Thursday , February   22, 2018
Thursday , February   22, 2018

'ഒന്നാണ് നമ്മൾ' വിളികൾക്കിടയിലും ഐക്യ കൊറിയൻ ടീമിന് തോൽവി

ശൈത്യകാല ഒളിംപിക്‌സിൽ കൊറിയ ജപ്പാൻ ഐസ് ഹോക്കി മത്സരം നടക്കുമ്പോൾ ഗാലറിയിൽ ഐക്യ കൊറിയയുടെ ഭൂപടവുമായി വടക്കൻ കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനോട് രൂപസാദൃശ്യമുള്ള യുവാവ്.

ഗാങ്‌ന്യൂങ്- ഒറ്റക്കെട്ടായി പൊരുതിയിട്ടും, കൊറിയൻ ജനതയുടെ കലവറയില്ലാത്ത പിന്തുണയുണ്ടായിട്ടും ശൈത്യകാല ഒളിംപിക്‌സിൽ ഏകീകൃത കൊറിയൻ വനിതാ ടീമിന് ഐസ് ഹോക്കിയിൽ വീണ്ടും തോൽവി. ജപ്പാൻ 4-1നാണ് നിർണായക മത്സരത്തിൽ അവരെ തോൽപ്പിച്ചത്. ഇതോടെ ടൂർണമെന്റിൽനിന്ന് കൊറിയ പുറത്തായി.
എങ്കിലും ഇതാദ്യമായി ഒരു ഗോളടിക്കാൻ കഴിഞ്ഞത് ടീമിന് കലവറയില്ലാത്ത പിന്തുണ നൽകിയ കൊറിയൻ കാണികൾക്ക് ആശ്വാസമായി. കൊറിയൻ മാതാപിതാക്കൾക്ക് ജനിച്ച അമേരിക്കക്കാരിയായ റാൻഡി ഗ്രിഫിനായിരുന്നു സ്‌കോറർ. 
കഴിഞ്ഞ മത്സരങ്ങളിൽ സ്വിറ്റ്‌സർലന്റിനോടും സ്വീഡനോടും എട്ട് ഗോൾ വീതം വഴങ്ങിയാണ് കൊറിയ തോറ്റത്. ജപ്പാനെതിരായ തോൽവി താരതമ്യേനെ ചെറിയ മാർജിനായിരുന്നു. മത്സരത്തിന്റെ ആദ്യന്തം നാട്ടുകാരായ കാണികൾ ഒന്നാണ് നമ്മൾ എന്ന് ആർത്തുവിളിച്ച് കൊറിയൻ വനിതാ ടീമിന് പിന്തുണ നൽകി. ഇതാദ്യമായാണ് ഒരു അന്തർദേശീയ ടൂർണമെന്റിൽ ഇരു കൊറികളും സംയുക്തമായി ടീമിനെ ഇറക്കുന്നത്. ടീമിനെ പ്രോൽസാഹിപ്പിക്കാൻ വടക്കൻ കൊറിയയിൽനിന്ന് ചീയർലീഡർമാരും ഉണ്ടായിരുന്നു. കാണികൾക്കിടയിൽ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ രൂപസാദൃശ്യമുള്ള ഒരാളുമുണ്ടായിരുന്നത് കൗതുകമായി. ഓസ്‌ട്രേലിയക്കാരനായ ഹോവാർഡ് ആണ് താനെന്നാണ് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞത്. 

Latest News