Saturday , May   26, 2018
Saturday , May   26, 2018

ഹറമിന് സമീപം നൂറോളം കഫ്റ്റീരിയകൾ അടപ്പിച്ചു

മക്ക- വിശുദ്ധ ഹറമിനു സമീപം നൂറോളം റെസ്റ്റോറന്റുകളും കഫ്റ്റീരിയകളും മക്ക നഗരസഭക്കു കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് അടപ്പിച്ചു. തൊഴിലാളികൾക്ക് ഹെൽത്ത് സർട്ടിഫിക്കറ്റില്ലാത്തതിനും സ്ഥാപനങ്ങളിൽ പ്രാണികളുടെ സാന്നിധ്യവും ഭക്ഷണം തയാറാക്കുന്ന സ്ഥലം ഉപയോക്താക്കൾക്ക് കാണാൻ സാധിക്കാത്ത വിധം മറച്ചതിനും മറ്റു നിയമ ലംഘനങ്ങൾക്കുമാണ് 93 റെസ്റ്റോറന്റുകളും കഫ്റ്റീരിയകളും അടപ്പിച്ചതെന്ന് നഗരസഭയിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് മേധാവി മൻസൂർ ബാൽബൈദ് പറഞ്ഞു. 
ഉംറ സീസൺ ആരംഭിച്ച ശേഷം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ രാവിലെയും വൈകിട്ടും പരിശോധനകൾ നടത്തുന്നുണ്ട്. ഹറമിനു സമീപത്തെ 474 റെസ്റ്റോറന്റുകളിലും കഫ്റ്റീരിയകളിലുമാണ് സമീപ കാലത്ത് പരിസ്ഥിതി ആരോഗ്യ വകുപ്പ് സംഘങ്ങൾ പരിശോധന നടത്തിയത്. ഇക്കൂട്ടത്തിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 93 സ്ഥാപനങ്ങൾ അടപ്പിച്ചു. 
പരിശോധനക്കായി 2277 സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചു. ഇതിൽ 2209 സാമ്പിളുകൾ ഉപയോഗയോഗ്യമാണെന്നും 68 എണ്ണം ഉപയോഗശൂന്യമാണെന്നും പരിശോധനയിൽ വ്യക്തമായി. 
259 സ്ഥാപനങ്ങളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. ഇതിൽ മൂന്നു സാമ്പിളുകൾ ഒഴികെയുള്ളവയെല്ലാം ഉപയോഗയോഗ്യമാണെന്ന് വ്യക്തമായി. 
നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായും മൻസൂർ ബാൽബൈദ് പറഞ്ഞു.