Wednesday , August   22, 2018
Wednesday , August   22, 2018

സിറ്റിക്ക് നാല് ഗോൾ ജയം ലീഡ് കളഞ്ഞുകുളിച്ച് യൂവ്

മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി രണ്ട് ഗോൾ നേടിയ ഐകേ ഗുണ്ടോഗൻ ടാക്ലിംഗ് ഒഴിവാക്കാനായ ബാസൽ ഡിഫന്റർക്കുമുകളിലൂടെ ചാടുന്നു.

ബാസൽ (സ്വിറ്റ്‌സർലന്റ്)- എതിരാളികളുടെ ഗ്രൗണ്ടിൽ ഗോളുകളുടെ ഇടിമുഴക്കം സൃഷ്ടിച്ച് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഉറപ്പിച്ചു. സ്വിറ്റ്‌സർലന്റിലെ ബാസലിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തുകൊണ്ടായിരുന്നു പെപ് ഗ്വാഡിയോളയുടെ സംഘത്തിന്റെ കുതിപ്പ്. ജർമൻ താരം ഐകേ ഗുണ്ടോഗൻ രണ്ട് ഗോളടിച്ചപ്പോൾ, സെർജിയോ അഗ്യൂറോയും, ബെർണാഡോ സിൽവയും ഓരോ ഗോൾ നേടി.
എന്നാൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ യൂവെന്റസ് സ്വന്തം ഗ്രൗണ്ടിൽ നിർണായക നേടാനുള്ള അവസരം കളഞ്ഞുകുളിച്ചു. ടൂറിനിലെ അലയൻസ് അരീനയിൽ രണ്ട് ഗോളിന് മുന്നിലെത്തിയ യൂവിനെ ഇംഗ്ലണ്ടിലെ ടോട്ടനം 2-2ന് തളച്ചു.
23ാം മിനിറ്റിൽതന്നെ 3-0 ലീഡ് നേടി ബാസലിനെ ഞെട്ടിച്ച മാഞ്ചസ്റ്റർ സിറ്റി എതിരാളികളെ ഒരിക്കൽ പോലും തല പൊക്കാൻ സമ്മതിച്ചില്ല. ഒമ്പത് മിനിറ്റിനിടയിലായിരുന്നു ആദ്യത്തെ മൂന്ന് ഗോളുകളും. കെവിൻ ഡിബ്രൂയിന്റെ പാസൽനിന്ന് ഹെഡറിലൂടെ ഗുണ്ടോഗനാണ് ആദ്യം വല ചലിപ്പിക്കുന്നത്. അധികം വൈകാതെ ഒന്നാന്തരം വോളിയിലൂടെ സിൽവ ലീഡ് ഉയർത്തിയപ്പോൾ, ബാസൽ പ്രതിരോധം നടുങ്ങിപ്പോയ ലോംഗ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു അഗ്യൂറോയുടെ ഗോൾ. ഈ വർഷം 11 കളികളിൽ അർജന്റീന സ്‌ട്രൈക്കറുടെ 14ാമത് ഗോളാണിത്. രണ്ടാം പകുതിയിൽ രണ്ടാം ഗോൾ നേടി ലീഡ് 4-0 ആയി ഉയർത്തിയ ഗുണ്ടോഗന് ഹാട്രിക് ലഭിക്കാതെ പോയത് ബാസൽ ഗോളി തോമസ് വാക്ലിച്ചിന്റെ മികവുകൊണ്ടാണ്.
ഒന്നാം പാദമായ എവേ മത്സരത്തിൽ വൻ വിജയം നേടിയതോടെ മാർച്ച് ഏഴിന് സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദം സിറ്റിക്ക് കാര്യങ്ങൾ എളുപ്പമാവും. എവേ മത്സരത്തിലെ 4-0 വിജയം കാര്യങ്ങൾ എളുപ്പമാക്കിയെന്നും, എങ്കിലും തങ്ങൾ ക്വാർട്ടറിൽ കടന്നുവെന്ന് പറയാറായിട്ടില്ലെന്നും സിറ്റി കോച്ച് ഗ്വാഡിയോള പറഞ്ഞു.
ടൂറിനിൽ കളി തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഗോൺസാലോ ഹിഗൈ്വൻ നേടിയ ഇരട്ട ഗോളുകൾക്ക് മുന്നിലായശേഷം അതിശയകരമാംവിധം യൂവെന്റസ് സമനില വഴങ്ങിയത്. ഹാരി കെയ്‌നും, ക്രിസ്റ്റ്യൻ എറിക്‌സണുമായിരുന്നു ടോട്ടനമിന്റെ സ്‌കോറർമാർ. 
73ാം സെക്കന്റിലായിരുന്നു ഹിഗൈ്വന്റെ ആദ്യ ഗോൾ. എട്ട് മിനിറ്റിനുള്ളിൽ പെനാൽറ്റി കിക്കിലൂടെ അർജന്റീന താരം ലീഡുയർത്തി. പിന്നീട് രണ്ട് മികച്ച അവസരങ്ങൾ 30 കാരൻ പാഴാക്കിയതിന് കനത്ത വില നൽകേണ്ടിവന്നു. 35ാം മിനിറ്റിലായിരുന്നു കെയ്‌നിന്റെ ഗോൾ. ഏഴുപതാം മിനിറ്റിൽ എറിസ്‌കൺ ടോട്ടനമിന് സമനില നേടിക്കൊടുത്തു. ലീഡ് നേടാനുള്ള സുവർണാവസരം കൈമോശം വന്നതോടെ ലണ്ടനിൽ നടക്കുന്ന രണ്ടാം പാദം കടുപ്പമേറിയതായിരിക്കുമെന്ന് യൂവെന്റസ് കോച്ച് മാസ്സിമിലിയാനോ അലെഗ്രി പറഞ്ഞു.