Sunday , November   18, 2018
Sunday , November   18, 2018

ബിറ്റ്‌കോയിൻ ഇടപാടിൽ തട്ടിപ്പിന് ശ്രമം; ഇരുപതു ലക്ഷം വീണ്ടെടുത്തു 

ദുബായ് - രണ്ടംഗ ഏഷ്യൻ സംഘത്തിന്റെ തട്ടിപ്പ് ശ്രമം ഷാർജ പോലീസ് പരാജയപ്പെടുത്തി. മറ്റൊരു ഏഷ്യൻ വംശജന്റെ പക്കൽനിന്ന് ഇവർ തട്ടിയെടുത്ത ഇരുപതു ലക്ഷത്തിലേറെ ദിർഹം പോലീസ് വീണ്ടെടുത്തു. പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി വിദേശത്താണ്. ബിറ്റ്‌കോയിൻ ഇടപാടിന്റെ പേരിലാണ് ഏഷ്യൻ വംശജന്റെ പക്കൽ നിന്ന് രണ്ടംഗ സംഘം വൻതുക തട്ടിയെടുത്തത്. നേരത്തെ ബിറ്റ്‌കോയിൻ ഇടപാടുകൾ നടത്തിയതിലൂടെ പരാതിക്കാരന് ലാഭം ലഭിച്ചിരുന്നു. ഇത് ഇത്തരം ഇടപാടുകൾ തുടരുന്നതിന് പരാതിക്കാരന് പ്രചോദനമായി. ബിറ്റ്‌കോയിൻ ക്രയവിക്രയ മേഖലയിൽ പ്രവർത്തിക്കുന്ന ഏഷ്യൻ വംശജനെ ഇന്റർനെറ്റിലൂടെയാണ് പരാതിക്കാരൻ പരിചയപ്പെട്ടത്. ഇരുപത്തിയഞ്ചു ലക്ഷം ദിർഹമിന്റെ ബിറ്റ്‌കോയിൻ ഇടപാടിന് ഇരുവരും ധാരണയിലെത്തി. 
ഷാർജയിലുള്ള ഏഷ്യൻ വംശജന് പണം കൈമാറുന്നതിന് വിദേശത്തുള്ള പ്രതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഷാർജയിൽ ഷോപ്പിംഗ് മാളിലെ കോഫി ഷോപ്പിൽ രണ്ടാം പ്രതിക്ക് ഏഷ്യൻ വംശജൻ പണം കൈമാറി. ധാരണ പ്രകാരം പണം കൈമാറിയാലുടൻ ബിറ്റ്‌കോയിൻ ഏഷ്യൻ വംശജന്റെ അക്കൗണ്ടിലേക്ക് മാറ്റുമെന്നാണ് സംഘം അറിയിച്ചിരുന്നത്. പണം സ്വീകരിച്ച രണ്ടാം പ്രതി ലാപ്‌ടോപ് ഉപയോഗിച്ച് ബിറ്റ്‌കോയിൻ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതായി അഭിനയിച്ചു.
നെറ്റ്‌വർക്ക് കവറേജ് ദുർബലമായതിനാൽ ബിറ്റ്‌കോയിൻ മാറ്റുന്നതിന് സാധിച്ചിട്ടില്ലെന്നും ഭാര്യയുമായി ഫോണിൽ സംസാരിച്ചുകഴിഞ്ഞ ശേഷം ബിറ്റ്‌കോയിൻ മാറ്റുന്നതിന് വീണ്ടും ശ്രമിക്കാമെന്നും പറഞ്ഞ രണ്ടാം പ്രതി പിന്നീട് ഭാര്യയുമായി സംസാരിക്കാനെന്ന വ്യാജേന പുറത്തിറങ്ങി പണവുമായി കടന്നുകളയുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് വ്യക്തമായതോടെയാണ് ഏഷ്യൻ വംശജൻ ഷാർജ പോലീസിൽ പരാതിപ്പെട്ടത്. 
 

Latest News