Saturday , May   26, 2018
Saturday , May   26, 2018

ക്രിസ്റ്റ്യാനൊ ഹാട്രിക്, റയലിന് മിന്നും ജയം

ഗെറ്റാഫെ തളച്ചു

മഡ്രീഡ് - തുടർച്ചയായ രണ്ടാമത്തെ കളിയിലും സമനില വഴങ്ങിയതോടെ സ്പാനിഷ് ലീഗ് ഫുട്‌ബോളിൽ ബാഴ്‌സലോണയുടെ ലീഡ് ഏഴ് പോയന്റായി കുറഞ്ഞു. ഗെറ്റാഫെയാണ് അവരെ ഗോൾരഹിത സമനിലയിൽ തളച്ചത്. 
ലിയണൽ മെസ്സിയെയും ലൂയിസ് സോറസിനെയും ഗെറ്റാഫെ പ്രതിരോധം തളച്ചിട്ടതോടെ 2016 നവംബറിനു ശേഷം ആദ്യമായാണ് ബാഴ്‌സലോണക്ക് സ്വന്തം ഗ്രൗണ്ടിൽ ഗോളടിക്കാനാവാതെ പോയത്. 
ഫെലിപ്പെ കൗടിഞ്ഞൊ രണ്ടു തവണ എതിർ ഗോളിയെ പരീക്ഷിച്ചെങ്കിലും മെസ്സിയുമായി താളം കണ്ടെത്താനായില്ല. പകരമിറങ്ങിയ ഉസ്മാൻ ദെംബെലെയും പരാജയമായിരുന്നു. 
ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഹാട്രിക്കിൽ റയൽ സൊസൈദാദിനെ 5-2 ന് തകർത്ത റയൽ മഡ്രീഡ് മൂന്നാം സ്ഥാനത്തേക്കുയർന്നു. 
പാരിസ് സെയ്ന്റ് ജർമാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം ആസന്നമായിരിക്കേയാണ് റയൽ ഫോം വീണ്ടെടുത്തിരിക്കുന്നത്. ഈ സീസണിൽ ക്രിസ്റ്റ്യാനോയുടെ ആദ്യ ഹാട്രിക്കാണ് ഇത്. കിക്കോഫിൽ നിന്ന് തന്നെ ക്രിസ്റ്റ്യാനോയുടെ മുന്നേറ്റത്തിൽ റയൽ ഗോളടിച്ചു. നാൽപത്തൊമ്പതാം സെക്കന്റിൽ ലുക്കാസ് വാസ്‌ക്വേസാണ് ഹെഡറിലൂടെ ലക്ഷ്യം കണ്ടത്. ടോണി ക്രൂസും സ്‌കോർ ചെയ്തു. ഇടവേളയിൽ റയൽ 4-0 ന് മുന്നിലായിരുന്നു. 
നിരവധി അവസരങ്ങളും റയൽ പാഴാക്കി. തുറന്ന ഗോൾ വലക്കു മുന്നിൽ കരീം ബെൻസീമക്ക് രണ്ടു തവണ പിഴച്ചു. അവസാന നാലു കളികളിൽ റയൽ 18 ഗോളാണ് അടിച്ചുകൂട്ടിയത്. 
അവസാന നാലു കളികളിലെ ഏഴ് ഗോളോടെ ഈ സീസണിൽ ക്രിസ്റ്റ്യാനോയുടെ ഗോളുകൾ പതിനൊന്നായി.