Friday , October   19, 2018
Friday , October   19, 2018

സിറിയയില്‍ ഇറാന്‍-ഇസ്രായില്‍ മുഖാമുഖം; സംയമനത്തിന് യു.എന്‍ ആഹ്വാനം

ഇറാനും സിറിയക്കും കനത്ത ആഘാതമേല്‍പിച്ചതായി ഇസ്രായില്‍

ജറൂസലം- സിറിയയില്‍ ഇറാന്‍, സിറിയന്‍ സേനകള്‍ക്ക് കനത്ത ആഘാതമേല്‍പിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ശനിയാഴ്ച ഇസ്രായില്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചാണ് നെതന്യാഹുവിന്റെ അവകാശവാദം.
ഇസ്രായില്‍ നയത്തില്‍ ഒരു മാറ്റവുമില്ലെന്നും ഇങ്ങോട്ട് ആക്രമിക്കാനൊരുങ്ങുന്നവരെ ഒരു തരത്തിലും വിടില്ലെന്നും ഇസ്രായില്‍ മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി നെതന്യാഹു പറഞ്ഞു.
ഇസ്രായിലിന്റെ എഫ് 16 പോര്‍വിമാനം സിറിയന്‍ പ്രതിരോധ സേന വെടിവെച്ചിട്ടതിനു പിന്നാലെ ഇസ്രായില്‍ വന്‍തോതിലുള്ള വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സിറിയയിലെ ഇറാന്‍, സിറിയന്‍ സൈനിക താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായില്‍ പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു. എഫ് 16 പോര്‍വിമാനത്തിലെ പൈലറ്റുമാര്‍ രക്ഷപ്പെട്ടെങ്കിലും 1982 നു ശേഷം ആദ്യമായാണ് ഒരു യുദ്ധത്തില്‍ ഇസ്രായിലിന് പോര്‍വിമാനം നഷ്ടമാകുന്നത്.
വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു ഇറാനിയന്‍ ആളില്ലാ വിമാനം വെടിവെച്ചിട്ടുകൊണ്ടായിരുന്നു ഇസ്രായില്‍ പ്രത്യാക്രമണത്തിന്റെ തുടക്കം. എന്നാല്‍ ഡ്രോണുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഇസ്രായില്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ സിറിയക്ക് അവകാശമുണ്ടെന്നും ഇറാന്‍ പ്രതികരിച്ചു.
അതിനിടെ, ഇസ്രായില്‍ ആക്രമണത്തോടെ രൂക്ഷമായ സിറിയന്‍ സംഘര്‍ഷത്തില്‍ ഉടന്‍ അയവു വരുത്താന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ഥിച്ചു. സിറിയയില്‍ മുഴുവന്‍ ഉടലെടുത്തിരിക്കുന്ന യുദ്ധ സാഹചര്യം നിരീക്ഷിക്കുകയാണെന്നും അതിര്‍ത്തികള്‍ യുദ്ധ ഭീതിയിലാണെന്നും യു.എന്‍ വക്താവായ സ്റ്റെഫാനെ ദുറാജിക് പറഞ്ഞു.
സിറിയന്‍ വ്യോമസേനയാണ് ഇസ്രായില്‍ വിമാനത്തെ വീഴ്ത്തിയതെങ്കിലും ഇറാന്‍ താവളങ്ങളാണ് ഇസ്രായില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സിറിയയിലുള്ള എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. നിരുപാധികം സംഘര്‍ഷത്തില്‍ അയവു വരുത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും സംയമനം പാലിക്കണമെന്നും ഗുട്ടറസ് അഭ്യര്‍ഥിച്ചതായി ദുറാജിക് പറഞ്ഞു.
2011 ല്‍ സിറിയന്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇറാനും ഇസ്രായിലും നേരിട്ട് യുദ്ധമുഖത്തേക്ക് വരുന്നത്. വിമത സേനകള്‍ക്കെതിരെ ഇദ്‌ലിബിലും കിഴക്കന്‍ ഗൗട്ടയിലും സിറിയന്‍ സേന ആക്രമണം തുടരുന്നതിനിടെയാണ് പുതിയ സാഹചര്യം.
ഏഴു വര്‍ഷത്തിനിടെ സിറിയന്‍ ജനത ഏറ്റവും കടുത്ത ദുരവസ്ഥയും സംഘര്‍ഷവുമാണ് ഇപ്പോള്‍ നേരിടുന്നതെന്ന് യു.എന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഈ മാസം ആദ്യ വാരത്തില്‍ മാത്രം വ്യോമാക്രമണത്തില്‍ ആയിരം സിവിലിയന്‍ നാശമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികളും രാഷ്ട്രീയ പരിഹാരത്തിലേക്ക് നീങ്ങണമെന്ന് ഗുട്ടറസ് അഭ്യര്‍ഥിച്ചു.
ഇറാന്റെ പ്രകോപനം അവസാനിപ്പിക്കുന്നതിന് ഉടന്‍ തന്നെ രക്ഷാ സമിതി വിളിച്ചുചേര്‍ക്കണമെന്ന് ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനണ്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം മൂര്‍ഛിച്ചിരിക്കയാണെങ്കിലും ഇറാന്‍ വിഷയത്തില്‍ ഉടന്‍ രക്ഷാസമിതി ചേരാന്‍ സാധ്യതയില്ലെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിറിയന്‍ പ്രതിസന്ധി ബുധനാഴ്ച രക്ഷാ സമിതി ചര്‍ച്ച ചെയ്യും.

 

Latest News