Monday , March   18, 2019
Monday , March   18, 2019

കവിതയും കണ്ണടയും കറുത്ത സ്റ്റിക്കറും


ഇത് കവിയരങ്ങുകളുടെ കാലം. തലസ്ഥാനത്ത് തന്മൂലം പൂർവനില. പണ്ട് മെയിൻ റോഡിലൂടെ നടന്നാൽ ഒരു കവിയെയെങ്കിലും മുട്ടാതെ കടന്നുപോകാൻ കഴിയില്ലായിരുന്നു. മൂന്നു നാലുപേർ കൂടി നിൽക്കുന്നത് കണ്ടാൽ അതിലൊരുവൻ കവിയായിരിക്കും. എവിടെയും കവി സമ്മേളനങ്ങൾ. രാഷ്ട്രീയ പാർട്ടി സംഘടനകൾക്ക് സ്വന്തം ആസ്ഥാന കവികൾ. മൺമറഞ്ഞ കവികളുടെ രചനകൾ വേണ്ടുവോളമുള്ളതിനാൽ മോഷണത്തിന് യാതൊരു പഞ്ഞവുമില്ല. ആത്മാക്കൾ കേസിനു പോകുകയുമില്ല. കാവ്യസുന്ദരമായ ഈ കാലഘട്ടത്തിൽ ഒരു ഭരണകർത്താവിനും കവിതാപ്രേമമുണ്ടാകാം. ജി. സുധാകരൻ ജന്മനാ കവിയാണ്. അദ്ദേഹവുമായി പൊതുമരാമത്ത് റസ്റ്റു ഹൗസിലെത്താൻ ചില ജംഗമവസ്തുക്കൾ മാറ്റിയതിന്റെ പേരിൽ ലേശം കലിപ്പുള്ള ധനമന്ത്രി കഴിഞ്ഞ തവണ ഒ.എൻ.വി കവിതയെയാണ് കൈകാര്യം ചെയ്തത്. ഇക്കുറി ബജറ്റ് അവതരിപ്പിച്ചപ്പോൾ സുഗതകുമാരിയെ കൂട്ടുപിടിച്ചു. ശതാഭിഷേകം കഴിഞ്ഞ പാവം കവയിത്രി ചാടി വീണു പ്രതികരിക്കാൻ പറ്റിയ ആരോഗ്യവതിയല്ല. സ്ഥിതിവിവരക്കണക്കനുസരിച്ച് ഒന്നര ഡസൻ കവികളെയെങ്കിലും ധനമന്ത്രി ബജറ്റ് വേളയിൽ കൈകാര്യം ചെയ്തു. ഇനി ചർച്ചാവേളയിൽ ഏതൊക്കെ കവികളെയാണ് കഷ്ടകാലം പിടികൂടുക എന്നറിയില്ല. ഏതായാലും ജനത്തിന് അരി, ഗോതമ്പ്, ചുവന്ന മുളക്, സവാള  മുതലായവ പോലെ അത്യന്താപേക്ഷിതമായ ഒരിനമാകയാൽ, കവിത ചേർത്ത ബജറ്റവതരണത്തെ ആരും കുറ്റപ്പെടുത്തുകയില്ല. 
