Tuesday , February   19, 2019
Tuesday , February   19, 2019

ഏകദിനത്തിലും ഇന്ത്യ ഒന്നാമത്

പോർട്ട് എലിസബത്ത് ഏകദിനം വിജയിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീം.

ചരിത്രം കുറിച്ച് കുൽദീപും ചാഹലും

പോർട്ട് എലിസബത്ത്- അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 73 റൺസിന് തകർത്ത് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ഈ വിജയത്തോടെ കരസ്ഥമാക്കിയ നേട്ടങ്ങൾ പലതാണ്. ഇതാദ്യമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു പരമ്പര വിജയമെന്നതിനുപുറമെ, ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം ടീം ഇന്ത്യ വീണ്ടെടുക്കുകയും ചെയ്തു. 
ആറ് മത്സരങ്ങളുള്ള പരമ്പരയിൽ 4-1 എന്ന വ്യക്തമായ ലീഡ് നേടിയതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. പരമ്പര ആരംഭിക്കുമ്പോൾ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കക്ക് 121 പോയന്റുണ്ടായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 119ഉം. അഞ്ച് മത്സരങ്ങൾ കഴിഞ്ഞതോടെ ഇന്ത്യയുടെ പോയന്റ് 122 ആയപ്പോൾ, ദക്ഷിണാഫ്രിക്ക 118ലേക്ക് താണു.
അഞ്ചാം ഏകദിനത്തിലെ വിജയശിൽപികളായ കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും മറ്റൊരു റെക്കോഡും കുറിച്ചു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന വിദേശ ബൗളർ എന്ന റെക്കോഡാണ് ഇരുവരും ഒരേ മത്സരത്തിൽ കുറിച്ചത്.
1998-99 സീസണിലെ ആറ് മത്സരങ്ങളുള്ള പരമ്പരയിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ വെസ്റ്റിൻഡീസ് സ്പിന്നർ കീത്ത് ആർതർട്ടന്റെ റിക്കാർഡാണ് ഇരുവരും ആദ്യം പിന്നിലാക്കുന്നത്. പിന്നീട് കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന നേട്ടത്തിന് കുൽദീപ് ഉടമയായി. മത്സരത്തിൽ രണ്ട് വിക്കറ്റെടുത്ത ചാഹലാണ് ആദ്യം ആർതർട്ടണെ പിന്നിലാക്കുന്നത്. ഡേവിഡ് മില്ലറെ പുറത്താക്കിയപ്പോൾ അത് പരമ്പരയിൽ ചാഹലിന്റെ പതിമൂന്നാമത് വിക്കറ്റായി. വൈകാതെ നാല് വിക്കറ്റ് പ്രകടനത്തിലൂടെ കുൽദീപ് റെക്കോഡ് 16 ആയി മെച്ചപ്പെടുത്തി.
13 വിക്കറ്റ് വീതം വീഴ്ത്തിയ ഇംഗ്ലണ്ട് പെയ്‌സ് ബൗളർ കബീർ അലി, ഓസ്‌ട്രേലിയയുടെ മിച്ചൽ ജോൺസൻ എന്നിവരുടെ പേരിലായിരുന്നു ഇതുവരെ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മികച്ച വിദേശ ബൗളിംഗ് റെക്കോഡ്.
26 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ക്രിക്കറ്റിലെ ഏതെങ്കിലുമൊരു ഇനത്തിൽ പരമ്പര സ്വന്തമാക്കുന്നത്. 2006ൽ പര്യടത്തിൽ നടന്ന ഏക ട്വന്റ20 യിലെ വിജയം മാത്രമായിരുന്നു ഒരു അപവാദം. മുഹമ്മദ് അസ്ഹറുദ്ദീനും, സചിൻ ടെണ്ടുൽക്കർക്കും, സൗരവ് ഗാംഗുലിക്കും, രാഹുൽ ദ്രാവിഡിനും, മഹേന്ദ്ര ധോണിക്കും കഴിയാത്തതാണ് വിരാട് കോഹ്‌ലി നേടിയിരിക്കുന്നത്. 1992ൽ അസ്ഹറുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ ദക്ഷിണാഫ്രിക്കൻ പര്യടനം.

