Tuesday , February   19, 2019
Tuesday , February   19, 2019

സന്തോഷത്തിന്റെ തൂക്കവും  ഉള്ളടക്കവും

മലയാള മനോരമ ഈയിടെ തുടങ്ങിയിട്ടുള്ളതാണ് 'ശുഭദിന'വും 'ഹായ്' എന്ന പംക്തിയും. ശുഭദിനത്തിൽ ഗുണപാഠങ്ങളും സുഭാഷിതങ്ങളും ഉരുക്കഴിക്കുന്നു.  എന്തെങ്കിലും രസിക്കുമ്പോൾ നമ്മൾ പുറപ്പെടുവിക്കുന്ന ശബ്ദമാണ് ഹായ്.  അങ്ങനെ രസം വരുത്തുന്നതായി കരുതി കഴിഞ്ഞയാഴ്ച അവതരിപ്പിച്ചതാണ് ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറുടെ ഒരു പ്രയോഗം: സന്തോഷത്തിന്റെ താക്കോൽ.
ജീവനം അദ്ദേഹത്തിന്റെ കയ്യിൽ ഒരു കലയാകുന്നുവോ, സന്തോഷത്തിന്റെ പൂട്ട് തുറക്കാനുള്ള താക്കോൽ അദ്ദേഹം മടിയിൽ സൂക്ഷിക്കുന്നുവോ എന്നൊന്നും എനിക്കറിയില്ല. എന്നാൽ സന്തോഷത്തിന്റെ താക്കോലിനെപ്പറ്റി വായിച്ചപ്പോൾ ഫ്രോയ്ഡിനോളം തലപ്പൊക്കം ഉണ്ടായിരുന്ന കാൾ യൂങ്ങിനെ ഓർത്തുപോയി. 
സമകാലസംഭവമെന്നോ മറ്റോ അർഥം പറയാവുന്ന synchronictiy എന്ന ഒരു തിയറി യൂങ് ഉണ്ടാക്കിയിരുന്നു.  ഒന്നും ആകസ്മികമായി സംഭവിക്കുന്നതല്ല എന്നദ്ദേഹം വാദിച്ചു.  എല്ലാം അർഥപൂർണമായ യാദൃഛികതയാണെന്നുപോലും പറയാം.  അതു ശരിവെക്കുന്നതായി കഴിഞ്ഞ ആഴ്ചത്തെ അനുഭവം.  മനോരമയിൽ സന്തോഷത്തിന്റെ താക്കോൽ തിരിഞ്ഞപ്പോൾ എന്റെ വായനക്കളത്തിൽ പലയിടത്തും അതുപോലത്തെ കാര്യങ്ങൾ കറങ്ങുകയായിരുന്നു.  
ആദ്യം ശ്രദ്ധയിൽപെട്ടത് പഴയ ഒരു ബി ബി സി ലേഖനമായിരുന്നു.  ഞാനെന്നോ വായിച്ചു മറിച്ച ഒരു പ്രബന്ധം എനിക്കു തന്നെ വീണ്ടും വന്നിരിക്കുന്നു.  മാത്യു റിച്ചാർഡ് എന്ന ഫ്രഞ്ചുകാരൻ ഏതാനും കൊല്ലം മുമ്പ് ടിബറ്റൻ ബുദ്ധസന്ന്യാസിയായി.  ധ്യാനത്തിന്റെയും തന്ത്രത്തിന്റെയും മറ്റും ആചാര്യനായി.  ആനന്ദത്തിന്റെ അന്വേഷകനായിരുന്നല്ലോ ഗൗതമബുദ്ധൻ. അഭിനവബുദ്ധനായ മാത്യു റിച്ചാർഡിനെ ചിലർ ഏറ്റവും സന്തുഷ്ടനായ മനുഷ്യൻ എന്നു വിശേഷിപ്പിക്കുന്നു.  അതു ചോദ്യം ചെയ്യുകയല്ല, പക്ഷേ ആനന്ദം അളക്കുന്നതെങ്ങനെ എന്ന പ്രശ്‌നം ഉത്തരമില്ലാതെ അലഞ്ഞുകൊണ്ടിരിക്കുന്നു.  