പകരം വീട്ടാൻ നല്ല കവിതകളൊന്നും വശമില്ലാത്തതിനാൽ പ്രതിപക്ഷം മിണ്ടുകയുമില്ല. തേയിലക്കോ, ആന്ധാ അരിക്കോ വില കൂടുന്നുണ്ടെങ്കിൽ അതിന്റെ കഥ കഴിക്കാൻ പുത്തൻ കവിത തന്നെ മതിയാകുമെന്ന ഒരു തത്ത്വം ധനതത്ത്വശാസ്ത്രജ്ഞനായ മന്ത്രി കണ്ടെത്തിയെങ്കിൽ നന്ന്. മറ്റു ക്രൂര പ്രവൃത്തികളൊക്കെ ഒഴിവാക്കാമല്ലോ. ഇതിനിടെ ആരോ മന്ത്രിയുടെ സായാഹ്ന യാത്രകളെക്കുറിച്ചുള്ള സംശയം പ്രകടിപ്പിച്ചുവെന്നു കേൾക്കുന്നു. അദ്ദേഹം വേഷം മാറി തോർത്തുംമൂടി തിരുവന്തോരം കവിതാ സദസ്സുകളുടെ ലാസ്റ്റ് ബെഞ്ചിൽ ചെന്നുകൂനിക്കൂടി ഇരിക്കാറുണ്ടത്രേ! അങ്ങനെയാണ് സംഗതി പകർത്തിയത്! അടുത്ത ബജറ്റ് അവതരിപ്പിക്കാൻ ഭാഗ്യമുണ്ടായാൽ അദ്ദേഹം കർണാടക സംഗീതത്തിലെ വല്ല ചരണങ്ങളും കൊത്തിപ്പെറുക്കിയെടുത്ത് അവതരിപ്പിക്കുമോ എന്ന സംശയത്തിലാണ് ഭരണ-പ്രതിപക്ഷങ്ങൾ ഒന്നാകെ. രണ്ടുകൂട്ടർക്കും അതൊന്നും വലിയ പിടിയില്ല. ഒരു കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. മറ്റൊരു ആലപ്പുഴ മന്ത്രിയായ സുധാകരൻജിയെ ഒന്നിരുത്താനെങ്കിലും ധനമന്ത്രി കവിത എഴുതിയെന്നും വരാം. ഓ, ഒരു കവി കൂടി ഉണ്ടായിട്ട് പ്രത്യേക ദ്രോഹമൊന്നും ഉണ്ടാകാനില്ല. അതേസമയം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാലക്ക് സർക്കാർ ഖജനാവിൽനിന്ന് നൽകിയ ഒരു ലക്ഷത്തി ഇരുപതിനായിരത്തിന്റെ ബില്ല് ഇപ്പോൾ പ്രതിപക്ഷത്തെ ബുദ്ധിശൂന്യമാരും നവമാധ്യമങ്ങളും ആഘോഷിക്കുന്നതും കാണാനുണ്ട്. അജ്ഞത അല്ലെങ്കിൽ അസൂയ! പാർലമെന്ററി വ്യാമോഹങ്ങളിൽ നിന്നും ആയുർവേദ ചികിത്സയെ ഒഴിവാക്കിയാൽ പ്രശ്‌നം തീർന്നു. അടുത്ത പാർട്ടി സമ്മേളനത്തിന്റെ ചർച്ചക്ക് വയ്ക്കാൻ പറ്റിയ വിഷയം.

