Monday , February   18, 2019
Monday , February   18, 2019

എണ്ണ പര്യവേക്ഷണത്തിന് ഇന്ത്യ-യു.എ.ഇ കരാർ

ദുബായ്/മസ്‌കത്ത് - മിസൈലുകളും ബോംബുകളുമുണ്ടാക്കാൻ വൻ നിക്ഷേപങ്ങൾ മാറ്റിവെക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയണമെന്ന് ആഹ്വാനം ചെയ്തു. വിനാശത്തിനല്ല, വികസനത്തിനാണ് സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 
ദുബായിൽ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി. ശനിയാഴ്ച യു.എ.ഇ സന്ദർശനത്തിനെത്തിയ മോഡിക്ക് ഉജ്വല വരവേൽപാണ് ലഭിച്ചത്. ഉച്ചകോടിയിലും പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തിലും പങ്കെടുത്ത അദ്ദേഹം അബുദാബിയിൽ ക്ഷേത്രത്തിനു തറക്കല്ലിട്ട ശേഷം വൈകിട്ടോടെ ഒമാനിലെത്തി. യു.എ.ഇയുടെ എണ്ണ പര്യവേക്ഷണ പദ്ധതിയിലെ പങ്കാളിത്തമടക്കമുള്ള സുപ്രധാന കരാറുകളിലും അദ്ദേഹം ഒപ്പിട്ടു.
കൊട്ടിഘോഷിക്കുന്ന വികസനങ്ങൾക്കുമപ്പുറം പട്ടിണിയും പോഷകാഹാരക്കുറവും ഉന്മൂലനം ചെയ്യാൻ നമുക്ക് സാധിച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറുവശത്ത്, പണത്തിന്റെ സിംഹ ഭാഗവും സമയവും മറ്റു വിഭവങ്ങളും മിസൈലുകളും ബോംബുകളും ഉണ്ടാക്കാനായി വിനിയോഗിക്കുകയാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൈബർ ലോകത്തെ തീവ്രവത്കരിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 140 രാജ്യങ്ങളിൽനിന്നായി 4000 പ്രതിനിധികൾ പങ്കെടുത്ത ഉച്ചകോടിയിൽ മുഖ്യാതിഥിയായി ഇന്ത്യയെ ക്ഷണിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു. സാങ്കേതിക വിദ്യ ഉപയോഗിച്ച് മരുഭൂമിയെ ആധുനിക രാഷ്ട്രമായി പരിവർത്തിപ്പിച്ച ദുബായ് വിസ്മയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ഇന്ത്യൻ സമ്പദ്ഘടനക്ക് ദോഷം വരുത്തിയിട്ടില്ലെന്നു ദുബായ് ഓപറ ഹൗസിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത് തുടർന്നുകൊണ്ടേയിരിക്കും. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞുനിന്ന ഇന്ത്യയെ നാലു വർഷം കൊണ്ടു കാര്യക്ഷമതയും പുരോഗതിയും പ്രതീക്ഷയും ഉള്ള രാജ്യമാക്കി മാറ്റാൻ കഴിഞ്ഞതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.