പത്തു കിട്ടുകിൽ എത്ര സന്തോഷമാകും?  ശതമാകിൽ? സന്തോഷം കൂടുമോ? എങ്കിൽ എത്ര? നമുക്ക് പരിചയമുള്ള അളവ് മീറ്ററും ലിറ്ററും ഗ്രാമുമാണ്.  ആ വഴക്കത്തിൽ സന്തോഷം അളക്കാമോ?  ഒരു കിലോ സന്തോഷം?  'ആയിരം പണം കയ്യിലുണ്ടാകുമ്പോൾ' ഒരു ക്വിന്റൽ സന്തോഷമാകുമോ?  ഒരു നിശ്ചയമില്ലയൊന്നിനും എന്നേ പറയേണ്ടൂ.  പണം കീശയിൽ നിറയുന്നതോ ഹൃദ്യമായ ഒരു നീലാംബരി കേൾക്കുന്നതോ കൂടുതൽ സന്തോഷം?  വള്ളത്തോളിനെ വിശ്വസിക്കാമെങ്കിൽ, ആനന്ദലബ്ധിക്കിനി എന്തു വേണം എന്നു ചോദിക്കാറാകുമ്പോൾ കാവ്യം സുഗേയവും, കഥ രാഘവീയവും, കർത്താവ് തുഞ്ചത്ത് ഉളവായ ദിവ്യനുമായിരിക്കും.  പത്തും ശതവും സഹസ്രവും കിട്ടാതെയും സന്തോഷമുണ്ടാകാം എന്നർഥം. 
ആനന്ദത്തിന്റെ ധനബന്ധം അപ്പാടേ അംഗീകരിക്കാത്ത ചിന്തകർ പലരുണ്ട്.  എന്നെ ഓൺലൈൻ ശ്രോതാവായി പിടിച്ചിരുത്തുന്ന അനുഭവാനന്ദ സരസ്വതിയാണ് അവരിൽ ഒരു ദിവ്യൻ.  ആധ്യാത്മികതയും ഫലിതവും ഒത്തുചേർന്നു പോകുന്ന പതിവില്ല.  അതു പതിവാക്കിയിരിക്കുന്ന ആളാണ് അനുഭവാനന്ദ.  അദ്ദേഹത്തിന്റെ പ്രസംഗപരമ്പരയുടെ പേരുതന്നെ രസം പകരും: മൗസ് മേ രഹോ.  പരുക്കനായി പറഞ്ഞാൽ, കളിച്ചു രസിക്കൂ.  
ആനന്ദത്തിന്റെ ആകത്തുകയാണ് ചിരി.  ചിരി വരുത്താനുള്ള വിദ്യകൾ ഏതും പ്രയോഗിച്ചു നോക്കാം.  രവിശങ്കറും കൂട്ടരും പ്രോൽസാഹിപ്പിക്കുന്നതാണ് ആനന്ദോൽസവം.  അതിന്റെ ഉള്ളടക്കം മറ്റൊന്നുമല്ല, ചിരിയോടു ചിരി തന്നെ. ചെറുപ്പക്കാരുടെ ശൈലിയിൽ പറഞ്ഞാൽ, മസില് പിടിച്ചിരിക്കുന്നവരെ ഒന്നു കുലുക്കി വിടുക.  മസിലു പിടിച്ചിരിക്കുമ്പോൾ ചിരിവരില്ല.  ചിരി അങ്ങു പടരാൻ തുടങ്ങിയാലോ, പിന്നെ ആനന്ദം തന്നെ, ആനന്ദം.  
ആനന്ദമില്ലാതെയും ചിലപ്പോൾ ചിലർ ചിരിച്ചെന്നുവരാം എന്നുകൂടി പറഞ്ഞുവെക്കട്ടെ.  തല തിരിഞ്ഞാൽ കാരണമില്ലാതെ ചിരിക്കാം. താൻ വരച്ച ചിത്രം നോക്കി ചിരിച്ചു ചത്ത ആളാണ് സ്യൂക്‌സിസ്. വിഖ്യാതനായ ആ യവനചിത്രകാരനോട് ഒരു ലോകൈകസുന്ദരിയുടെ പടം വരയ്ക്കാൻ ഒരു കുബേര കൽപിച്ചു.  അവർ തന്നെയാകും സുന്ദരിയുടെ രൂപമാതൃക എന്നും നിഷ്‌കർഷിക്കപ്പെട്ടു.  അവരെ പക്ഷേ കാണാൻ കൊള്ളുമായിരുന്നില്ല.  എന്നാലും സ്യൂക്‌സി ലോകസുന്ദരിയുടെ പടം പണിതുകൊടുത്തു.  കൊടുക്കാൻ നേരത്ത് തന്റെ തന്നെ സൃഷ്ടി നോക്കി ചിരിച്ചു ചിരിച്ച് സ്യൂക്‌സിസ് മരിച്ചു എന്നാണ് കഥ.  ആനന്ദത്തിന്റെയും ചിരിയുടെയും ഇടയിൽ മരണം തള്ളിക്കയറുന്ന കഥ.  