 

****                      ****                  **** 

എന്റെ കുതിപ്പും കിതപ്പും എന്ന ഫാദർ വടക്കന്റെ പുസ്തകത്തിന്റെ പേര് ഓർമവരും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിന്റെ ബദ്ധപ്പാടു കണ്ടാൽ. എൽ.ഡി.എഫിന്റെ സ്ഥാനാർഥി പട്ടികയിൽ നേരത്തെ പെൻസിൽ കൊണ്ട് എഴുതിയിരുന്ന മഞ്ജു വാര്യരുടെ പേര് മായ്ച്ചുകളഞ്ഞു. പാർട്ടിക്കകത്തുതന്നെ സുന്ദരിമാരുള്ളപ്പോൾ സിനിമാ നടികളെന്തിനാണ് എന്ന കാലിക പ്രസക്തിയുള്ള ചോദ്യം അവൈലബിൾ പി.ബി രഹസ്യയോഗം ചേർന്നു ചർച്ച ചെയ്‌തോ എന്നു വ്യക്തമല്ല.
 ഏതായാലും സി.എസ്. സുജാതയുടെ പേരാണ് ഇപ്പോൾ കേൾക്കുന്നത്. മഞ്ജുവായിരുന്നെങ്കിൽ ശോഭനാ ജോർജിനെ മടക്കിക്കൊണ്ടുവന്ന് മടക്കുനിവർത്ത് പിടിച്ചുനിർത്താൻ യു.ഡി.എഫ് രഹസ്യമായി തയാറെടുക്കുകയായിരുന്നു. വേണ്ടിവന്നില്ല, വൻ ദുരന്തം ഒഴിവായി! പക്ഷേ, അതീവ ഗുരുതരാവസ്ഥയിൽ കഴിയേണ്ടിവന്നത് ബി.ജെ.പി മാത്രമുള്ള എൻ.ഡി.എ സഖ്യത്തിനായിരുന്നു. കവിത എഴുത്തിന്റെ അസ്‌കിതയുള്ള പി.എസ് വെൺമണി എന്ന കവിയെ പിടിച്ചുകൊണ്ടുവന്ന്, കറുത്ത കോട്ട് ഊരി ദൂരെയെറിഞ്ഞ് പി.എസ്. ശ്രീധരൻപിള്ളയാക്കി മൊഴിമാറ്റം ചെയ്തു രംഗത്തിറക്കാൻ കുമ്മനസംഘം പഠിച്ചപണി പതിനെട്ടും നോക്കി. 
പത്തൊമ്പതാമത്തെ അടവായ മുളകുപൊടി വിതരണം (പൂഴിമണലും ആകാവുന്നതാണ്) ഭയന്നിട്ടാകാം ശ്രീധരൻപിള്ളജി ഒടുവിലത്തെ പാർട്ടി യോഗങ്ങൾക്കു പോകാതെ അജ്ഞാത ഗുഹയിലേക്കു മടങ്ങി. സ്ഥാനാർഥിയെ ഉന്തിത്തള്ളികൊണ്ടുപോകേണ്ട വീൽചെയർ കാത്തുകിടപ്പാണ് ഇപ്പോഴും. മുട്ടിയപക്ഷം, കുമ്മനംജി തന്നെ അതിൽ കയറിയിരുന്നു സ്വയം ഉരുട്ടിനയിച്ചേക്കും. ഏതായാലും ശ്രീധരൻപിള്ള സ്വയം പ്രഖ്യാപിച്ചു: ഞാൻ തന്നെ ചെങ്ങന്നൂരിൽ. 

** *                   ***           **  

യുവാവായ സ്പീക്കർ വാങ്ങിയ കണ്ണടയെക്കുറിച്ച് അദ്ദേഹത്തിനു തന്നെ വല്യ പിടിപാടൊന്നുമില്ലായിരുന്നുവെന്ന് സ്വയം വെളിപ്പെടുത്തിയ ശ്രീരാമകൃഷ്ണൻ സഖാവിനെ ഇനിയും പരീക്ഷിക്കരുത്. സൂക്ഷ്മമായി പരിശോധിച്ചില്ല എന്നതു തെറ്റു തന്നെയാണ്  എന്നാണ് അദ്ദേഹത്തിന്റെ മഹദ്‌വചനം. യഥാർഥത്തിൽ ലെൻസിനല്ല, ഫ്രെയിമിനാണ് വിലയെന്ന് അറിയാത്ത സ്‌കൂൾ കുട്ടികൾ പോലും ഇല്ലാത്ത നാട്ടിൽ സ്പീക്കറുടെ അജ്ഞതയ്ക്ക് വല്ല ഇംപോസിഷനും നൽകണം. എൻ.എസ് മാധവന്റെ താരതമ്യ നിരീക്ഷണം കുറേ കടന്നുപോയി എന്നുകൂടി പറയട്ടെ, മഹാമേരു എവിടെ, മൺകട്ടയെവിടെ?

