Monday , January   21, 2019
Monday , January   21, 2019

ഇന്ത്യൻ സിനിമയിലെ ആദ്യകാല നായിക ഉംറ നിർവഹിക്കാൻ പുണ്യഭൂമിയിൽ

നിമ്മി ജിദ്ദയിൽ കുടുംബ സുഹൃത്ത്  ഡോ. അംറീന്റെ വസതിയിൽ  


ജിദ്ദ- അമ്പതുകളിലെയും അറുപതുകളിലെയും ഹിന്ദി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ വീരാരാധനയുടെ വിസ്മയ മുദ്രകൾ കൊത്തിവെച്ച പ്രശസ്ത താരം നിമ്മി റാസ പരിശുദ്ധ ഉംറയുടെ നിറവിൽ. ഈ വരുന്ന ഞായറാഴ്ച (ഫെബ്രുവരി 18) 85 വയസ്സ് തികയുന്ന നിമ്മിയെ പുതിയ തലമുറയ്ക്ക് പരിചയം കാണില്ല. പക്ഷേ രാജ്കപൂർ, ദേവ് ആനന്ദ്, ദിലീപ് കുമാർ, സുനിൽദത്ത്, സഞ്ജീവ് കുമാർ തുടങ്ങി ബോളിവുഡിന്റെ ജാതകം തിരുത്തിയെഴുതിയ നായകന്മാരോടൊപ്പം ആടിപ്പാടിയ ഈ താരറാണിയുടെ വശ്യമായ അഭിനയം ഒരിക്കലെങ്കിലും കണ്ടവർക്ക് ഈ മുഖം മറക്കാനുമാവില്ല. ആൻ എന്ന പ്രസിദ്ധ സിനിമയിൽ പാടി അഭിനയിച്ച നിമ്മിയെ ലോകമെങ്ങുമുള്ള ആസ്വാദകർ ഏറ്റുവാങ്ങിയ ഒരു കാലമുണ്ടായിരുന്നു. ഈ സിനിമയുടെ ഇംഗ്ലീഷ് റിമേക്കിലും നായിക നിമ്മി തന്നെ. സാവേജ് പ്രിൻസസ് എന്ന പേരിലിറങ്ങിയ ഇംഗ്ലീഷ് സിനിമയിലെ ചുംബന രംഗം അഭിനയിക്കാൻ ഇവർ വിസമ്മതിച്ചത് ഷൂട്ടിംഗ് ലൊക്കേഷനിൽ അക്കാലത്ത് വിവാദമുണ്ടാക്കി. ഇന്ത്യയിൽ നിന്നെത്തിയ അചുംബിത നായിക എന്നായിരുന്നു നിമ്മിയെക്കുറിച്ച് ലണ്ടൻ പത്രങ്ങളെഴുതിയതത്രേ.
'പഴയ ആളുകൾ പോലും എന്നെ മറന്നു. പക്ഷേ ഹിന്ദി സിനിമയും മുംബൈയുമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. പതിനൊന്നാം വയസ്സിൽ ഉമ്മ  മരിച്ചു. ഉമ്മ നല്ല പാട്ടുകാരിയായിരുന്നു. ആഗ്രയിലായിരുന്നു ഞങ്ങളുടെ വീട്. ബാപ്പ അബ്ദുൽ ഹക്കീം സൈനിക ക്യാമ്പിലെ കോൺട്രാക്ടറായിരുന്നു. ഉമ്മയുടെ മരണശേഷം മുത്തശ്ശിയോടൊപ്പം അന്ന് പാക്കിസ്ഥാനിലെ അബോട്ടാബാദിലേക്ക് പോയി. വിഭജന ശേഷം ബന്ധുവായ ജ്യോതിയുടെ ഭർത്താവും പ്രമുഖ സിനിമാ പ്രവർത്തകനുമായ ജി.എം. ദുറാനി വഴിയാണ് മുംബൈയിലെത്തിയത്. ആദ്യ സിനിമാ ഷൂട്ട് - അന്ദാസ് - കാണാൻ പോയി. നിർമാതാവ് മെഹ്ബൂബ് ഖാൻ ആ സിനിമയിൽ നർഗീസിന്റെ ഉപനായികയായി അഭിനയിക്കാൻ ക്ഷണിച്ചെങ്കിലും നാണം കൊണ്ട് ഞാൻ മാറി നിന്നു...'
ജിദ്ദയിൽ ആതിഥേയയായ അസീസിയയിലെ നസീം ജിദ്ദ പോളിക്ലിനിക്കിലെ ഡോ. അംറീന്റെ വീട്ടിലിരുന്ന് നിമ്മിയെന്ന ഈ അഭിനേത്രി പതിറ്റാണ്ടുകൾക്ക് പിറകിലേക്ക് സഞ്ചരിക്കേ ഏറെ നേരം നിർന്നിമേഷയായി. ഓർമകളിൽ പരതുമ്പോഴും ആദ്യകാല നായകരേയും സംവിധായകരേയും ഓർക്കുമ്പോഴും ആ കണ്ണുകളിൽ നനവ് പടർന്നു.


അമർ, കുന്ദൻ, ബസന്ത് ബഹാർ, ഭായി ഭായി, മുഗൾ എ അഅ്‌സം തുടങ്ങി നൂറോളം സിനിമകളിൽ വേഷമിട്ട നിമ്മിയെത്തേടി നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങളുമെത്തി. ആദ്യ നായകൻ പ്രേംനാഥിനെക്കുറിച്ച് പറയവേ അവർ വീണ്ടും മൗനിയായി. 1949 ൽ ആദ്യ സിനിമ - ബർസാത്ത്. അവസാന ചിത്രം മുഗൾ എ അഅ്‌സം. 1986 ൽ പൂർത്തിയാകാത്ത ഒരു ചിത്രം. ഇതോടെ 37 വർഷം നീണ്ട സിനിമാ ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്ന് അണിയറയിലേക്ക് പിൻവാങ്ങിയ മഹാപ്രതിഭ. ഒരു പക്ഷേ ഹിന്ദി സിനിമയിൽ ഇന്ന് നക്ഷത്ര ജ്വാലകളായി വെട്ടിത്തിളങ്ങുന്ന മഹാനടന്മാരും നടിമാരും പോലും ഓർക്കുന്നുണ്ടാവില്ല, സായംകാലത്തിലും കെട്ടുപോകാത്ത മഹാസ്മരണകൾ കാത്ത് വെച്ച ഈ പഴയകാല നായികയെ. 
സെക്രട്ടറിയോടും സഹായിയോടുമൊപ്പം ഉംറ നിർവഹിക്കാനെത്തിയ ഇവർ 22 ന്  മുംബൈയിലേക്ക് തിരിച്ചുപോകും 


 

Tags

Latest News