Thursday , October   18, 2018
Thursday , October   18, 2018

ഒരു മാസം മുമ്പ് കാണാതായ ബാലന്റെ മൃതദേഹം പെട്ടയിലടച്ച നിലയില്‍

ന്യൂദല്‍ഹി- ഒരു മാസം മുമ്പ് ദല്‍ഹിയിലെ സ്വരൂപ് നഗറില്‍ കാണാതായ ഏഴു വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ കണ്ടെത്തി. ബാലന്റെ വീട്ടില്‍ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ വീട്ടില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി ഏഴിനാണ് ആശിഷ് എന്ന ഏഴു വയസ്സുകാരനെ കാണാതായത്. വാടകയ്ക്ക് താമസിച്ചു വരുന്നതിനിടെ ബാലന്റെ മാതാപിതാക്കളുമായി പിണങ്ങിയ പ്രതി അവദേശ് സക്യ അഞ്ച് വര്‍ഷം മുമ്പ് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നെങ്കിലും കുട്ടിയുമായി നല്ല അടുപ്പമുണ്ടായിരുന്നു.

കുട്ടിയെ കാണാതായ ദിവസം പോലീസില്‍ പരാതി നല്‍കാന്‍ സക്യ മാതാപിതാക്കള്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. മൊഴി നല്‍കുകയും ചെയ്തു. യു.പി.എസ്.സി പരീക്ഷക്ക് തയാറെടുത്തു വരികയായിരുന്ന സക്യ തന്റെ മുറിയില്‍ പാര്‍ട്ടി കൂടുന്നത് പതിവാക്കിയപ്പോള്‍ കുട്ടിയുടെ അച്ഛന്‍ വഴക്കു പറഞ്ഞിനെ തുടര്‍ന്നാണ് മാറിത്താമസിച്ചത്. എങ്കിലും കുട്ടിയുമായി നല്ല അടുപ്പത്തിലായിരുന്നു. കുട്ടിയെ തന്റെ അടുത്തേക്ക് വിടാത്തത് അവദേശിനു കുടുംബത്തോട് വിദ്വേഷം കൂട്ടി. ഇതാണ് കൊലപാതകത്തിനു കാരണമെന്ന് കരുതപ്പെടുന്നു.

ജനുവരി ഏഴിന് കുട്ടിയെ സൈക്കിള്‍ തരാമെന്നു പറഞ്ഞ് തന്റെ വാടക വീട്ടിലെത്തിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. പുറത്ത് സി.സി.ടി.വി ക്യാമറകള്‍ ഉള്ളതിനാല്‍ മൃതദേഹം പുറത്തു കൊണ്ടുപോകാതെ കട്ടിലിനടിയില്‍ പെട്ടിയിലാക്കി സൂക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപത്ത് ദുര്‍ഗന്ധം പരന്നപ്പോള്‍ പ്രദേശ വാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പ്രതി എലികളെ കൊന്നിട്ടിരുന്നതായും പോലീസ് പറഞ്ഞു.

കുട്ടിയെ കാണാതായ ശേഷം ഇടക്കിടെ ബാലന്റെ വീട്ടിലെത്തി അച്ഛനെ കാണുമായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി കാണാതായതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നിയത്. ഇവര്‍ ഇക്കാര്യം പോലീസുമായി പങ്കുവെച്ചു. തുടര്‍ന്ന് പോലീസ് കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മൊഴികളാണ് യുവാവ് നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

 

 

Latest News