Monday , February   18, 2019
Monday , February   18, 2019

റിയാദിലെ ഈ ബഖാലയിലുണ്ട്, മാണിക്യ മലരിന്റെ എഴുത്താൾ

റിയാദ്-

മാണിക്യ മലരായ പൂവി
മഹതിയാം ഖദീജാബി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരീ...

മലബാറിന്റെ നെഞ്ചകങ്ങളിൽ കാലങ്ങളായി തിരതല്ലുന്ന ഇശൽ, ഭാവതീവ്രമായ പ്രണയക്കാഴ്ചകളുടെ അകമ്പടിയോടെ സിനിമയിൽ പുനരവതരിച്ചപ്പോൾ ആസ്വാദക കേരളം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഒറ്റ രാത്രി കൊണ്ട് സോഷ്യൽ മീഡിയയിൽ അഞ്ചു ലക്ഷത്തിലേറെപ്പേർ കണ്ട് റെക്കോഡിട്ട ഗാനം പഴമയുടെ സൗന്ദര്യവും ഈണത്തിലെ വശ്യതയും കൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തുന്നു. ഇളകിമറിയുന്ന കൗമാരത്തിന്റെ പ്രണയാർദ്ര മനസ്സുകളിലേക്ക് കുടിയേറിയ പാട്ട് തരംഗങ്ങളുയർത്തി മുന്നേറുമ്പോഴും, പതിറ്റാണ്ടുകൾക്ക് മുമ്പ് ആ വരികൾക്ക് മഷി പുരട്ടിയ പി.എം.എ. ജബ്ബാർ എന്ന ജബ്ബാർ ഉസ്താദ് റിയാദിലെ ബഖാലയിൽ നിസ്സംഗനാണ്, ജീവിത രചനയുടെ തിരക്കിലും.
കൊടുങ്ങല്ലൂർ സ്വദേശിയായ പി.എം.എ. ജബ്ബാർ കരൂപ്പടന്ന നാട്ടിൽ മദ്രസ അധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്ത് ബന്ധുവും ഗായകനുമായ തലശ്ശേരി റഫീഖിന് വേണ്ടി നാൽപതു കൊല്ലം മുമ്പ് എഴുതിയതാണ് മാണിക്യ മലരായ... എന്ന ഗാനം. പ്രാരാബ്ധങ്ങളുടെ ജീവിത വഴിയിൽ പിന്നീട്, സംഗീതം പുരണ്ട അക്ഷരങ്ങൾ തുണയാകാതെ വന്നപ്പോൾ അദ്ദേഹം പ്രവാസിയായി. നിരവധി ഗാനങ്ങളുടെ രചയിതാവായ ജബ്ബാർ ഉപഹാരങ്ങളുടെയോ പുരസ്‌കാരങ്ങളുടെയോ പിന്നാലെ പോകുന്ന പ്രകൃതക്കാരനല്ല. സൗമ്യനും ശാന്തശീലനുമായ അദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. ജീവിത മാർഗം തേടി സൗദിയിൽ  എത്തിയിട്ട് കാൽ നൂറ്റാണ്ടായി. റിയാദിലെ മലാസ് 40 തെരുവിലെ ബഖാലയിൽ ജോലിക്കാരനായി നിത്യജീവിതം തള്ളിനീക്കുന്നു.

തലശേരി റഫീഖ്

തലശ്ശേരി റഫീഖ് ഈണമിട്ട ഈ ഗാനം അന്നേ സൂപ്പർ ഹിറ്റാണ്. നൂറുകണക്കിന് സദസ്സുകളിൽ റഫീഖ് ഈ പാട്ട് ആലപിച്ച് പ്രേക്ഷകരുടെ മനം കവർന്നു. പിന്നീടൊരിക്കൽ മൂസ എരഞ്ഞോളി റഫീഖിനോട് ഈ പാട്ട് ഞാനും കൂടി പാടുന്നതിൽ വിരോധമുണ്ടോ എന്ന് ചോദിച്ചു. റഫീഖിന്റെ സമ്മതപ്രകാരം മൂസ എരഞ്ഞോളിയുടെ ശബ്ദത്തിലൂടെ ഈ ഗാനം പുറത്തു വന്നതോടെ പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്തു. എത്രയോ വർഷങ്ങളായി ഗാനമേളകളിലും റിയാലിറ്റി ഷോകളിലും അവിഭാജ്യ ഘടകമാണ് ഈ പാട്ട്. തന്റെ സമ്മത പ്രകാരമാണ് ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയതെന്ന് തലശ്ശേരി റഫീഖ് മലയാളം ന്യൂസിനോട് പറഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകർ ബന്ധപ്പെട്ടിരുന്നുവെന്നും ഓഡിയോ റിലീസിനടക്കം താൻ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.   ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗ എന്ന സിനിമക്ക് വേണ്ടി ഈ ഗാനം ഷാൻ റഹ്മാൻ ഈണമിട്ട് വിനീത് ശ്രീനിവാസൻ ആലപിക്കുന്നു. മിനിയാന്ന് ഗാനം പുറത്തിറങ്ങിയതോടെ മണിക്കൂറുകൾക്കുള്ളിൽ വൈറലായി. ഇതിനകം മുപ്പത് ലക്ഷത്തിലധികം പേർ ഈ പാട്ട് സോഷ്യൽ മീഡിയയിൽ കേട്ടു. കൗമാരക്കാർ പഠിക്കുന്ന സ്‌കൂളിന്റെ പശ്ചാത്തലത്തിലൊരുക്കിയ  ഗാനരംഗത്തിൽ പ്രിയാ വാര്യർ എന്ന പുതുമുഖ നടിയുടെ പ്രകടനമാണ് പാട്ടിനെ ശ്രദ്ധേയമാക്കിയത്. 
വർഷങ്ങൾക്ക് മുമ്പ്, മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസൽ എളേറ്റിൽ റിയാദിലെത്തിയപ്പോൾ ജബ്ബാറിനെ കാണാനെത്തിയിരുന്നു. തന്റെ ഗാനം പാടി പ്രസിദ്ധമാക്കിയ മൂസ എരഞ്ഞോളിയെ കാണാനുള്ള ആഗ്രഹം ജബ്ബാർ അന്ന് പങ്കുവെച്ചു. സ്വന്തം ഗാനത്തിനു സ്വരം നൽകിയ ആളെ രചയിതാവ് കാണാൻ ആഗ്രഹിക്കുന്നതിലെ കൗതുകം അന്ന് ഫൈസലും കുറിച്ചു.
യൂ ട്യൂബിൽ കൂടുന്ന ഓരോ ഹിറ്റിനും പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് സാമ്പത്തിക നേട്ടമുണ്ട്. നാൽപത് വർഷം മുമ്പ് താനെഴുതിയ പാട്ട് യൂ ട്യൂബിലൂടെ ലക്ഷങ്ങൾ വാരിക്കൂട്ടുമ്പോൾ രചയിതാവെന്ന നിലയിൽ അദ്ദേഹത്തിന് വേണ്ട അംഗീകാരമോ പ്രതിഫലമോ ലഭിക്കുമെന്നാണ് അഭ്യുദയ കാംക്ഷികളുടെ പ്രതീക്ഷ.


 

Latest News