Tuesday , February   19, 2019
Tuesday , February   19, 2019

സോഷ്യൽ മീഡിയ എന്ന പ്രചാരണായുധം

കൊച്ചുകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകളോട് എന്നും മലയാളികൾക്ക് ആവേശമാണല്ലോ. നമ്മുടെ ആദ്യ ചലച്ചിത്രം  'വിഗതകുമാരൻ' മുതൽ എത്രയോ സിനിമകളുടെ പ്രമേയമാണത്. ആ ആവേശത്തിന്റെ തുടർച്ചയാണ് ഇപ്പോഴും കാണുന്നത്. ഇപ്പോൾ പക്ഷെ അവ വംശീയവൈരത്തിനായി പോലും ഉപയോഗിക്കുന്നു. കഴിഞ്ഞ ഒരു മാസമായി വാട്സ് ആപിലൂടെ പ്രചരിച്ച ഇത്തരം 30 പോസ്റ്റുകൾ പരിശോധിച്ച തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ ഓഫീസർ സുബൈർ പറയുന്നത് 29 ഉം പച്ചക്കള്ളമാണെന്നാണ്. ഒരേ ഒരു കേസിൽ മാത്രമാണ് കുട്ടിയുടെ സംശയത്തിന്റെ ബലമെങ്കിലുമുളളത്.  

