Monday , February   18, 2019
Monday , February   18, 2019

ആലി മുസ്‌ലിയാരും വാരിയൻ കുന്നത്തും സ്‌റ്റേജിൽ നിറഞ്ഞു; ഖിലാഫത്തിന്റെ നേർചിത്രം സദസ്യർക്ക് കൗതുകമായി

  • നാടകം അരങ്ങിലെത്തിച്ചത് റിയാദ് കലാഭവൻ

റിയാദ്- ആലി മുസ്‌ലിയാരും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയും ചേക്കുട്ടി പോലീസുമടക്കം മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രമുഖർ വേദിയിൽ നിറഞ്ഞു നിന്നപ്പോൾ ഖിലാഫത്തിന്റെ നേർചിത്രം സദസ്യർക്ക് കൗതുകമായി. മലബാർ ലഹളയും ഖിലാഫത്ത് പ്രസ്ഥാനവും ഉടലെടുത്തതിന്റെ പശ്ചാത്തലവും അതിന്റെ വിവിധ വശങ്ങളും തനതായ രൂപത്തിൽ അവതരിപ്പിച്ചത് കാണികളെ ആവേശഭരിതരാക്കി. മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നാൾവഴികൾ പുതു തലമുറക്കു പരിചയപ്പെടുത്തുന്ന വികാര നിർഭരമായ ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് നാടകം അരങ്ങേറിയത്.
അൽ ഹായിറിലെ അൽ ഒവൈദാ ഫാം ഹൗസിലെ ഓപൺ സ്റ്റേജിൽ ശൈത്യത്തെ പ്രതിരോധിക്കാൻ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു നാടകം സംഘടിപ്പിച്ചത്. ബ്രിട്ടീഷ് രാജും ജന്മിമാരുടെ അതിക്രമങ്ങളും അതിരു കടന്നപ്പോൾ ചെറുത്തു നിൽപ്പിനായി സംഘടിച്ചവർ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ മുൻനിരയിലേക്കിറങ്ങിയതാണ് മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നാൾവഴികൾ. ചരിത്ര മുഹൂർത്തങ്ങൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല; മറിച്ച് അരങ്ങിൽ ജീവിക്കുകയായിരുന്നു.
ജന്മിമാർ നാടു വാണിരുന്ന സാമൂഹിക സാഹചര്യത്തിൽ സ്ത്രീകളും പെൺകുട്ടികളും നിരന്തരം പീഡനത്തിന് ഇരയായി. ബ്രിട്ടീഷ് പോലീസിന്റെ അതിക്രമവും കൊളളയും താണ ജാതിക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. മലബാറിൽ പുതിയ ബ്രിട്ടീഷ് കലക്ടർ ചാർജെടുത്തതോടെ പോലീസ് അഴിഞ്ഞാടി. ചെറുത്തു നിൽപ്പുകളെ തല്ലിച്ചതച്ചു. ഇതെല്ലാമായപ്പോൾ ഖിലാഫത്ത് പ്രസ്ഥാനത്തെ നയിച്ച ആലി മുസ്‌ലിയാർ ആയുധമെടുക്കാൻ ഖിലാഫത്ത് ഭടൻമാർക്ക് അനുമതി നൽകി. സ്ത്രീ പീഡനങ്ങൾ ആവർത്തിച്ചതോടെ കൊയ്ത്തരിവാളുമായി എതിരിടാൻ സ്ത്രീകൾക്ക് കരുത്ത് പകർന്നത് ഖിലാഫത്ത് പ്രസ്ഥാനമാണ്. ഖിലാഫത്ത് പ്രസ്ഥാനത്തെ നയിച്ച ആലി മുസ്‌ലിയാർക്കെതിരെ നിരവധി കളളക്കേസുകൾ ചുമത്തി. തൂക്കു കയറിന് മുന്നിൽ നിന്നു നാടിനും നാട്ടുകാർക്കും വേണ്ടി ധീരതയോടെ ശബ്ദമുയർത്തിയത് ദേശസ്‌നേഹത്തിന്റെ അടയാളമായി മാറി.  


