Tuesday , February   19, 2019
Tuesday , February   19, 2019

89 ലക്ഷത്തിന്റെ കുഴൽപണവുമായി  രണ്ട് യുവാക്കൾ പിടിയിൽ

മഞ്ചേരിയിൽ പോലീസ് പിടിച്ചെടുത്ത കുഴൽപണം.

മഞ്ചേരി- കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കുഴൽപണവുമായി രണ്ട് പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി മുക്കം നൂർ മഹലിൽ പി.പി.ഷാനവാസ് (44), കൊടുവള്ളി എളേറ്റിൽ കണ്ണിട്ടമാക്കൽ തോന്നിക്കണ്ടി മുഹമ്മദ് മസ്ഹൂദ് (19) എന്നിവരെയാണ് മഞ്ചേരി എസ്.ഐ റിയാസ് ചാക്കീരിയും സംഘവും പിടികൂടിയത്. 
ഇന്നലെ രാവിലെ ഏഴരക്ക് മഞ്ചേരി-പയ്യനാട് റോഡിൽ വെച്ചാണ് അറസ്റ്റ്. കാറിൽ പണവുമായി വരികയായിരുന്ന പ്രതികളെ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിൽ കാറിന്റെ ബോണറ്റിനടിയിൽ എട്ട് പാക്കറ്റുകളിലും ഒരു പ്ലാസ്റ്റിക് കവറിലുമായി സൂക്ഷിച്ച 89,50,100 രൂപ കണ്ടെടുക്കുകയായിരുന്നു. 
പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകളില്ലാത്തതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും കുഴൽപണമിടപാട് നടത്തുന്ന വൻ ശൃഖലയിലെ കണ്ണിയാണ് പിടിയിലായതെന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, സിഐ എൻ.ബി.ഷൈജു എന്നിവർ പറഞ്ഞു. എസ്.ഐ റിയാസ് ചാക്കീരി, എഎസ്‌ഐമാരായ സുരേഷ്, പ്രദീപ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ വിജയകുമാർ, സുരേഷ്ബാബു, അംബികാകുമാരി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. 

Latest News