Friday , November   16, 2018
Friday , November   16, 2018

കൂടെ ചേച്ചി, കാണാൻ മകൾ; സെറീന ഇറങ്ങി

ഭർത്താവ് ഒഹാനിയനും മകളും സെറീനയുടെ മത്സരം കാണാൻ ഗാലറിയിൽ.

ആഷ്‌വൈൽ - അമ്മയായ ശേഷമുള്ള ആദ്യ ഔദ്യോഗിക ടെന്നിസ് മത്സരത്തിൽ സെറീന വില്യംസിന് തോൽവി. നെതർലാന്റ്‌സിനെതിരായ ഫെഡറേഷൻ കപ്പ് ടെന്നിസിന്റെ ക്വാർട്ടറിൽ ചേച്ചി വീനസ് വില്യംസിനൊപ്പം ഡബ്ൾസിലാണ് സെറീന കളിച്ചത്. ഡബ്ൾസിൽ തോറ്റെങ്കിലും നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക 3-1 ജയത്തോടെ സെമിയിലേക്ക് മുന്നേറി. ഫ്രാൻസുമായാണ് അമേരിക്ക സെമി കളിക്കുക. അവസാന ഏഴ് വർഷത്തിനിടയിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ചെക് റിപ്പബ്ലിക്കും ജർമനിയും തമ്മിലാണ് രണ്ടാം സെമി. 
തിരിച്ചുവരവ് നീണ്ട പ്രക്രിയയാണെന്ന് സെറീന പറഞ്ഞിരുന്നു. സെറീനയും വീനസും 2-6, 3-6 ന് ലെസ്‌ലി കെർഖോവെ-ഡെമി ഷൂർസ് ടീമിനോടാണ് തോറ്റത്. വീനസ് രണ്ട് സിംഗിൾസും ജയിച്ചതോടെ ഡബ്ൾസിനു മുമ്പെ അമേരിക്ക സെമി ഉറപ്പാക്കിയിരുന്നു. ഭർത്താവ് അലക്‌സ് ഒഹാനിയനും അഞ്ചു മാസം പ്രായമുള്ള മകൾ അലക്‌സിസ് ഒളിംപിയ ഒഹാനിയൻ ജൂനിയറും കളി കാണാൻ ഗാലറിയിലുണ്ടായിരുന്നു. പ്ലയേഴ്‌സ് ബോക്‌സിന് തൊട്ടുപിന്നിലായി അവർ ഇരുന്നു. 

 സെറീന വില്യംസ്.. തിരിച്ചുവരവിൽ തിരിച്ചടി


ആദ്യമായാണ് മകൾക്കൊപ്പം യാത്ര ചെയ്യുന്നതെന്നും ഭാവിയിൽ എങ്ങനെയാണ് ഈ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാനാവുകയെന്ന് ആലോചിക്കുകയാണെന്നും സെറീന പറഞ്ഞു. 
വീനസിനൊപ്പം 22 ഡബ്ൾസ് കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഇത്തവണ പരിശീലനത്തിന്റെ കുറവ് മുഴച്ചുനിന്നു. മുപ്പത്താറുകാരി സെറീനക്ക് കോർടിൽ പതിവ് വേഗത്തിൽ നീങ്ങാനായില്ല. ഒരു വർഷത്തിനു ശേഷമാണ് സെറീന ഔദ്യോഗിക മത്സരം കളിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം ദുബായിൽ പ്രദർശന മത്സരം കളിച്ചപ്പോഴും തോൽവിയായിരുന്നു. 
രാവിലെ മറ്റു മൂന്നു അമേരിക്കൻ താരങ്ങൾക്കൊപ്പം പരിശീലനത്തിന് സെറീന വരാതിരുന്നപ്പോൾ ഡബ്ൾസിൽ നിന്ന് പിന്മാറുമെന്ന് ഊഹാപോഹമുണ്ടായിരുന്നു. എന്നാൽ സെറീന കളിക്കുമെന്ന് അമേരിക്കൻ ക്യാപ്റ്റൻ പ്രഖ്യാപിച്ചു. വില്യംസ് ജോഡിയെ തോൽപിക്കാനായതിൽ ലസ്‌ലി കെർഖോവെ-ഡെമി ഷൂർസ് ടീം അതീവ ആഹ്ലാദം പ്രഖ്യാപിച്ചു. സെറീന ആദ്യ ഗ്രാന്റ്സ്ലാം നേടുമ്പോൾ ഷൂർസിന് ആറ് വയസ്സേ ഉണ്ടായിരുന്നുള്ളൂ.  തിരിച്ചുവരവിൽ മുൻ ഒന്നാം നമ്പറിന് തോൽവി

Latest News