Sunday , August   19, 2018
Sunday , August   19, 2018

മതസൗഹാർദ്ദത്തിന്റെ വറ്റാത്ത ഉറവ; ശിവക്ഷേത്രത്തിന് അലിയുടെ ഇഷ്ടദാനമായി കുളം

മലപ്പുറം- മതസൗഹാർദത്തിന്റെ വറ്റാത്ത ഉറവ പൊട്ടുകയാണ് ഈ ഗ്രാമത്തിൽനിന്ന്. മതസാഹോദര്യത്തിന്റെ ഉദാത്ത മാതൃകയാണ് മലപ്പുറം ജില്ലയിലെ വണ്ടൂരിലെ പോരൂരിൽനിന്ന് പിറവിയെടുക്കുന്നത്. പോരൂരിൽ ശിവ ക്ഷേത്രത്തിനു വേണ്ടി അലി സ്വന്തം ഭൂമിയിലെ കുളം ഇഷ്ടദാനമായി നൽകി. നൂറ്റാണ്ടുകൾ പഴക്കമുള്ള ശാസ്താവങ്ങോട്ടുപുറം കുണ്ടട മഹാശിവ ക്ഷേത്രത്തിന് വേണ്ടി കാളികാവ് സ്വദേശിയായ നമ്പ്യാർതൊടി അലിയാണ് തന്റെ സ്വന്തം ഭൂമിയിലെ കുളം ഉൾപ്പെടുന്ന 4.7 സെന്റ് ഭൂമി നൽകിയത്. 45കാരനായ അലിയുടെ റബർ തോട്ടം ക്ഷേത്ര ഭൂമിയോട് അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് കുളം ഉള്ളത്. നൂറ്റാണ്ടുകളോളം പഴക്കമുള്ള ശിവ ക്ഷേത്രത്തിന് സ്വന്തമായി കുളം ഇല്ല. ഇതു മൂലം ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് ഭക്തർ പ്രയാസം നേരിടുകയായിരുന്നു. കുളം സൗജന്യമായി നൽകിയതിനു പുറമെ കുളത്തിലേക്കുള്ള വഴി ഭക്തർക്ക് ഉപയോഗിക്കാനുള്ള അവകാശവും അലി വിട്ടുകൊടുത്തിട്ടുണ്ട്. അലിയുടെ തോട്ടത്തിലേക്കുള്ള വഴിയാണിത്. 

വർഷങ്ങളോളും പരിപാലിക്കപ്പെടാതെ കിടന്ന ക്ഷേത്രം 30 വർഷം മുമ്പാണ് നാട്ടുകാർ ചേർന്ന് നവീകരിച്ചത്. അഖണ്ഡനാമ യജ്ഞം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്കും ആചാരങ്ങൾക്കും കുളമില്ലാത്ത പ്രയാസത്തിലായിരുന്നു ഭാരവാഹികൾ.   ക്ഷേത്രം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഭരണ സമിതി നടത്തി വരുന്നതിനിടെയാണ് അലിയുടെ കുളം വില നൽകി വാങ്ങാൻ തീരുമാനിച്ചതെന്ന് സമിതി അംഗമായ വി ശിവശങ്കരൻ പറയുന്നു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അറിഞ്ഞ അലി കുളം ഹിന്ദു സഹോദരങ്ങൾക്കു വേണ്ടി സൗജന്യമായി വിട്ടു നൽകുകയായിരുന്നു. 

'ക്ഷേത്രത്തിന് കുളം അത്യാവശ്യമാണെന്നും വിൽക്കാൻ തയാറാകണമെന്നും അഭ്യർത്ഥിച്ചാണ് ക്ഷേത്രഭാരവാഹികൾ എന്നെ സമീപിച്ചത്. ക്ഷേത്രത്തിന്റെ ആവശ്യമായത് കൊണ്ട് വില വാങ്ങുന്നത് ശരിയല്ലെന്നാണ് എന്റെ നിലപാട്. ഏതെങ്കിലും വ്യക്തിക്ക് വിട്ടു കൊടുക്കുന്നത് പോലെയല്ല. സഹോദരമതവിശ്വാസികളുടെ പൊതു ആവശ്യത്തിനായത് കൊണ്ട് ദാനമായി തന്നെ നൽകി. അവർക്കൊരു സന്തോഷമാകട്ടെ എന്നു വച്ചു, ഇതിലിത്ര പൊലിപ്പിക്കാൻ ഒന്നുമില്ല,' അലി പറഞ്ഞു. 

ഭൂമി അളന്നു തിട്ടപ്പെടുത്തി കുളത്തിന് ആവശ്യമുള്ള ഭൂമി എടുക്കാൻ അലി ക്ഷേത്ര ഭാരവാഹികളോട് പറയുകയായിരുന്നു. അളന്നതെല്ലാം ക്ഷേത്ര സമിതി തന്നെ. രജിസ്‌ട്രേഷൻ അടുത്തയാഴ്ച നടക്കാനിരിക്കുകയാണ്. ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയൽ അലിയെ ക്ഷേത്രഭരണ സമിതി അനുമോദിക്കുകയും ചെയ്തു. പതിനഞ്ച് വർഷത്തോളം പ്രവാസിയായിരുന്നു അലി.
 

Latest News