Tuesday , February   19, 2019
Tuesday , February   19, 2019

ജിദ്ദയിൽ ഷോപ്പിംഗ് മാളുകളിൽ സൗദിവൽക്കരണം ഊർജിതമാക്കുന്നതിന് തീരുമാനം

ബിനാമി ബിസിനസുകൾ ശക്തമായി ചെറുക്കണമെന്ന് ജിദ്ദ ഗവർണർ

ജിദ്ദ - സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ബിനാമി ബിസിനസ് പ്രവണത ശക്തമായി ചെറുക്കണമെന്ന് ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ ജിദ്ദ സൗദിവൽക്കരണ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ വിപണിയിൽ സൗദികളുടെ പങ്കാളിത്തം ഉയർത്തുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ ഗവർണർ നിർദേശിച്ചു. 
സൗദിവൽക്കരണ ശ്രമങ്ങൾ ഫലപ്രദവും വിജയകരവുമാക്കി മാറ്റുന്നതിന് ബന്ധപ്പെട്ട ഗവൺമെന്റ് വകുപ്പുകൾ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കണം. സൗദിവൽക്കരണ പദ്ധതികൾ ശക്തമായി നടപ്പാക്കണം. ബിനാമി ബിസിനസുകൾ നടത്തുന്നവരെ കണ്ടെത്തി ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണം. സാമ്പത്തിക, സുരക്ഷാ, സാമൂഹിക മേഖലകളിൽ ബിനാമി ബിസിനസുകൾ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. 
ജിദ്ദയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ബന്ധപ്പെട്ട ഗവൺമെന്റ് വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് കഴിഞ്ഞ വർഷം സൗദിവൽക്കരണ കമ്മിറ്റി നടത്തിയ ശ്രമങ്ങളുടെ ഫലം യോഗത്തിൽ ഗവർണർ വിലയിരുത്തി. സൗദിവൽക്കരണ ലക്ഷ്യങ്ങൾ നേടുന്നതിൽ ഷോപ്പിംഗ് മാൾ ഉടമകൾക്കുള്ള പങ്ക് പ്രത്യേകം ഉണർത്തുന്നതിന് മാൾ ഉടമകളുമായി സൗദിവൽക്കരണ കമ്മിറ്റി വൈകാതെ കൂടിക്കാഴ്ച നടത്തും. 
സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിന് മാൾ ഉടമകളെ പ്രേരിപ്പിക്കും. ഷോപ്പിംഗ് മാളുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ ആഗ്രഹിക്കുന്ന സൗദി യുവതീയുവാക്കളെ സ്വീകരിക്കുന്നതിന് ജിദ്ദയിലെ പ്രധാന ഷോപ്പിംഗ് മാളുകളിൽ സൗദിവൽക്കരണ കമ്മിറ്റി ഓഫീസുകൾ തുറക്കും. ജിദ്ദയിൽ മാളുകളിൽ സൗദിവൽക്കരണം ഊർജിതമാക്കുന്നതിനും സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തുന്ന തൊഴിലുകൾ വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ലേബർ ഓഫീസ് മേൽനോട്ടം വഹിക്കും. വിദേശികൾക്കു പകരം നിയമിക്കുന്നതിന് സൗദി യുവാക്കൾക്ക് പരിശീലന പദ്ധതികൾ നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. 

Tags

Latest News