സുപ്രധാന കരാറുകൾ
യോഗത്തിനു പിന്നാലെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി മോഡി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രധാനമന്ത്രിയുമായും അദ്ദേഹം ചർച്ച നടത്തി. 
യു.എ.ഇയുടെ എണ്ണ പര്യവേക്ഷണ പദ്ധതിയിൽ ഒ.എൻ.ജി.സി ഉൾപ്പെടുന്ന ഇന്ത്യൻ കൺസോർഷ്യത്തിനു 10 ശതമാനം വിഹിതം ഉറപ്പു വരുത്തിയ കരാറാണ് യു.എ.ഇയുമായി ഒപ്പുവെച്ച കരാറുകളിൽ പ്രധാനം. ഉപഭോഗ രാജ്യമെന്ന തലത്തിൽനിന്ന് പെട്രോളിയം രംഗത്തെ നിക്ഷേപ രാജ്യമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ വളർച്ചയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 
പ്രസിഡൻഷ്യൽ പാലസിൽ നരേന്ദ്ര മോഡിയുടെയും അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെയും സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പുവെച്ചത്. യു.എ.ഇയുടെ പുതിയ എണ്ണ പര്യവേക്ഷണ പദ്ധതിയിലാണ് ഒ.എൻ.ജി.സി വിദേശ്, ഭാരത് പെട്രോളിയം റിസോഴ്‌സസ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുടെ കൺസോർഷ്യം പങ്കാളികളാകുന്നത്. ഇന്ത്യക്കു പ്രതിവർഷം 22 ലക്ഷം ടൺ ക്രൂഡ് ഓയിൽ ലഭിക്കും. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. യു.എ.ഇ എണ്ണക്കമ്പനിയായ അഡ്‌നോക്കിന് 60 ശതമാനവും മറ്റു വിദേശ കമ്പനികൾക്ക് 30 ശതമാനവും പങ്കാളിത്തമാണുള്ളത്. 
മനുഷ്യക്കടത്തും തൊഴിൽ തട്ടിപ്പും തടയാൻ സംയുക്ത ഓൺലൈൻ സംവിധാനം ഉൾപ്പെടെ അഞ്ചു സുപ്രധാന കരാറുകളിലാണ് ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചത്. തൊഴിൽ കരാറുകൾ സുതാര്യമാക്കാൻ ഏകീകൃത സംവിധാനം ഒരുക്കുക, യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സംയുക്ത പദ്ധതി, ഊർജം, ഉപരിതല ഗതാഗതം, ധനകാര്യം എന്നീ മേഖലകളിലാണ് മറ്റു കരാറുകൾ.
ഇന്നലെ രാവിലെ അബുദാബിയിലെ സൈനിക രക്തസാക്ഷി സ്മാരകമായ വാഹത് അൽ കരാമയിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ദുബായിലെത്തിയത്. ഓപറ ഹൗസിൽ നടന്ന ചടങ്ങിൽ അബുദാബിയിലെ പുതിയ ഹൈന്ദവ ക്ഷേത്രത്തിന്റെ മാതൃക പ്രധാനമന്ത്രി അനാവരണം ചെയ്തു.
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പണിയുന്നതിന് അനുമതി നൽകിയ കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനോട് 125 കോടി ഇന്ത്യക്കാർക്കു വേണ്ടി നന്ദി പറയുന്നുവെന്നു മോഡി വ്യക്തമാക്കി. വാസ്തു വിദ്യയിലും മഹിമയിലും മാത്രമല്ല, വസുധൈവ കുടുംബകം എന്ന സന്ദേശം ലോകമെങ്ങും എത്തിക്കുന്നതിലും ക്ഷേത്രം മുൻപന്തിയിലായിരിക്കുമെന്നു മോഡി പറഞ്ഞു. 
55,000 ചതുരശ്ര അടിയിലാണ് ക്ഷേത്രം പണിയുന്നത്. ഇന്ത്യയിൽ കൈപ്പണിയായി നിർമിക്കുന്ന സാധന സാമഗ്രികൾ യു.എ.ഇയിൽ എത്തിച്ച് കൂട്ടിച്ചേർത്താണ് നിർമാണം. 2020 ൽ ക്ഷേത്രം പണി പൂർത്തീകരിച്ച് തുറന്നുകൊടുക്കും. 
യു.എ.ഇ സന്ദർശനം പൂർത്തീകരിച്ച് മസ്‌കത്തിലെത്തിയ പ്രധാനമന്ത്രിയെ റോയൽ വിമാനത്താവളത്തിൽ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കാബിനറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു. വൈകിട്ട് ഏഴു മണിക്ക് സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ പ്രധാനമന്ത്രി കാൽ ലക്ഷം ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. ഒമാനിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നത്. സുൽത്താൻ ഖാബൂസുമായുള്ള ചർച്ചക്ക് ശേഷം മോഡി ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും.

Tags

Latest News