Wednesday , January   16, 2019
Wednesday , January   16, 2019

വൺ മില്യൺ  ദിർഹംസിന്റെ പക്കാവട 

ഇന്ദ്രപ്രസ്ഥത്തിലിരുന്ന് ഹമാരാ ദേശ്‌വാസി തകർക്കുന്നു. ഇന്ത്യയിലെ കോടിക്കണക്കിനാളുകൾക്ക് പണിയില്ലെങ്കിലെന്താ. എല്ലാവർക്കും തെരുവോരത്ത് പക്കാവട കച്ചവടം ചെയ്താൽ പോരേ? വൈകുന്നേരം പക്കാവടയുമായി റോഡിലിറങ്ങിയാൽ രാത്രിയാവുമ്പോഴേക്ക് ഡീസന്റായി ഇരുനൂറ് രൂപയുമായി വീട്ടിലേക്ക് മടങ്ങാം. ഐ.ഐ.ടി, ഐ.ഐ.എം ഗ്രാേജ്വറ്റ്‌സെല്ലാം മടിച്ചു നിൽക്കാതെ കടന്നു വരിക. ഉടൻ ചൂടുള്ള പക്കാവടയുടെ മഹത്വം തിരിച്ചറിയുവിൻ. വൈവിധ്യം വേണമെന്നാഗ്രഹിക്കുന്നവർക്ക് പാവ് ബാജി, വട പാവ്,  മുളകായി ബജി തുടങ്ങിയ ഇനങ്ങളും ട്രൈ ചെയ്യാവുന്നതാണ്. ഇരുനൂറ് ഉലുവയ്ക്ക് വട വിൽക്കാൻ ബി.ടെക് മുതലുള്ള ബിരുദം നേടേണ്ട കാര്യമുണ്ടായിരുന്നുവോ എന്നൊന്നും ചോദിക്കരുത്. ഇതിൽ നിന്ന് ആവേശമുൾക്കൊണ്ട് അമിത്ഷാജി രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ പക്കാവട വിൽപന വഴി തൊഴിൽ സൃഷ്ടിക്കുന്നതിന്റം മഹത്വം വിശദീകരിച്ചു. ഇങ്ങളെ മോൻ ഇങ്ങനെയാണോ കോടീശ്വരനായതെന്ന് ചോദിക്കുന്ന പോഴന്മാരുടെ പേരിൽ മാനനഷ്ട കേസ് കൊടുക്കാം. മുൻ ധനമന്ത്രിയും വിദേശ സർവകലാശാലയിൽ ചെന്ന് ഇക്കണോമിക്‌സ് പഠിച്ച ശിവഗംഗ മുൻ എം.പിയും രാജ്യസഭാംഗവുമായ ചിദംബരത്തിന് ഇതൊന്നും മനസ്സിലായില്ല. ചെന്നൈയുടെ ബ്യൂട്ടിഫുൾ അക്‌സന്റ് ഇംഗഌഷിൽ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. പക്കാവട നിർമിച്ച് വിൽക്കുകയെന്നത് ഒരു ഉദ്യോഗമല്ല. അത് ഒരാൾ അഭിമാനത്തോടെ ജീവിക്കാൻ ചെയ്യുന്ന സ്വയം തൊഴിലാണ്. ഇന്റർനാഷണൽ ലേബർ ഓർഡഗനൈസേഷന്റെ തൊഴിലിന്റെ നിർവചനവും ചിദു വിശദീകരിച്ചു. സ്ഥിരമായി വരുമാനം ലഭിക്കുന്നതും താരതമ്യേന സുരക്ഷിതവുമായ ഒന്നാണ് തൊഴിൽ. ചായക്കടയിലെ ചർച്ചകളിൽ പങ്കെടുക്കാത്തതിന്റെ കുറവ് ഈ പ്രസംഗത്തിലുണ്ട്. രാജ്യസഭാ ടി.വി എന്നൊരു ഏർപ്പാടുള്ളത് എന്തൊരു റിലാക്‌സേഷനാണ്. ഇങ്ങിനെ കണ്ട അബദ്ധങ്ങൾ തൽക്ഷണം സ്വീകരണ മുറയിലെത്തിക്കുകയല്ലേ. മോഡിജിയിടെ ചരിത്ര പ്രസിദ്ധമായ സ്പീച്ചിൽ ഫാക്ച്വൽ എററുകൾ കൂടുന്നത് എന്തുകൊണ്ടാണാവോ? രാജീവ് ഗാന്ധിയുടെ എടങ്ങേറ് സഹിക്ക വയ്യാതെ ഹൈദരാബാദിലേക്ക് വണ്ടി കയറിയ എൻ.ടി. രാമറാവു ടി.ഡി.പിയുണ്ടാക്കി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത് 1984 ൽ. രാമറാവു തെലുഗുദേശം പാർട്ടി രൂപീകരിച്ചത് 1982ലും. 

