Tuesday , May   22, 2018
Tuesday , May   22, 2018

പൊടിക്കാറ്റ്: ആയിരത്തിലേറെ പേർ ആശുപത്രികളിൽ ചികിത്സ തേടി

റിയാദ്- റിയാദ് പ്രവിശ്യയിൽ വീശിയടിച്ച പൊടിക്കാറ്റു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാൽ 1122 പേർ ആശുപത്രികളിൽ ചികിത്സ തേടിയതായി റിയാദ് ആരോഗ്യ വകുപ്പ് അറിയിച്ചു. ആസ്ത്മ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരെ സ്വീകരിക്കുന്നതിന് റിയാദിലെ ആശുപത്രികൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയെത്തിയത്. 325 പേർ ഇവിടെ എത്തി. കിംഗ് സൗദ് ചെസ്റ്റ് ആശുപത്രിയിൽ 135 പേരും നഫി ആശുപത്രിയിൽ 104 പേരും അൽഖാസിറ ആശുപത്രിയിൽ 46 പേരും ഹോത്ത സുദൈർ ആശുപത്രിയിൽ 30 പേരും അൽഈമാൻ ജനറൽ ആശുപത്രിയിൽ 62 പേരും ഇമാം അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രിയിൽ 75 പേരും അഫീഫ് ആശുപത്രിയിൽ 42 പേരും ദലം പ്രിൻസ് സൽമാൻ ബിൻ മുഹമ്മദ് ആശുപത്രിയിൽ 16 പേരും ശഖ്‌റാ ആശുപത്രിയിൽ 62 പേരും ഹോത്ത ബനീതമീം ആശുപത്രിയിൽ 25 പേരും സാജിർ ആശുപത്രിയിൽ 18 പേരും അർതാവിയ ആശുപത്രിയിൽ 42 പേരും മജ്മ കിംഗ് ഖാലിദ് ആശുപത്രിയിൽ 30 പേരും കിംഗ് സൽമാൻ ആശുപത്രിയിൽ 105 പേരും വാദി ദവാസിർ ആശുപത്രിയിൽ അഞ്ചു പേരും ഇരുപത്തിനാലു മണിക്കൂറിനിടെ പൊടിക്കാറ്റു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി ചികിത്സ തേടി. 
പൊടിക്കാറ്റു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സ നൽകുന്നതിന് എല്ലാ പ്രവിശ്യകളിലെയും ആശുപത്രികൾ സുസജ്ജത ഉയർത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാതിലുകളും ജനലുകളും നന്നായി അടച്ചിടണമെന്നും പുറത്തിറങ്ങുന്നവർ മാസ്‌കുകൾ ധരിക്കണമെന്നും മാസ്‌കുകൾ ഇടക്കിടെ മാറ്റണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. 

പൊടിക്കാറ്റു മൂലമുള്ള അസുഖങ്ങളുമായി രണ്ടു ദിവസത്തിനിടെ അൽഹസയിലെ ആശുപത്രികളിൽ 400 ലേറെ പേർ എത്തിയതായി അൽഹസ ആരോഗ്യ വകുപ്പ് വക്താവ് അബ്ദുറഹ്മാൻ അൽ സദ്‌റാനി പറഞ്ഞു. മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിൽ 300 പേരും ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിൽ 113 പേും മറ്റു ആശുപത്രികളിൽ രണ്ടു മുതൽ ഏഴു വരെ പേരും ചികിത്സ തേടി. ഇവരിൽ ഏതാനും പേരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു. അവശേഷിക്കുന്നവർ പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രികൾ വിട്ടതായും അബ്ദുറഹ്മാൻ അൽ സദ്‌റാനി പറഞ്ഞു. 
പൊടിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് റിയാദിൽ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. റുമാഹ്, ഥാദഖ്, മുസാഹ്മിയ, ഹുറൈമില, ദർഇയ, ദർമാ, അൽഖർജ്, അഫീഫ്, അൽഹരീഖ്, ഹോത്ത ബനീതമീം, ശഖ്‌റാ, ദരിയ, സുൽഫി, ഹഫർ അൽബാത്തിൻ എന്നിവിടങ്ങളിലും സ്‌കൂളുകൾക്ക് അവധി നൽകി. പല സ്ഥലങ്ങളിലും വിദ്യാലയങ്ങൾക്ക് അവധി നൽകുന്ന തീരുമാനം ഏറെ വൈകിയാണ് വിദ്യാഭ്യാസ വകുപ്പുകൾ പ്രഖ്യാപിച്ചത്. ഇത് അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും വിദ്യാർഥികൾക്കും പ്രയാസം സൃഷ്ടിച്ചു. മദീനയിലും ഇന്നലെ രാവിലെ പൊടിക്കാറ്റ് അനുഭവപ്പെട്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നില്ല. പൊടിക്കാറ്റു മൂലം ഇന്നലെ ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖം അടച്ചിട്ടു. 

Latest News