സന്തോഷത്തിനും സന്താപത്തിനും നിന്നുകൊടുക്കാത്തവരാണ് സന്ന്യാസിമാർ.  ദുഃഖത്തിൽ വീഴാതെയും സുഖത്തിൽ ആശ വെക്കാതെയുമുള്ള അവരെ ഗീത സ്ഥിതപ്രജ്ഞർ എന്നു നിർവചിച്ചു. പക്ഷേ നമ്മുടെ പാരമ്പര്യത്തിൽ എല്ലാ സന്ന്യാസിമാരും ആനന്ദന്മാരായി, പേരിലെങ്കിലും.  അവർക്ക് ചൊല്ലാൻ ആരോ ഉണ്ടാക്കിയിട്ടുപോയ അഷ്ടകത്തിലെ രണ്ടു വരി ഇങ്ങനെ: 'എനിക്കു ദ്വേഷമില്ല, രാഗമില്ല, മദമില്ല, മാൽസര്യഭാവമില്ല, എനിക്കു ധർമ്മവും അർഥവും കാമവും മോക്ഷവുമില്ല, ഞാൻ ചിദാനന്ദരൂപമാകുന്നു.' അങ്ങനെയൊക്കെയാണെങ്കിൽ ആനന്ദം അനുഭവിക്കാൻ ഒരിടം എവിടെ? 
ആനന്ദം ധനാപേക്ഷിതമല്ലെന്നാണല്ലോ ഇവിടെ വ്യംഗ്യം.  മറിച്ചാണ് പൊതുവേ ധാരണ, പണ്ടേക്കു പണ്ടേ.  ആഗ്രഹപൂർത്തീകരണമാണ് ആനന്ദം.  ധനശാസ്ത്രജ്ഞന്റെ നോട്ടത്തിൽ, ആഗ്രഹം എണ്ണമറ്റതും അതു നിറവേറ്റാനുള്ള വിഭവം പരിമിതവുമാകുന്നു.  അതുകൊണ്ട് ആഗ്രഹത്തെയും വിഭവത്തെയും ക്രമീകരിക്കുകയാണ് ആനന്ദത്തിലേക്കുള്ള ഒരു വഴി.  അതുകൊണ്ട് ചില വാക് ചതുരന്മാർ ധനശാസ്ത്രത്തിന്റെ ആംഗലപദത്തെയും ആനന്ദത്തെയും കൂട്ടിയിണക്കി പുതിയൊരു പദം ഉണ്ടാക്കി: happinomics.  
അതു മാനിക്കാത്തവരാണ് ധനശാസ്ത്രജ്ഞന്മാരിലും ദാർശനികന്മാരിലും പലരും.  സന്തോഷത്തിന്റെ ധനശാസ്ത്രത്തെപ്പറ്റി എഴുതിയ കേംബ്രിഡ്ജ് പ്രൊഫസർ റിച്ചാർഡ് ലയാർഡ്, പൂന്താനത്തെപ്പോലെ, പത്തു കിട്ടിയാലും പതിനായിരം കിട്ടിയാലും ആനന്ദം വളരുകയില്ലെന്നു വാദിച്ചു.  ലയാർഡിനു മുമ്പേ ജെ.കെ. മേഹ്ത്ത എന്ന ഒരു അലഹാബാദ് അധ്യാപകൻ തന്റേതായ തിയറി ഇറക്കി.  ആഗ്രഹം എണ്ണമറ്റതും വിഭവം മിതവും ആയതുകൊണ്ട് ആഗ്രഹം നിയന്ത്രിക്കുകയാണ് അഭികാമ്യം. നമ്മുടെ ആർഷചിന്തകരെപ്പോലെ അദ്ദേഹവും പറഞ്ഞു, ആഗ്രഹമില്ലായ്മയാണ് ആനന്ദത്തിന്റെ മാർഗം.   
