Thursday , February   22, 2018
Thursday , February   22, 2018

എ.ടി.എം കാര്‍ഡുകളുടെ പകര്‍പ്പുണ്ടാക്കി ഒമ്പത് ലക്ഷം തട്ടിയത് അന്തര്‍സംസ്ഥാന സംഘം

മുംബൈ- എ.ടി.എമ്മില്‍ സ്ഥാപിച്ച ഉപകരണത്തിലൂടെയും ക്യാമറയിലൂടെയും കാര്‍ഡുകളുടെ പകര്‍പ്പുണ്ടാക്കി 9.11 ലക്ഷം രൂപ തട്ടി. 50 പേരുടെ അക്കൗണ്ടുകളില്‍നിന്നാണ് ഇത്രയും തുക തട്ടിപ്പുകാര്‍ പിന്‍വലിച്ചത്. മുംബൈ വെസ്റ്റ് ചാര്‍ണി റോഡിലെ ആക്‌സിസ് ബാങ്ക് എ.ടി.എമ്മില്‍ ഉപകരണവും ക്യാമറയും സ്ഥാപിച്ചത് അന്തര്‍സംസ്ഥാന സംഘമാണെന്ന് പോലീസ് കരതുന്നു. ഇവിടെനിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ വെച്ച് കാര്‍ഡുകളുടെ പകര്‍പ്പുണ്ടാക്കി ഗുജറാത്തിലെയും ഹരിയാനയിലെയും എ.ടി.എമ്മുകളില്‍നിന്നാണ് പണം പിന്‍വലിച്ചത്.
എ.ടി.എം തട്ടിപ്പുകള്‍ക്ക് ഉപഭോക്താക്കള്‍ ഇരയായിട്ടുണ്ടെന്നും സര്‍ക്കാര്‍ ഏജന്‍സി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ആക്‌സിസ് ബാങ്ക് വക്താവ് പറഞ്ഞു. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും കൈക്കൊള്ളുമെന്നും വക്താവ് പറഞ്ഞു.
ആക്‌സിസ് ബാങ്കില്‍ അക്കൗണ്ടുള്ള സര്‍ക്കാര്‍ പ്രിന്റിംഗ് പ്രസ് ജോലിക്കാരാണ് കൂടുതലും തട്ടിപ്പിനിരയായത്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും റാക്കറ്റിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് അന്വേഷണം തുടരുകയാണെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മനോജ് കുമാര്‍ പറഞ്ഞു. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും ആക്‌സിസ് ബാങ്ക് ഉപഭോക്താക്കളാണെന്നും അതുകൊണ്ട് തന്നെ വിശദാംശങ്ങള്‍ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്‌സിസ് ബാങ്കിന്റെ മെയിന്‍ ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന എം.ആര്‍.എ മാര്‍ഗ് പോലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരന്‍ നരേന്ദ്ര ബിദ്‌റ സര്‍ക്കാര്‍ പ്രസ് ജീവനക്കാരനാണ്. ഈ മാസം ആറിന് രാത്രി 11.08 ന് തന്റെ അക്കൗണ്ടില്‍നിന്ന് 14,500 രൂപ പിന്‍വലിച്ചതായി ഇദ്ദേഹത്തിന് ലഭിച്ച എം.എം.എസാണ് പരാതിക്ക് അടിസ്ഥാനം. താന്‍ അറിയാത്ത ഇടപാടിനെ കുറിച്ച് അപ്പോള്‍ തന്നെ ബിദ്‌റ ബാങ്കിനെ അറിയിച്ചിരുന്നു. പ്രിന്റിംഗ് പ്രസില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് ഇതുപോലെ പണം നഷ്ടപ്പെട്ട വിവരം അടുത്ത ദിവസമാണ് അറിയുന്നത്. ഒരാള്‍ക്ക് 40,000 രൂപയാണ് നഷ്ടപ്പെട്ടത്. പ്രസിലെ 41 ജോലിക്കാര്‍ക്ക് പണം നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. മിക്കവര്‍ക്കും 10,000 നും 40,000 നും ഇടയിലാണ് പണം നഷ്ടപ്പെട്ടതെങ്കിലും ഒരാള്‍ക്ക് 80,000 രൂപ നഷ്ടമായിട്ടുണ്ട്. മറൈന്‍ ഡ്രൈവ് പോലീസിന് അഞ്ച് പരാതികള്‍ ലഭിച്ചു. കൂടുതല്‍ പേര്‍ പോലീസിനെ സമീപിക്കുന്നതിനാല്‍ തട്ടിപ്പിനിരയായവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സൂചന. ഇതേ രീതിയില്‍ പണം നഷ്ടപ്പെട്ടവരുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. മറ്റു ബാങ്കുകളിലെ ഉപഭോക്താക്കളും തട്ടിപ്പിനിരയായിട്ടുണ്ടാകാമെന്ന് പോലീസ് കരുതുന്നു.
എ.ടി.എം കാര്‍ഡുകളിലെ വിവരങ്ങള്‍ ഉപകരണം വെച്ച് ചോര്‍ത്തിയെന്ന് കരുതുന്ന ചാര്‍ണി റോഡ് എ.ടി.എമ്മിന് കാവലുണ്ടായിരുന്നില്ല. എ.ടി.എമ്മിന് സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് പരാതികളില്‍ വ്യക്തമാണെന്ന് മറൈന്‍ ഡ്രൈവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉപയോക്താക്കള്‍ കുറയുന്ന രാത്രിയായിരിക്കും തട്ടിപ്പുകാര്‍ കാര്‍ഡ് പകര്‍ത്താവുന്ന ഉപകരണം വെച്ചിട്ടുണ്ടാവുകയെന്ന് പോലീസ് സംശയിക്കുന്നു. ഒരു ദിവസത്തിലേറെ ഈ  ഉപകരണം എ.ടി.എമ്മിലുണ്ടായിട്ടും ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. കാവലില്ലാത്ത എ.ടി.എം കൗണ്ടറുകളില്‍ ശ്രദ്ധ ചെലുത്താന്‍ മേലുദ്യോഗസ്ഥര്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാര്‍ണി റോഡ് എ.ടി.എമ്മിന് എന്തുകൊണ്ട് കാവല്‍ ഏര്‍പ്പെടുത്തിയില്ലെന്ന ചോദ്യത്തിന് ആക്‌സിസ് ബാങ്ക് മറുപടി നല്‍കിയിട്ടില്ല.

 

Latest News