കരുത്തരായ ഇന്ത്യൻ ടീം ഞങ്ങളെ തുറന്നുകാട്ടി -ദക്ഷിണാഫ്രിക്കൻ കോച്ച്

പോർട്ട് എലിസബത്ത്- കരുത്തരായ ഇന്ത്യൻ ടീം ഞങ്ങളെ തുറന്നുകാട്ടുകയായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കൻ കോച്ച് ഓട്ടിസ് ഗിബ്‌സൺ. അഞ്ചാം ഏകദിനത്തിൽ 73 റൺസ് വിജയത്തോടെ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഗിബ്‌സന്റെ പ്രതികരണം. 
ഏറ്റവും മികച്ച മൂന്ന് ബാറ്റ്‌സ്മാൻമാർ ഇല്ലാതായാൽ ഏത് ടീമും ഒന്നു പതറും. അത് കരുത്തരായ ഇന്ത്യൻ ടീമിനെതിരെ ആയതോടെ ഞങ്ങളെ അവർ തുറന്നുകാട്ടി. ഒഴിവുകഴിവുകൾ പറയാൻ നിൽക്കാതെ പരമാവധി പരിശ്രമിക്കാനാണ് താൻ കളിക്കാരോട് പറഞ്ഞതെന്നും പ്രോട്ടീസ് കോച്ച് തുടർന്നു.
ഇന്ത്യക്കെതിരായ തോൽവിയിൽ നമുക്ക് ധാരാളം ന്യായീകരണങ്ങളുണ്ട്. പക്ഷെ അതും പറഞ്ഞ് സ്വയം ചെറുതാവാതെ, മുന്നോട്ട് പോകുന്നതിന് എന്തൊക്കെ ചെയ്യണമെന്ന് ചിന്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ധവാനെതിരെ ആംഗ്യം കാണിച്ച റബാഡക്ക് പിഴ

ദുബായ്- അഞ്ചാം ഏകദിനത്തിൽ ശിഖർ ധവാനെതിരെ പ്രകോപനപരമായ ആംഗ്യം കാണിച്ച ദക്ഷിണാഫ്രിക്കൻ പെയ്‌സ് ബൗളർ കാഗിസോ റബാഡക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മാച്ച് ഫീസിന്റെ 15 ശതമാനം പിഴ ചുമത്തി. ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 പ്രകാരം കുറ്റം കണ്ടെത്തിയതിനെ തുടർന്ന് റബാഡക്ക് ഒരു ന്യൂനതാ പോയന്റും നൽകിയതായി ഐ.സി.സി പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ എട്ടാം ഓവറിലായിരുന്നു സംഭവം. പുറത്തായ ധവാനെ ചൂണ്ടി പ്രകോപനപരമായ ആംഗ്യം കാണിച്ച റബാഡ മോശം കമന്റും പാസാക്കി. ഇതോടെ ധവാൻ തിരിഞ്ഞുനിന്നെങ്കിലും അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. സംഭവത്തിൽ ഫീൽഡ് അമ്പയർമാരായ ഇയാൻ ഗൗൾഡ്, ഷോൺ ജോർജ്, മൂന്നാം അമ്പയർ അലീം ദർ, നാലാം അമ്പയർ ബോങ്കാലി ജെലെ എന്നിവർ റബാഡ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആൻഡി പൈക്രോഫ്റ്റിന്റെ നേതൃത്വത്തിനുള്ള അമ്പയർ പാനൽ മുമ്പാകെ റബാഡ കുറ്റം സമ്മതിക്കുകയും ചെയ്തു. 

Latest News