മുഖ്യധാരാ മാധ്യമങ്ങൾ പല കാരണങ്ങളാലും അവഗണിക്കുന്ന വളരെ ഗുരുതരമായ വിഷയങ്ങളും കേരളീയസമൂഹത്തിനു മുന്നിൽ കൊണ്ടുവരുന്നത് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളാണ്. തിരുവനന്തപുരത്ത് ശ്രീജിത്തിന്റെ വിഷയത്തിൽ കണ്ടപോലെ അവ പലപ്പോഴും വൻപ്രക്ഷോഭങ്ങൾക്കും വഴി തുറക്കും. തീർച്ചയായും ആധുനികകാലത്തിന്റെ മാധ്യമം സോഷ്യൽ മീഡിയ തന്നെ. എന്നാൽ പലപ്പോഴും വളരെ നിഷേധാത്മക റോളാണ് സോഷ്യൽ മീഡിയയിലൂടെ പലരും ചെയ്തു കൊണ്ടിരിക്കുന്നത്. അക്കാര്യത്തിലാകട്ടെ കേരളം വളരെ മുന്നിലുമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന പേരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കും ഭിക്ഷക്കാർക്കും ട്രാൻസ്‌ജെന്റേഴ്‌സിനുമെതിരെ നടക്കുന്ന വ്യാപകമായ പ്രചാരണം. ഇതെത്തുടർന്ന് ഈ മൂന്നു കൂട്ടർക്കുമെതിരെ ഭീകരമായ അക്രമങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തും നടക്കുന്നത്. പല ഭാഗങ്ങളിലും പുറത്തിറങ്ങാനോ തൊഴിലിനു പോകാനോ കഴിയാത്ത അവസ്ഥയിലാണ് ഇതരസംസ്ഥാനത്തൊഴിലാളികൾ. പുറത്തിറങ്ങുമ്പോൾ പലരും തങ്ങളുടെ ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിലിടുകയാണെന്നവർ പറയുന്നു. ഇരുപതും മുപ്പതും വർഷമായി കച്ചറ പെറുക്കിയും മറ്റു തൊഴിലുകൾ ചെയ്തും ജീവിക്കുന്ന തമിഴർ പോലും ആക്രമിക്കപ്പെടുന്നു. ഭിക്ഷക്കാരുടേയും ട്രാൻസ്‌ജെന്റേഴ്‌സിന്റേയും അവസ്ഥ പറയേണ്ടതില്ലല്ലോ.
നുണക്കഥകളുമായാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്ന് ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർ ഇത്തരം പ്രചാരണം വിശ്വസിക്കരുതെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ഫലമില്ലെന്നതാണ് യാഥാർത്ഥ്യം. കൊച്ചുകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകളോട് എന്നും മലയാളികൾക്ക് ആവേശമാണല്ലോ. നമ്മുടെ ആദ്യ ചലച്ചിത്രം  'വിഗതകുമാരൻ' മുതൽ എത്രയോ സിനിമകളുടെ പ്രമേയമാണത്. ആ ആവേശത്തിന്റെ തുടർച്ചയാണ് ഇപ്പോഴും കാണുന്നത്. ഇപ്പോൾ പക്ഷെ അവ വംശീയവൈരത്തിനായി പോലും ഉപയോഗിക്കുന്നു. കഴിഞ്ഞ ഒരു മാസമായി വാട്സ് ആപിലൂടെ പ്രചരിച്ച ഇത്തരം 30 പോസ്റ്റുകൾ പരിശോധിച്ച തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ ഓഫീസർ സുബൈർ പറയുന്നത് 29 ഉം പച്ചക്കള്ളമാണെന്നാണ്. ഒരേ ഒരു കേസിൽ മാത്രമാണ് കുട്ടിയുടെ സംശയത്തിന്റെ ബലമെങ്കിലുമുളളത്.  കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും കാണാതായതിൽ 49 കുട്ടികളെയാണ് കണ്ടുകിട്ടാനുള്ളത്. ഏറെക്കുറെ എല്ലാവരും 15 വയസിന് മുകളിലുള്ളവരാണെന്നും സുബൈർ പറയുന്നു. കൗമാരക്കാരുടെ പ്രണയവും ജോലിയന്വേഷിച്ചുള്ള നാടുവിടലും സാഹസികതയുമെല്ലാം ഇവിടെ കൂട്ടി വായിക്കപ്പെടണമെന്നും ഓർമ്മിപ്പിക്കുന്നു. 
ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭക്കു നൽകിയ കണക്കുകൾ പരിശോധിച്ചാൽ കാര്യങ്ങൾ കുറെ കൂടി വ്യക്തമാകും. കഴിഞ്ഞ വർഷം (2017) കേരളത്തിൽ നിന്നും 1774 കുട്ടികളെ കാണാതായി.  തട്ടിക്കൊണ്ട് പോയി എന്നല്ല കാണാതായി എന്ന്. ഇതിൽ  1472 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുളളത്. അതായത് കേസ് രജിസ്റ്റർ ചെയ്യാനെടുക്കുന്ന സമയത്തിനും മുമ്പേ 302 കുട്ടികൾ തിരിച്ചുവന്നു. 1725 കുട്ടികൾ പിന്നീട് തിരിച്ചു വരികയോ കണ്ടെത്തുകയോ ചെയ്തു. 49 കുട്ടികളെ ഇത് വരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി 199 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിൽ 188 പേരും (94. 47%) ഭാഗ്യവശാൽ മലയാളികളാണ്. ബാക്കി ആറുപേർ തമിഴ്നാട്ടുകാരും ഒരാൾ കർണാടകക്കാരനും രണ്ടു വീതം പേർ ആസാമികളും ബംഗാളികളുമാണ്. ഈ പ്രചാരണങ്ങൾക്ക് ഇതിൽപരം മറുപടി വേറെന്തു വേണം?  കേരളത്തിൽ 10 ലക്ഷത്തിലധികം ഇതര സംസ്ഥാനക്കാരുണ്ടെന്നാണ് വെപ്പ്. ഇതിൽ 11 പേരാണ് 2017 ൽ തട്ടിക്കൊണ്ട് പോകൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതിന്റെ പേരിലാണ് മുഴുവൻ പേരേയും നാം പ്രതികൂട്ടിൽ നിർത്തുന്നത്. ഇതേ ശൈലി മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും സ്വീകരിച്ചാൽ എന്തായിരിക്കും മലയാളികളുടെ അവസ്ഥ എന്നു കൂടി ചിന്തിച്ചാൽ ചിത്രം കൂടുതൽ വ്യക്തമാകും. 
ലോകം മുഴുവനെത്തുന്നവരാണ് മലയാളി എങ്കിലും ഇനിയും പ്രവാസികളെ കുറിച്ച് ഒന്നുമറിയാത്തവരാണ് നാം. അടുത്തയിടെ ഇതരസംസ്ഥാനത്തൊഴിലാളികളെ കുറിച്ച് സി. എസ് വെങ്കിടേശ്വരൻ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് മലയാളികൾ എന്തുകൊണ്ട് ഞങ്ങളുടെ മുഖത്ത് നോക്കുന്നില്ല എന്നായിരുന്നു. ഒരു ഇതര സംസ്ഥാന തൊഴിലാളി ലേഖകനോട് ചോദിച്ച ചോദ്യമാണത്.  സത്യത്തിൽ ഇവരില്ലെങ്കിൽ കേരളം അക്ഷരാർത്ഥത്തിൽ സ്തംഭിക്കും. എന്നാൽ നാമവരോട് പെരുമാറുന്നത് ഒരിക്കലും തുല്യനിലയിലുള്ള മനുഷ്യരോട് പെരുമാറുന്ന പോലെയല്ല എന്നതല്ലേ സത്യം?  ലഭ്യമായ കണക്കുകളനുസരിച്ച് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളുടെ കണക്ക് പ്രവാസി മലയാളികളേക്കാൾ കുറവാണ്. കേരളത്തിലുള്ള മലയാളികളേക്കാളും കുറവാണ്. ഈ സാഹചര്യത്തിൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർ ഫലത്തിൽ നിഷേധിക്കുന്നത് ഇന്ത്യയിൽ എല്ലാവർക്കും തുല്യനീതി എന്ന സങ്കൽപ്പമാണ്. കൊട്ടിഘോഷിക്കുന്ന ഇന്ത്യൻ അഖണ്ഡതെയ എന്നർത്ഥം. എന്നാൽ ദേശീയതയുടേയും അഖണ്ഡതയുടേയും വക്താക്കൾ പോലും ഇത് കാണുന്നില്ല എന്നർത്ഥം. മറുവശത്ത് ട്രാൻസ് സൗഹൃദ സംസ്ഥാനം എന്ന് കൊട്ടിഘോഷിക്കുമ്പോഴും, അവരേയും കുറ്റവാളികളാണെന്ന് ആരോപിച്ച് ഭയാനകമായ രീതിയിൽ മർദ്ദിക്കുമ്പോഴും കയ്യുംകെട്ടി നോക്കി നിൽക്കുകയാണ് ഉത്തരവാദിത്തമുള്ളവർ. എന്നാലും എല്ലാവരും അവകാശപ്പെടും, കേരളം നമ്പർ വൺ എന്ന്. ഈ വംശീയവെറിക്ക് ഇവരുപയോഗിക്കുന്നത് ആധുനിക ലോകത്തിന്റെ മാധ്യമമായ സോഷ്യൽ മീഡിയയാണെന്നതാണ് ഏറ്റവും വലിയ വൈരുധ്യം.