Wednesday , August   22, 2018
Wednesday , August   22, 2018

ഇന്ത്യൻ ഓഹരി വിപണി ഇനിയും  തിരിച്ചുവരവിന്റെ പാതയിലായില്ല

വിൽപ്പന സമ്മർദ്ദത്തിന്റെ ആക്കം കുറഞ്ഞങ്കിലും ഇന്ത്യൻ മാർക്കറ്റ് ഇനിയും തിരിച്ചു വരവിന്റെ പാതയിലായില്ല. യു എസ്- യൂറോപ്യൻ വിപണികളിലെ മാന്ദ്യമാണ് ഫണ്ടുകളെ വിൽപ്പനക്ക് പ്രേരിപ്പിക്കുന്നത്. ഡെയ്‌ലി ചാർട്ടിൽ ബോംബെ സെൻസെക്‌സും നിഫ്റ്റിയും ഓവർ സോൾഡാണ്.സെൻസെക്‌സ് 1060 പോയിന്റും നിഫ്റ്റി 305 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. മൂന്ന് ശതമാനത്തോളം നഷ്ടത്തിൽ നീങ്ങുന്ന വിപണിയിൽ ഈ വാരം കാര്യമായ ചാഞ്ചാട്ടങ്ങൾക്ക് ഇടയില്ല. ശിവരാത്രി മൂലം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും. ബോംബെ സെൻസെക്‌സ് റെക്കോർഡായ 36,268 ൽനിന്ന് വീക്ഷിച്ചാൽ 32,686 പോയിന്റ് വരെ തിരുത്തൽ തുടരാം. വാരാന്ത്യം സെൻസെക്‌സ് 34,005 ലാണ്. കഴിഞ്ഞവാരം 34,828 ൽ നിന്നുള്ള തകർച്ചയിൽ 33,550 വരെ താഴ്ന്നിരുന്നു. ഈ വാരം 33,427 ലെ താങ്ങ് നിലനിർത്തിയാൽ 34,705 ലേക്കും തുടർന്ന് 35,405 ലേക്കും സൂചിക കയറാം. എന്നാൽ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 32,849 ലേക്കും തുടർന്ന് 32,149 പോയിന്റിലേക്ക് ഫെബ്രുവരി 22 തീയതിയോടെ സൂചിക തളരാം. 
നിഫ്റ്റി 10,690 ൽ നിന്നുള്ള വിൽപ്പന തരംഗത്തിൽ 10,300 ലെ താങ്ങ് ഒരു വേള നഷ്ടമായെങ്കിലും വാരാവസാനം സൂചിക 10,496 ലേക്ക് ഉയർന്നു. വാരമധ്യം വരെ 10,284 ലെ സപ്പോർട്ട് നിലനിർത്തിയാൽ 10,698-10,901 പോയിന്റ് ലക്ഷ്യമാക്കി വിപണി നീങ്ങും. അതേ സമയം ആദ്യ സപ്പോർട്ട് നഷ്ടമായാൽ 10,073-9870 ലേക്ക് പരീക്ഷണങ്ങൾ നടക്കാം. 
മുൻനിരയിലെ പത്ത് കമ്പനികളുടെ വിപണി മൂല്യത്തിൽ 1,11,986 കോടി രൂപയുടെ മൂല്യ തകർച്ച. മുൻ നിര ഐ റ്റി കമ്പനിയായ റ്റി സി എസിന്റെ മൂല്യത്തിൽ 33,854.18 കോടി രൂപയുടെ ഇടിവ്. ആർ ഐ എൽ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, മാരുതി, എസ് ബി ഐ, ഇൻഫോസീസ്, ഒ എൻ ജി സി തുടങ്ങിയവക്കും തിരിച്ചടി. മുൻ നിര ഓഹരികളായ സൺ ഫാർമ്മ, ഡോ: റെഡീസ്, കോൾ ഇന്ത്യ തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ റ്റി സി എസ്, ഇൻഡസ് ബാങ്ക്, എൽ ആന്റ് റ്റി തുടങ്ങിയവയുടെ നിരക്ക് താഴ്ന്നു. വിദേശ ഓപ്പറേറ്റർമാർ ഏഴ് ദിവസത്തിനിടയിൽ  3838 കോടി രൂപ ഇന്ത്യയിൽ നിന്ന് പിൻവലിച്ചു. ജനുവരിയിൽ 13,780 കോടി രൂപയാണ് അവർ നിക്ഷേപിച്ചത്. അതേസമയം ഓപ്പറേറ്റർമാർ കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ 4600 കോടി രൂപ കടപത്രത്തിൽ നിക്ഷേപിച്ചു. കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള മികച്ച പ്രവർത്തന റിപ്പോർട്ടുകളും ക്രൂഡ് ഓയിൽ വില കുറയുന്നതുമെല്ലാം വിദേശ ഫണ്ടുകളെ വീണ്ടും നിക്ഷേപകരാക്കാം. രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് വീണ്ടും തളർച്ച. രണ്ട് വർഷത്തിനിടയിൽ ആദ്യമായി ബാരലിന് 3.2 ശതമാനം പ്രതിവാര നഷടമാണ് എണ്ണക്ക് നേരിട്ടത്. ബാരൽ 58.07 ഡോളറിലാണ്.  
കെ.ബി. ഉദയഭാനു