Tuesday , February   19, 2019
Tuesday , February   19, 2019

മലയാളത്തിന്റെ രാഗധാര 

  • കവി ഒ.എൻ.വി. കുറുപ്പ് ഓർമയായിട്ട് ഇന്ന് രണ്ട് വർഷം  

 'ഒരുവട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്ത് ഒരു കോണിൽ നിൽക്കുന്ന ആ നെല്ലിമരം ഒന്നുലർത്തുവാൻ മോഹം'. 
ഈ വരികൾ ഒരു വട്ടമെങ്കിലും മൂളാത്ത മലയാളി ഉണ്ടാകില്ല. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വില മതിക്കാനാവാത്ത സംഭാവന നൽകിയ ഒ.എൻ.വി. കുറുപ്പ് ഓർമയായിട്ട് ഇന്ന് രണ്ട് വർഷം.
കരിമണലിന്റെ നാടായ ചവറയും നമ്പ്യാടിക്കൽ തറവാടും കവിതയുടെ തമ്പുരാന് ഓക്‌സിജനായിരുന്നു.  
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ നാമം. കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും പുത്രനായി 1931 മെയ് 27 അത്തം നക്ഷത്രത്തിൽ ജനനം. ഈ ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയ മകനാണ് ഒ.എൻ.വി.  എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പ്രാഥമിക വിദ്യാഭാസം ചവറയിലും കൊല്ലത്തും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും 1948 ൽ ഇൻറർമീഡിയറ്റ് പാസായ ഒ.എൻ.വി കൊല്ലം എസ്.എൻ കോളേജിൽ ബിരുദ പഠനത്തിനായി ചേർന്നു. 1952 ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും 1955 ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആർട്‌സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലും മലയാള വിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മെയ് 31 നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. 
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഇന്ത്യൻ പ്രോഗ്രസീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്.
 1949ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറു പതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യ ജീവിതത്തിൽ നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം ഇദ്ദേഹത്തിന് 2010 ൽ ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.  വാർധക്യ സഹജമായ രോഗത്താൽ 2016 ഫെബ്രുവരി 13 ന് തിരുവന്തപുരത്തെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.  ഒ.എൻ.വിയുടെ വീടായ നമ്പ്യാടിക്കൽ തറവാട് സഹിത്യ അക്കാദമി കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു. കൂടാതെ ചവറ  മുസ്‌ലിം പള്ളി  അറക്കൽ ക്ഷേത്രം റോഡിന് ഒ.എൻ.വിയുടെ നാമകരണവും ചെയ്തു. 
വീടിനോട് ചേർന്ന് ശിൽപി പാവുമ്പ മനോജ് നിർമിച്ച 'അമ്മ' കാവ്യശിൽപം കഴിഞ്ഞ ഒന്നാം ചരമവാർഷിക ദിനത്തിൽ അനാവരണം ചെയ്തിരുന്നു. ഒൻപത് അടി ഉയരത്തിലുള്ള സിമന്റ് ശിൽപം കവിയുടേതായി ഉയർന്ന ആദ്യ ശിൽപമാണ്.