അങ്ങനെ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പണമില്ലാത്ത ആനന്ദത്തെപ്പറ്റി തന്നെ സംസാരം.  പണവും നെട്ടോട്ടവുമായാൽ സന്തോഷമുണ്ടാകുമോ?  ഇല്ലേയില്ല.  സന്താപം ഉണ്ടായെന്നും വരാം.  അന്തമറ്റൊരു ജീവിതമേതോ പന്തയമെങ്കിൽ എന്തതിൽ കാമ്യം? എന്ന മാധവൻ അയ്യപ്പത്തിന്റെ ചോദ്യത്തിനു മറുപടിയുണ്ടോ? വേവലാതിയാണെപ്പൊഴുമെങ്കിൽ ജീവിതം കൊണ്ടു കാര്യമൊന്നുമില്ലെന്ന പക്ഷം നേരത്തേത്തന്നെ ബെർട്രാൻഡ് റസ്സൽ എടുത്തതായിരുന്നു.  ആനന്ദത്തിലേക്കുള്ള മാർഗം വരഞ്ഞിട്ടുകൊണ്ട് അദ്ദേഹം ഒരു പുസ്തകം എഴുതി:  ഠവല ഇീിൂൗലേെ ീള ഒമുുശില.ൈ ആനന്ദത്തെ കീഴടക്കാൻ.  ഒരു പണ്ഡിതൻ ഇങ്ങനെ തർജമ ചെയ്തു: സൗഖ്യാഭിജയം.  രണ്ടു പ്രകരണത്തിലും കീഴടക്കലും ജയിക്കലും ഉണ്ടെന്നു കാണാം.  എല്ലാ കീഴടക്കലുകളിലും വിജയങ്ങളിലും ഒരു കീഴടങ്ങലും ഒരു പരാജയവും നിഴലിക്കുന്നതും സൂക്ഷിച്ചാൽ മനസ്സിലാകും.  അപ്പോൾ ആനന്ദമെന്നു കരുതിയത്, കയർ പാമ്പാകുന്നതുപോലെ, ഒരേ സമയം വേദനയായി മാറുന്നു.  
അപ്പോൾ പിന്നെ എന്താണ് ആനന്ദം?  എങ്ങനെ അതളക്കാം?  മനോരമയുടെ മട്ടിൽ 'ഹായ്' എന്നു വിളിച്ചുപറയാവുന്ന അവസരം ഏതാവും?  ആളുകൾ പലരുള്ളതുപോലെ വഴികളും വേറിട്ടതാകും.  എങ്ങനെ സന്തോഷിക്കാം?  എനിക്കിവിടെയും ശരണം വൈലോപ്പിള്ളി തന്നെ:
ഹാ കഷ്ടം നരജീവിതം ദുരിതമിശ്ശോകം മറക്കാൻ സുഖോദ്
രേകം ചീട്ടുകളിക്കയാം ചിലർ ചിലർക്കാകണ്ഠപാനം പ്രിയം
മൂകം മൂക്കിനു താഴെ കാണ്മു ചിലരിന്നേകം ശിവം സുന്ദരം
ശ്ലോകം ചൊല്ലിയിരിപ്പു ഞങ്ങൾ ചിലരീ ലോകം വിഭിന്നോൽസവം.
അതാണ് കാര്യം.  ലോകം, ജീവിതം, വിഭിന്നോൽസവമാകുന്നു. വിഭിന്നതയാണ് ഉൽസവം. പത്തു കിട്ടുകിൽ എത്ര സന്തോഷമാകും?  ശതമാകിൽ? സന്തോഷം കൂടുമോ? എങ്കിൽ എത്ര? നമുക്ക് പരിചയമുള്ള അളവ് മീറ്ററും ലിറ്ററും ഗ്രാമുമാണ്.  ആ വഴക്കത്തിൽ സന്തോഷം അളക്കാമോ?  ഒരു കിലോ സന്തോഷം?  'ആയിരം പണം കയ്യിലുണ്ടാകുമ്പോൾ' ഒരു ക്വിന്റൽ സന്തോഷമാകുമോ?  ഒരു നിശ്ചയമില്ലയൊന്നിനും എന്നേ പറയേണ്ടൂ.  പണം കീശയിൽ നിറയുന്നതോ ഹൃദ്യമായ ഒരു നീലാംബരി കേൾക്കുന്നതോ കൂടുതൽ സന്തോഷം?  വള്ളത്തോളിനെ വിശ്വസിക്കാമെങ്കിൽ, ആനന്ദലബ്ധിക്കിനി എന്തു വേണം എന്നു ചോദിക്കാറാകുമ്പോൾ കാവ്യം സുഗേയവും, കഥ രാഘവീയവും, കർത്താവ് തുഞ്ചത്ത് ഉളവായ ദിവ്യനുമായിരിക്കും.  പത്തും ശതവും സഹസ്രവും 
കിട്ടാതെയും സന്തോഷമുണ്ടാകാം എന്നർഥം. 

Latest News