****                       ****               ****
സംസ്ഥാനത്തെ പല ജില്ലകളിലെയും വീടുകളിൽ കറുത്ത സ്റ്റിക്കർ പതിച്ചിരിക്കുന്നു! അതിൽ ഭയപ്പെടാനൊന്നുമില്ലെന്നു മുഖ്യമന്ത്രി. ശരിയാണ്, അദ്ദേഹത്തിനു ഭയപ്പെടാനൊന്നുമില്ല, ജില്ലാ സമ്മേളനപ്പിരിവുകാർക്ക് സംഭാവന കൊടുക്കാത്തവരുടെ വീടുകളിലാണോ മേൽപടി സ്റ്റിക്കർ? അതോ, ഏറ്റവും പുതിയ അശ്ലീല കവിതകൾ എഴുതുന്നവരുടെയോ? അതോ ഗോമാംസം ഭക്ഷിക്കുന്നവരുടെയോ? ഒന്നിനും ഒരു നിശ്ചയവുമില്ല. പരിഭ്രമിക്കാനൊന്നുമില്ലെന്ന് ഡി.ജി.പിയും പ്രസ്താവിച്ച ശേഷമാണ് ഭയചകിതരായ സ്റ്റിക്കർ വീട്ടുകാർ കിടന്നുറങ്ങാൻ തുടങ്ങിയത്. 'ആലിബാബയും നാൽപതു കള്ളന്മാരും' എന്ന ചിത്രത്തിൽ/കഥയിൽ കൊള്ളക്കാർ ആലിയുടെ വീടിന്റെ ഭിത്തിയിൽ ഗുണനചിഹ്നം വരച്ചിട്ടുപോയി, രാത്രിയിൽ കൊള്ളയും കൊലയും നടത്തുന്നതിലേക്കായി. പക്ഷേ, മാർജിയാന എന്ന യുവതി നേരം ഇരുട്ടുംമുമ്പേ എല്ലാ വീടുകളുടെയും ഭിത്തികളിൽ അതേ ചിഹ്നം വരച്ചുചേർത്തു. രാത്രിയിൽ എത്തിച്ചേർന്ന കള്ളന്മാർ ആകെ കുഴഞ്ഞ് മടങ്ങിപ്പോയി. അക്കഥ മുഖ്യൻ പറഞ്ഞില്ലെങ്കിലും, അതുപോലെ ഏതോ ഒരു പദ്ധതി മുഖ്യന്റെ മനസ്സിലുണ്ട്. അതു ഡി.ജി.പി വഴിയേ പുറത്തുവരൂ!

****                      ****                 ****

ലോകത്തൊരിടത്തും ഒരു സ്പീക്കറോ മന്ത്രിയോ കണ്ണട വാങ്ങിയതിനെക്കുറിച്ച് വിവാദമുണ്ടായിട്ടില്ല. കേരളത്തിൽ അതും പ്രശ്‌നമായി. പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്ത് കാര്യമെന്തൊന്നു ചോദിച്ചതുപോലെ, ഇതിനിടയിൽ കഥാകൃത്തായ എൻ.എസ്. മാധവനും വന്നു തലയിട്ടിരിക്കുന്നു! ചില്ലിക്കാശിന്റെ വില കിട്ടാത്ത ഒരു കണ്ണട, അതുധരിച്ച മനുഷ്യന്റെ മഹത്വം കൊണ്ട് ഇന്ത്യൻ കറൻസി നോട്ടിൽ പോലും സ്ഥാനം പിടിച്ചിരിക്കുന്നുവെന്നു പറഞ്ഞ് ഗാന്ധിജിയെ ഓർമിപ്പിച്ചിരിക്കുന്നു! കോൺഗ്രസുകാർ പോലും എന്നേ മറന്നകാര്യം! ഇനി ഏതു ഗാന്ധിയെയാണുദ്ദേശിച്ചത് എന്ന് അവരെക്കൊണ്ട ചോദിപ്പിച്ച് മഹാത്മാവിനെ മാനം കൊടുത്തരുത് എന്നേ അപേക്ഷയുള്ളൂ.

****                      ****                 ****

സമുദ്രം പോലെ പരന്നുകിടക്കുന്ന ആരോഗ്യവകുപ്പിന്റെ മന്ത്രി ശൈലജ ടീച്ചർ വിലകൂടിയ കണ്ണട ധരിക്കുന്നതാണ് സുരക്ഷിതം. ഒരു അക്ഷരം പോലും വിട്ടുപോകരുത്. കഴിഞ്ഞ ആരോഗ്യമന്ത്രി ഇത്ര വിലയേറിയ കണ്ണട ധരിച്ചില്ല. അതിന്റെ ഫലം അദ്ദേഹം അനുഭവിച്ചു. കേരത്തിൽ എത്ര സർക്കാർ ഡോക്ടർമാരുണ്ടെന്ന്, ഇറങ്ങിപ്പോകുന്ന കാലത്തും അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നാണ് ശത്രുപക്ഷം ഇന്നും പാടിപ്പോരുന്നത്!


 

Latest News