Saturday , May   26, 2018
Saturday , May   26, 2018

ബനീ ഹസനിൽ വൻ അഗ്നിബാധ; 30,000 മീറ്റർ വനമേഖല കത്തിനശിച്ചു 

അൽബാഹയിലെ ബനീഹസനിൽ ഇന്നലെയുണ്ടായ വൻഅഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നു.

അൽബാഹ- പ്രവിശ്യയിലെ ബനീ ഹസൻ മേഖലയിലെ അൽഹതാഫിർ ഗ്രാമത്തിൽ കഴിഞ്ഞദിവസമുണ്ടായ അഗ്നിബാധയിൽ 30,000 ചതുരശ്ര മീറ്റർ സ്ഥലത്തെ വൃക്ഷങ്ങളും പുൽമേടുകളും കത്തിച്ചാമ്പലായി. വിവരം ലഭിച്ചയുടൻ ബനീ ഹസൻ സിവിൽ ഡിഫൻസ് യൂണിറ്റിലെ ഒമ്പത് രക്ഷാദൗത്യസംഘങ്ങൾ സ്ഥലത്തെത്തി കഠിന പ്രയത്‌നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിശമന വിഭാഗത്തിന്റെയും ആംബുലേറ്ററി വിഭാഗത്തിന്റെയും രണ്ട് വീതം ടീമുകളും അൽബാഹ, മിൻദഖ്, അൽഖുറാ എന്നിവിടങ്ങളിലെ അഗ്നിശമന സേനാനികളും രക്ഷാപ്രവർത്തനം പൂർത്തിയാക്കി. അതിശക്തമായ കാറ്റും ഉണങ്ങിയ മരങ്ങളുടെ സാന്നിധ്യവുമാണ് തീ പെട്ടെന്ന് പടർന്ന് പിടിക്കാൻ ഇടയാക്കിയതെന്ന് അൽബാഹ സിവിൽ ഡിഫൻസ് വക്താവ് കേണൽ ജംആൻ ബിൻ ദായിസ് അറിയിച്ചു. 
പ്രദേശത്തെ ഒരു കിണറിൽ സ്ഥാപിച്ച മോട്ടോർപമ്പ് ഷോർട്ട് സർക്യൂട്ട് കാരണം കത്തിപ്പിടിച്ചതിനെ തുടർന്നാണ് തീ പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഈ സ്ഥലത്തിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി അപകടത്തിന്റെ കാരണം ബോധ്യപ്പെടുത്തിയതായും സിവിൽഡിഫൻസ് വക്താവ് പറഞ്ഞു. തീ പിടിത്തത്തിൽ ആളപായമില്ല. ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ആവശ്യമായ നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങളുടെയും വസ്തുവകകളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കേണൽ ജംആൻ അഭ്യർഥിച്ചു.