Sunday , August   19, 2018
Sunday , August   19, 2018

പാക്കിസ്ഥാനിലെ പൗരാവകാശ പോരാളി അസ്മ ജഹാംഗീര്‍ നിര്യാതയായി

അസ്മ ജഹാംഗീര്‍

ലാഹോര്‍- പാക്കിസ്ഥാനിലെ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ അസ്മ ജഹാംഗീര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി. 66 വയസ്സായിരുന്നു. യു.എന്നിന്റെ സ്‌പെഷ്യല്‍ റാപ്പോര്‍ട്ടറായി സേവനമനുഷ്ഠിച്ചിരുന്ന അസ്മ ജഹാംഗീര്‍ പൗരവകാശ രംഗത്ത് ധീരതയോടെ നിലയുറപ്പിച്ച വനിതയായാണ് അറിയപ്പെടുന്നത്.
താന്‍ കണ്ടതില്‍വെച്ച് ഏറ്റവും ധീരയായ സ്ത്രീയായിരുന്നു അവരെന്നും നഷ്ടം നികത്താനാവാത്തതാണെന്നും പ്രശസ്ത പാക്കിസ്ഥാനി അഭിഭാഷകന്‍ സല്‍മാന്‍ അക്രം രാജ അഭിപ്രായപ്പെട്ടു. പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നുവെങ്കിലും പാക്കിസ്ഥാനിലെ ഏറ്റവും ധീര വനിതകളില്‍ ഒരാളാണ് അസ്മയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ വജാഹത്ത് ഖാന്‍ ട്വീറ്റ് ചെയ്തു.
ദശാബ്ദങ്ങള്‍ പിന്നിട്ട പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 2014 ല്‍ ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയും സ്വീഡന്റെ നൊബേല്‍ ബദല്‍ പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ സ്വീകരിച്ച നിലപാടുകളുടെ ഫലമായ േ പല തവണ ജയില്‍ വാസമനുഭവിക്കുകയും മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. വധഭീഷണികള്‍ക്കു നടുവിലായിരുന്നു അസ്മ ജഹാംഗീറിന്റെ ജീവിതം.
പാക്കിസ്ഥാനിലെ നിരവധി പുരോഗമന നിയമ നിര്‍മാണങ്ങള്‍ക്കു പിന്നിലും അസ്മ ജഹാംഗീറിന്റെ നിയമ പോരാട്ടമുണ്ട്. പാക്കിസ്ഥാനിലെ ഉന്നത ബാര്‍ അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന അസ്മ ജഹാംഗീര്‍ രാജ്യത്തെ സൈനിക ഭരണകൂടത്തിനെതിരെ തുറന്ന വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. 2007 ല്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന്റെ കീഴില്‍ അറസ്റ്റിലായിരുന്ന അവര്‍, താനിക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയില്‍നിന്ന് ഭീഷണിയുണ്ടെന്ന് 2012 ല്‍ വെളിപ്പെടുത്തിയിരുന്നു.

 

 

 

 

Latest News