടിമുറിവേൽപിക്കുമ്പോൾ ആ സമയം ഉയരുന്ന നിലവിളി കാതിൽ വന്നലക്കുമ്പോൾ മനസ്സ് പതറാതിരിക്കണമെങ്കിൽ അവരുടേത് മനുഷ്യ ഹൃദയം ആവാൻ യാതൊരു സാധ്യതയുമില്ല. ഒന്നുകിൽ കൊന്ന് കൊല വിളിക്കാൻ ഒരു വിഭാഗത്തെ രാഷ്ട്രീയ പാർട്ടികൾ തീറ്റിപ്പോറ്റുന്നുണ്ടാവണം. ഇവർക്ക് എല്ലാവിധ സംരക്ഷണവും പാർട്ടികൾ കൊടുക്കുന്നുണ്ടാവണം. അങ്ങനെ ഉണ്ടെങ്കിൽ അതിൽ നിന്നും പിൻവാങ്ങാത്ത കാലത്തോളം രാഷ്ട്രീയ കൊലപാതകങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. 
ജനാധിപത്യ സംവിധാനത്തിൽ രാഷ്ടീയ പാർട്ടികൾക്ക് ഒട്ടേറെ നന്മകൾ ചെയ്യാനുണ്ട്. രാഷ്ട്ര നിർമ്മാണത്തിന് അണികളെ സജ്ജരാക്കുക എന്നത് തന്നെയാണ് അതിൽ പ്രധാനം. അതിന് പകരം പാർട്ടിയുടെ വളർച്ചക്കും നേതാക്കളുടെ സുരക്ഷക്കും വേണ്ടി അണികളെ ചാവേറാക്കിയാൽ കേരളത്തിലെ വിശിഷ്യാ കണ്ണൂരിലെ അകത്തളങ്ങളിൽ കണ്ണീർപ്പുഴ ഒഴുകിക്കൊണ്ടേയിരിക്കും. അതിനൊരു മാറ്റം വരണമെങ്കിൽ ആർക്ക് വേണ്ടി, എന്തിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത് എന്ന് ചിന്തിക്കാനെങ്കിലും എല്ലാ പാർട്ടിയിലേയും അണികൾ തയ്യാറാവണം. അതു വഴി കണ്ണൂരിന്റെ സ്‌നേഹം പരക്കട്ടെ ഇന്ത്യയൊട്ടാകെ.

വാൽക്കഷ്ണം:
അണി നേതാവിനോട്:  നേതാവേ ഞാനവരുടെ നേതാവിനെപ്പോയി തട്ടട്ടെ?
നേതാവ്:   അത് വേണ്ട.
അണി:   അതെന്താ ! ?
നേതാവ്: നീ അവരുടെ നേതാവിനെ തടയാൽ നാളെ അവർ എന്നെ തട്ടില്ലേ?
 അപ്പോൾ പിന്നെ നിങ്ങളെ നയിക്കാൻ ആരാ ഉണ്ടാവുക. അതുകൊണ്ട് വേണമെങ്കിൽ അവരിലെ ഒരണിയെ തട്ടിക്കോ!! വാട്‌സപ്പിൽ പ്രചരിച്ച ഈ പോസ്റ്റ് കൊല്ലാനും ചാകാനും നടക്കുന്ന എല്ലാ പാർട്ടിയിലേയും അണികൾ ഇടക്കിടെ ഓർക്കുന്നത് നല്ലതായിരിക്കും.

Latest News