Tuesday , February   19, 2019
Tuesday , February   19, 2019

സോളമൻ രാജാവിന്റെ കഥയുമായി ബിനോയ് വിശ്വം

രാഷ്ട്രീയമായും നയപരമായും സി പി എമ്മുമായി ചില വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് പാർട്ടി ജില്ലാ സമ്മേളനത്തിൽ സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം തുറന്നു പറഞ്ഞു. എന്നാൽ മാധ്യമങ്ങൾ പറയുന്നതിനപ്പുറം ഇരു പാർട്ടിയും തമ്മിൽ നല്ല ബന്ധത്തിൽ തന്നെയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം രാജ്യത്തെ പിറകോട്ട് വലിച്ചു കൊണ്ടുപോകുന്ന ദുഷ്ട ശക്തികളെ ഇല്ലായ്മ ചെയ്യാൻ വൈരങ്ങൾക്കല്ല ബന്ധങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന ശക്തമായ വിലയിരുത്തൽ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന്റെ പക്വതയും ബൗദ്ധിക തലവും ചേർന്നതായിരുന്നു. 
സി പി ഐയുടെ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പാർട്ടിയുടെ 'മോസ്‌കോ' എന്നറിയപ്പെടുന്ന പെരുമ്പള ഗ്രാമത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ദേശീയ തലത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. 
രണ്ടു ദിവസം പൊതുചർച്ചയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് സി പി എമ്മിനെതിരായി വിമർശനം ഉന്നയിക്കാനും അതിലൂടെ എൽ ഡി എഫിനെ ശക്തിപ്പെടുത്താനും ഒട്ടേറെ വിഷയങ്ങൾ ഇട്ടുകൊടുക്കുകയായിരുന്നു അദ്ദേഹം. താഴേക്കിടയിലുള്ള പ്രവർത്തകർക്ക് നിങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന വിമർശനങ്ങൾ  സി പി എമ്മിനെതിരായിട്ടാണെങ്കിലും തുറന്നു പറഞ്ഞാലും കുഴപ്പമില്ലെന്ന ശക്തമായ സന്ദേശമാണ് ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന തന്റെ പ്രസംഗത്തിൽ ദേശീയ നേതാവ് നൽകിയത്. അതേസമയം സി പി എമ്മിനെതിരെ പോലും സി പി ഐ അഭിപ്രായം പറയുന്നത് രാജ്യത്തിലെ ജനങ്ങളാകെ വീക്ഷിക്കുന്ന കേരളത്തിലെ ഇടതുമുന്നണിയെയും സർക്കാരിനെയും കണ്ണിലെ കൃഷ്ണമണി പോലെ  കാത്തുസൂക്ഷിക്കാനും വേണ്ടിയാണെന്ന ബിനോയ് വിശ്വത്തിന്റെ 'നയം വ്യക്തമാക്കൽ' കുറെ ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയായി. ഇടതുമുന്നണി പ്രവർത്തിക്കുന്നത് നയങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നുള്ള സി പി എം പി ബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവനകളോട് പ്രതികരിച്ചു കൊണ്ടാണ് ബിനോയ് വിശ്വം നിലപാടുകൾ ആവർത്തിച്ചതെങ്കിലും കുളിപ്പിച്ചെടുത്ത് മാലാഖയാക്കി കെ എം മാണിയെ കെട്ടിപ്പുണരാനുള്ള സി പി എമ്മിലെ ചിലരുടെ നീക്കങ്ങൾക്കെതിരെയുള്ള തന്ത്രപരമായ ഇടപെടൽ കൂടി നടത്തുകയായിരുന്നു. 
വിശുദ്ധനാക്കി കെ എം മാണിയെയും ജെ ഡി യുവിനെയും ഒക്കത്തിരുത്തി തങ്ങളെ മൊഴി ചൊല്ലിക്കളയാം എന്നൊരു പൂതി സി പി എമ്മിലെ ആരുടെയെങ്കിലും മനസ്സിലുണ്ടെങ്കിൽ ആ വള്ളം വാങ്ങിവെക്കാനുള്ള മുന്നറിയിപ്പ് കൂടിയാണ് ബിനോയി വിശ്വത്തിന്റെ എൽ ഡി എഫ്, സി പി ഐ ബന്ധത്തെ കുറിച്ചുള്ള പരാമർശം. സി പി എമ്മിന് ഈ മുന്നണിയോട് എത്ര കൂറുണ്ടോ അതിലേറെ കൂറുള്ളത് തങ്ങൾക്കാണെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. സി പി ഐ ഇല്ലെങ്കിൽ എൽ ഡി എഫ് ഇല്ലെന്നായിരുന്നു അതിനർത്ഥം. 
സ്വന്തം ചോരയാണ് ഈ മുന്നണിയെന്നും തർക്കം മൂത്താൽ ഭരണം വേണ്ടെന്നു വെക്കാൻ പോലും തങ്ങൾ ഒരുക്കമാണെന്ന് കുഞ്ഞിന് വേണ്ടി കലഹിച്ച അമ്മമാരോട് കുഞ്ഞിനെ വെട്ടിമുറിച്ചു പങ്കിട്ടെടുക്കാൻ ഉപായം പറഞ്ഞ സോളമൻ രാജാവിന്റെ കഥയിലൂടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചുരുക്കത്തിൽ നിലപാടുകൾ ശക്തമായിരിക്കുമെന്നും അത് എൽ ഡി എഫിന്റെ തിളക്കം കൂട്ടാൻ മാത്രമാണെന്നും ആ യാത്രയിൽ ഭരണം ഒരു പ്രശ്‌നമേയല്ലെന്നും വെളിവാക്കപ്പെടുകയായിരുന്നു. എല്ലാം സഹിക്കുന്നത് ദേശീയ ബദലിന്റെ കേരളത്തിൽ നിന്നുള്ള വഴിവിളക്ക് സംരക്ഷിക്കാൻ മാത്രമാണെന്നുള്ള വെളിപ്പെടുത്തൽ. ആശയ തർക്കങ്ങൾ പുതിയ കാര്യമല്ലെങ്കിലും കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും പ്രമേയം കൊണ്ടുവന്ന് വോട്ടിനിടുന്നതിന് മുമ്പ് ഒരുമിച്ചിരുന്ന് ഹൃദയം തുറന്നു സംസാരിക്കാൻ തയ്യാറാകാമായിരുന്നില്ലേ എന്ന് ഉപദേശിക്കാനും ബിനോയ് വിശ്വം മറന്നില്ല. വ്യത്യസ്ത വീക്ഷണങ്ങളോട് മാധ്യമങ്ങൾ കണ്ണും നട്ടിരിക്കുമ്പോൾ ബന്ധങ്ങളുടെ ഇഴയടുപ്പം പ്രധാനമാണെന്നും അദ്ദേഹം പറയുകയുണ്ടായി. 
ഏതായാലും രാജ്യത്തിൻെറ പൊതുസ്ഥിതിയിൽ സി പി എമ്മിന്റെ നയങ്ങൾ കൊണ്ട് ജനങ്ങൾക്ക് രക്ഷയുണ്ടാകില്ലെന്നും വിശാല മതേതര ബദലിന് വേണ്ടി മുന്നോട്ടു പോകുന്ന സി പി ഐ ആണ് ശരിയെന്നും മുഖ്യ ശത്രുവിനെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കാൻ തങ്ങൾ ഇല്ലെന്നും അടിവരയിട്ടുകൊണ്ടാണ് ബിനോയ് വിശ്വം നിലപാടുകൾ പ്രഖ്യാപിക്കുന്നത്. 
 

Latest News