സാംസ്‌കാരിക പരിപാടിയിൽ റിയാദ് കലാഭവൻ ചെയർമാൻ റഫീഖ് മാങ്കേരി അധ്യക്ഷത വഹിച്ചു. ഷാജഹാൻ കല്ലമ്പലം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അവശത അനുഭവിക്കുന്ന കലാകാരൻമാർക്ക് ഏർപ്പെടുത്തിയ കലാ സാന്ത്വന സ്പർശനത്തിന്റെ ഉദ്ഘാടനം ഇഖ്ബാൽ ഇടവിലങ്ങ് നിർവഹിച്ചു. ജയൻ തിരുമന, ആത്തിഫ്, ഷിബു, നിഷാദ്, സി.പി മുസ്തഫ, അറ്റ്‌ലസ് മൊയ്തു, നവീദ്,ഉബൈദ് എടവണ്ണ, നാസർ കാരന്തൂർ, സത്താർ കായംകുളം, അലക്‌സ് കൊട്ടാരക്കര, അഷ്‌റഫ് മൂവാറ്റുപുഴ, റാഫി പാലക്കാട്എന്നിവർ സംസാരിച്ചു. 
ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. ഷാരോൺ ഷെരീഫ്സ്വാഗതവും വിജയൻ നെയ്യാറ്റിൻകര നന്ദിയും പറഞ്ഞു. ഹനീഫ് അക്കാരിയ, നാസർ ലെയ്‌സ്, സജി, ഗിരീഷ്, ജോർജ്കുട്ടി മാക്കുളം, രാജൻ കരിച്ചാൽ, നിസാർ പള്ളിക്കശ്ശേരിൽ, ജോസ് കടമ്പനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജയൻ തിരുമന രചന നിർവഹിച്ച നാടകത്തിന്റെ ദീപ സംവിധാനം ഇഖ്ബാൽ എടവിലങ്ങാണ്. സഹസംവിധാനം ഷരോൺ ഷെരീഫും നിർവഹിച്ചു. സംഗീതം നൗഷാദ് കിളിമാനൂരും സംഗീത നിയന്ത്രണം വിജയകുമാറും നിർവഹിച്ചു.ഇല്യാസ് മണ്ണാർക്കാട്, ബിജു, നൗഷാദ് തിരൂർ ഓർക്കസ്ട്രയും ബൈജു ദിവാകരൻ, വിനോദ് കലാ സംവിധാനവും കൃഷ്ണകുമാർ ശബ്ദ നിയന്ത്രണവും നിർവഹിച്ചു. 


അഷ്‌റഫ് മൂവാറ്റുപുഴയാണ് വേദി സജ്ജീകരിച്ചത്. നാടകത്തിലെ എഴുപത്തിയഞ്ച് കഥാപാത്രങ്ങൾക്ക് പ്രവാസികൾക്കിടയിലെ അൻപത് കലാകാരൻമാർ ജീവൻ നൽകി. ബഷീർ ചേറ്റുവ, റഫീഖ് മാനങ്കേരി, ഷാരോൺ ഷരീഫ്, ഷംനാദ് കരുനാഗപ്പള്ളി, നൗഷാദ് കട്ടുപ്പാറ, സക്കീർ ഹുസൈൻ, സലീം തലനാട്, ഹനീഫ തിരൂർ, മുനീർ മണക്കാട്ട്, നവാസ് ഖാൻ പത്തനാപുരം, അലക്‌സ് കൊട്ടാരക്കര, റാണി ജോയ്, നിഷ ഷിബു, സംഗീത വിജയ,് ജിഷ റെനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സെലിൻ സാഗർ, നൗഷാദ് കിളിമാനൂർ, ഗിരീഷ്, അഷ്‌റഫ് തണ്ടാന, സജി, ഷിജു, ജിജിത്ത്, ഷാജി, അമാനുല്ലാഹ്, റെജിമുൽ ഖാൻ, ഷാജഹാൻ കോട്ടയിൽ, ജോർജ് മാക്കുളം, ഷാജഹാൻ കല്ലമ്പലം, ബീന സെലിൻ, കുട്ടികളായ സാന്ദ്ര സെലിൻ, നാദാത്മിക, നൗഫൽ നൗഷാദ്, നൗഫിദ നൗഷാദ്, റൈഹാൻ മുഹമ്മദ് റഫീഖ്, റുമൈസ ഫാത്തിമ റഫീഖ്, റനാ പർവിൻ റഫീഖ്, റോഷിൻ ജോയ്, ഋഷികേശ് വിജയ്, അനൗഷ്‌ക വിജയ് തുടങ്ങിയവരുംകഥാപാത്രങ്ങളായി രംഗത്തെത്തി.
 

Latest News