Monday , February   18, 2019
Monday , February   18, 2019

അഞ്ചുകോടിയുടെ മയക്കുമരുന്നുമായി അരീക്കോട്ട് അഞ്ചു പേർ അറസ്റ്റിൽ 

മലപ്പുറം- വിപണിയിൽ അഞ്ചുകോടിയിലേറെ വിലമതിക്കുന്ന മയക്കു മരുന്നുമായി അഞ്ചു പേരെ  അരീക്കോട് പോലീസ് അറസ്റ്റ് ചെയതു. മീഥെയിൻ ഡയോസിൻ ആൻസിസ്റ്റാമിൻ (എം.ഡി.എ) എന്ന മയക്കുമരുന്നാണ് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 
കഴിഞ്ഞ വർഷം കരിപ്പൂർ വിമാനത്താവളത്തിൽ കൊണ്ടോട്ടി സ്വദേശിയെ 18 ഗ്രാം മയക്കുമരുന്നുമായി പിടികൂടിയതിന്റെ തുടരന്വേഷണത്തിലാണ് ഇന്നലെ 750 ഗ്രാം എം.ഡി.എയുമായി അഞ്ചംഗ സംഘം അറസ്റ്റിലായത്. തമിഴ്‌നാട് പഴനി റോഡിൽ കൊടൈക്കനാൽ റഫീഖ് രാജ് (33), കോട്ടയം മീനച്ചാൽ കീഴ്പറയാർ മാങ്ങാത്ത് പയസ് മാത്യു (50), തമിഴ്‌നാട് തൃച്ചി മഞ്ചൽതിടയിൽ വിക്ടർ ജഗൻരാജ് (26), ദിണ്ടിഗൽ പീരമ്മാൾകോവിൽ വെള്ളച്ചാമി ഗുണശേഖരൻ (46),  കൊടിയത്തൂർ പന്നിക്കോട് പാലാട് മജീദ് (56) എന്നിവരാണ് അറസ്റ്റിലായത്. 
പ്രധാന ഏജന്റായ മജീദിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മറ്റുള്ളവരും വലയിലാകുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഈ മയക്കുമരുന്ന് അഫ്ഗാനിസ്ഥാൻ വഴിയാണ് രാജ്യത്തെത്തുന്നത്. നേരത്തെ വിമാനമാർഗം എത്തിയിരുന്ന മയക്കുമരുന്ന് പിടിക്കപ്പെടുമെന്നു കണ്ടതോടെ ശ്രീലങ്ക വഴി കടൽമാർഗം തമിഴ്‌നാട്ടിലെ തൂത്തുകുടിയിൽ എത്തിക്കുകയാണ്. ഇവിടെനിന്നാണ് ഗൾഫ് രാജ്യങ്ങളിലേക്കും ഇത് കൊണ്ടുപോകുന്നതെന്ന് പോലീസ് പറഞ്ഞു.  
അരീക്കോട് മൈത്ര പാലത്തിന് സമീപത്തുനിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരിൽനിന്നു ഒരു കാറും പിടിച്ചെടുത്തു. കരിപ്പൂരിൽ എം.ഡി.എ മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് ഡി.ജി.പിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.  സംസ്ഥാനത്തു തന്നെ ഇത്രയും വലിയ മയക്കുമരുന്നു വേട്ട ഇതാദ്യമാണെന്ന് പോലീസ് പറഞ്ഞു.
മലബാറിലെ വിവിധ ജില്ലകളിലും ദുബായിലും മയക്കുമരുന്നു വിതരണം ചെയ്യുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്ട് വിതരണം ചെയ്യാനെത്തിയതിനിടെയാണ് അറസ്റ്റ്. പിടിയിലായവരിൽ ചിലർ ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു.  സമൂഹത്തിലെ ഉന്നതരാണ് ഉപഭോക്താക്കളെന്നും പോലീസ് പറഞ്ഞു. നിശാ ക്ലബ്, അപ്പാർട്ട്‌മെന്റ്, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് വിതരണം ചെയ്യുന്നത്. മില്ലിഗ്രാമിനു  5000 രൂപ മുതൽ വിലയുള്ളവയാണിത്.  
മയക്കുമരുന്നു വിതരണ ശൃംഖലകളുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും ഇതര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു.

 

Latest News