Monday , February   26, 2018
Monday , February   26, 2018

സ്വകാര്യ മേഖലയുടെ കുടിശ്ശിക വേഗത്തിൽ തീർക്കുന്നതിന്  രാജാവിന്റെ നിർദേശം

റിയാദ് - സർക്കാർ പദ്ധതികളും കരാറുകളും ഏറ്റെടുത്ത് നടപ്പാക്കിയ വകയിൽ സ്വകാര്യ മേഖലാ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും മുഴുവൻ കുടിശ്ശികയുടെയും കണക്കെടുത്ത് വേഗത്തിൽ അവ വിതരണം ചെയ്യുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകി. കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് കരാറുകാർ അടക്കമുള്ളവരുടെ കുടിശ്ശികകൾ വേഗത്തിൽ തീർക്കുന്നതിന് രാജാവ് നിർദേശിച്ചതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി അറിയിച്ചു. കുടിശ്ശിക വിതരണം വൈകാതിരിക്കുന്നതിന് ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 
കരാറുകാരുടെ മുഴുവൻ കുടിശ്ശികകളുടെയും കണക്കെടുക്കുന്നതിനും തരംതിരിക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിനും രാജാവ് നിർദേശിച്ചു. കുടിശ്ശിക വിതരണം വൈകുന്നതിനുള്ള കാരണം ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. കുടിശ്ശിക വിതരണത്തിന് ആവശ്യമായ രേഖകൾ ധനമന്ത്രാലയത്തിന് സമർപ്പിക്കുന്നതിൽ ചില സർക്കാർ വകുപ്പുകൾ കാലതാമസം വരുത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുന്നതിനും നിർദേശമുണ്ട്. കുടിശ്ശിക വിതരണം വേഗത്തിലാക്കുന്നതിന് അനുയോജ്യമായ പോംവഴികൾ കമ്മിറ്റി തയാറാക്കും.  ഭാവിയിൽ കുടിശ്ശിക വിതരണം വൈകാതെ നോക്കുന്നതിനുള്ള സംവിധാനങ്ങൾക്കും കമ്മിറ്റി രൂപം നൽകും. 

 

Latest News