Sunday , June   24, 2018
Sunday , June   24, 2018

ശുഹൈബ് വധം: മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല

സത്യഗ്രഹ പന്തലിൽ രമേശ് ചെന്നിത്തല സതീശൻ പാച്ചേനിയെ ഹാരാർപ്പണം നടത്തുന്നു. 

കണ്ണൂർ - മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ, ആഭ്യന്തര വകുപ്പു കൈയയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 
കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമര പന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സി.പി.എമ്മിന്റെ രക്തദാഹത്തിന് അറുതി വന്നില്ല എന്നതിന്റെ ഉദാഹരണമാണ് ശുഐബിന്റെ കൊലപാതകം. അതിനിഷ്ഠുരമായാണ് ഈ കൃത്യം നടത്തിയത്. കൊലപാതകത്തിനു വഴിവെക്കാവുന്ന ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. കുപ്രസിദ്ധമായ രാഷ്ട്രീയ കൊലപാതകങ്ങളിൽ പങ്കാളികളായി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയവരടക്കം ഈ കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പാവപ്പെട്ടവന്റെ രക്തം ഊറ്റിക്കുടിക്കുന്ന പാർട്ടിയായി സി.പി.എം മാറിയിരിക്കുന്നു. കൊല ചെയ്യപ്പെടാൻ മാത്രം എന്തു തെറ്റാണ് ഈ ചെറുപ്പക്കാരൻ ചെയ്തത്. താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിക്കു വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചതാണോ തെറ്റ്. ഈ നിഷ്ഠുര കൊലപാതകത്തിന് മുഖ്യമന്ത്രി മറുപടി നൽകണം -ചെന്നിത്തല ആവശ്യപ്പെട്ടു. 
പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം, തുടർച്ചയായി 21 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഭൂരിഭാഗം സംഭവങ്ങളിലും സി.പി.എമ്മാണ് പ്രതിസ്ഥാനത്ത്. നിയമ വാഴ്ചയിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി. മനഃസാക്ഷി മരവിച്ച മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഇത്ര ദാരുണവും മൃഗീയവുമായ ഒരു സംഭവം നടന്നിട്ടും ഒരു അനുശോചനം രേഖപ്പെടുത്താനുള്ള മനഃസാക്ഷി പോലും ഇദ്ദേഹത്തിനില്ലാതെ പോയി. ഒരാഴ്ചയായി കൊലയാളി സംഘം  ശുഹൈബിനെ പിന്തുടർന്നിരുന്നതായാണ് വിവരം. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളെ ആരെയും പിടികിട്ടിയില്ലെന്നാണ് ജില്ലാ പോലീസ് മേധാവി പറയുന്നത്. ഡ്യൂപ്ലിക്കേറ്റ് പ്രതികളെ സജ്ജരാക്കിയ ശേഷം മാത്രമേ പോലീസ് മറ്റു വിവരങ്ങൾ പുറത്തു വിടുകയുള്ളൂ. ഈ കേസിൽ സാധാരണ നിലയിൽ നടക്കേണ്ട അന്വേഷണം പോലും നടന്നിട്ടില്ല. മൂന്നു തവണ ബോംബെറിഞ്ഞ ശേഷമാണ് കൃത്യം നടത്തിയത്. എന്നിട്ടും യു.എ.പി.എ ചുമത്താൻ പോലീസ് തയ്യാറാവുന്നില്ല. കോൺഗ്രസിനെ ആക്രമിച്ചു ഇല്ലാതാക്കാമെന്നാണ് സി.പി.എം കരുതുന്നതെങ്കിൽ തെറ്റി. ഇപ്പോൾ ഗാന്ധിയൻ സമര മുറയാണ് നടത്തുന്നത്. ഇത് മാറ്റാൻ ഇപ്പോൾ ഉദ്ദേശിച്ചിട്ടില്ല. എന്നാൽ പ്രകോപനം തുടരുകയാണെങ്കിൽ മറ്റു വഴികൾ തേടേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പു നൽകി.