ചരമവാർഷിക ദിനമായ ഇന്ന്  അക്കാദമി ഭാരവാഹികൾ, സാംസ്‌കാരിക നായകർ, കവികൾ, കുടുംബാംഗങ്ങൾ എന്നിവർ ഇവിടെ ഒത്തുചേരും  . രാജ്യം ജ്ഞാനപീഠം നൽകി ആദരിച്ചപ്പോൾ ജന്മനാട് ഒരുക്കിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു- ചിരിച്ച് മരിച്ച് അഹങ്കരിച്ച് മത്ത് പിടിച്ചവന്റെ കൂടെയല്ല, കരയുന്നവന്റെയും കഷ്ടപ്പെടുന്നവന്റെയും കൂടെയാണ് കവി നിൽക്കേണ്ടതെന്ന വാക്കുകൾ ഇന്നും ചവറയുടെ ജനമനസ്സുകളിൽ മായാതെ നിൽക്കുന്നു. ഒ.എൻ.വി പഠിച്ച ചവറ ഗവ. ഹൈയർ സെക്കന്ററി സ്‌കൂളിലെ ശതാബ്ദി അഘോഷ വേളയിലാണ് കവി അവസാനമായി ചവറയിൽ എത്തിയത്. അന്ന് സ്‌കൂൾ മുറ്റത്ത് അയവിറക്കിയ അദ്ദേഹം ഒരു നെല്ലിമരം സ്‌കൂൾ മുറ്റത്ത് നട്ടു. നെല്ലിമരത്തിന്റെ ഇലകളിൽ ഒരെണ്ണം കഴിക്കുകയും തന്നോടൊപ്പമുള്ള ഭാര്യക്ക് ഒരില കഴിക്കാൻ നൽകുകയും ചെയ്തു. പ്രിയ കവിയുടെ ഓർമകൾ പങ്കുവെക്കാൻ ചവറയിൽ നിരവധി പരിപാടികളാണ് വിവിധ സംഘടനകൾ സംഘടിപ്പിച്ചിരിക്കുന്നത്. തറവാടിനോട് ചേർന്നുള്ള ചാവടിയും ഇവിടെ കവി ഉപയോഗിച്ചിരുന്ന മേശയും ചാരുകസേരയും അദ്ദേഹം രചിച്ച പുസ്തകങ്ങളും പഴയ കാല ചിത്രങ്ങളും കാണാം. 
കവിയുടെ സ്മരണ നിലനിർത്താൻ സാംസ്‌കാരിക സമുച്ചയത്തിനായി ബജറ്റിൽ 5 കോടി രൂപ അനുവദിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ ജന്മനാടാകെ ഏറെ സന്തോഷത്തിലാണ്.
കവിതകളിലൂടെ മലയാളക്കരയെ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ച പ്രിയ കവിയുടെ ചരമവാർഷിക ദിനം ഏറ്റെടുക്കാൻ നാടൊന്നാകെ അണിചേരുകയാണ്.
ഇന്ന്  ചവറ വികാസ്‌സിന്റ നേതൃത്വത്തിൽ ഒ.എൻ.വി സ്മൃതി 2018 സംഘടിപ്പിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എൻ. വിജയൻ പിള്ള, കവി ചവറ കെ.എസ്. പിള്ള, കെ.എൻ. ബാലഗോപാൽ എന്നിവർ പങ്കെടുക്കുന്നു.
പുരോഗമന കലാസാഹിത്യ സംഘം ചവറ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മറ്റൊരു അനുസ്മരണ സമ്മേളനം നടക്കുന്നത്.    ചൊവ്വാഴ്ച വൈകിട്ട് 5 ന് ചവറ ബസ് സ്റ്റാന്റിൽ നടക്കുന്ന അനുസ്മരണ സമ്മേളനവും കാവ്യാർച്ചനയും മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ പ്രചാരണം വിളിച്ചറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും ഫഌക്‌സ് ബോർഡുകളും വിവിധ സ്ഥലങ്ങളിലായി നിരന്നു കഴിഞ്ഞു. അനുസ്മരണ സമ്മേളനത്തിൽ ചെയർമാൻ ടി. മനോഹരൻ അധ്യക്ഷത വഹിക്കും. എൻ. വിജയൻ പിള്ള എം.എൽ.എ, പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള, ഇ കാസിം, പി.ആർ. വസന്തൻ, ചവറ കെ. എസ.് പിള്ള, ഡോ. സി. ഉണ്ണികൃഷ്ണൻ, അഡ്വ. സി. സുരേഷ് കുമാർ, ചവറ പാറുക്കുട്ടി, രാജമ്മ ഭാസ്‌കരൻ, ജി. മുരളീധരൻ എന്നിവർ പങ്കെടുക്കും. ആശ്രാമം ഉണ്ണിക്കൃഷ്ണന്റെയും സംഘത്തിന്റേയും നേതൃത്വത്തിൽ  കാവ്യാർച്ചനയും നടക്കും.

Latest News