***    ***    ***

ദുബായിലെ ഇടപാട് കത്തിനിൽക്കുകയാണിപ്പോഴും. കോടിയേരി ബാലകൃഷ്ണനെന്ന യുവ കമ്യൂണിസ്റ്റ് നേതാവ് കലാലയങ്ങളിൽ ഒരു തലമുറയെ വസന്തത്തിന്റെ ഇടിമുഴക്കെ സ്വപ്‌നം കാണാൻ പഠിപ്പിച്ച ജനകീയ നേതാവാണ്. കോടിയേരി, ഇടയിൽ പീടിക, ചൊക്ലി, പള്ളൂർ, പാനൂർ, മേലൂർ തുടങ്ങിയ തലശ്ശേരിയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ സാധാരണക്കാർക്കൊപ്പം പാർട്ടി വളർകത്താൻ നേതൃത്വം നൽകി. ബ്രണ്ണൻ കോളേജിലും മാഹി കോേളജിലും എസ്.എഫ്.ഐ ഏരിയാ ക്യാമ്പുകളിലും വിപ്ലവമെന്ന മഹാലക്ഷ്യം എത്ര അടുത്താണെന്ന് അദ്ദേഹം വിവരിച്ചു. 
പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കൗമാരക്കാർക്ക് മനസ്സിലാകാൻ പാകത്തിൽ നമ്മളിപ്പോൾ നിൽക്കുന്ന സ്ഥലവും തലശ്ശേരി ബസ് സ്റ്റാന്റും തമ്മിലുള്ള എട്ട് കിലോ മീറ്റർ ദൂരമേ പരമാവധിയുള്ളൂവെന്ന് അദ്ദേഹം വിവരിച്ചു. അതായത് അധികം വൈകാതെ സമ്പന്നനും സാധാരണക്കാരും തമ്മിലുള്ള അന്തരം ഇല്ലാതാകുമെന്ന് ചുരുക്കം. ഏകദേശം കാൽ നൂറ്റാണ്ടിനപ്പുറമാണ് കോടിയേരി ഇത്തരം പ്രസംഗങ്ങൾ നടത്തിയത്. ക്യൂബയും ചൈനയും നമ്മുടെ പ്രിയ രാജ്യങ്ങളായി. ഇപ്പോഴിതാ പ്രധാന കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾക്കെല്ലാം കോടികൾ കൊയ്യുന്ന ജോലി എമിറേറ്റ്‌സിലും. ബാങ്കിൽ ലോണെടുത്ത് പ്രവാസികൾ മുങ്ങുന്നത് ഏറി വരികയാണെന്ന് കഴിഞ്ഞ തിങ്കളാഴ്ച റിപ്പോർട്ടർ ടി.വിയിൽ കാമ്പയിൻ. സാമാന്യവൽക്കരിക്കുന്നതിലൂടെ പ്രശ്‌നങ്ങൾ ഒതുങ്ങിയെന്ന് വിചാരിച്ചിരുക്കുമ്പോഴതാ മാതൃഭൂമി ന്യൂസിൽ ബ്രേക്കിംഗ്. ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞു. വൈകാതെ റിപ്പോർട്ടറും ഇത് സംബന്ധിച്ച് വിശദ വിരങ്ങൾ നൽകി. ദുബായിലെ ഈ സംരംഭകനല്ലേ കുറച്ചു ദിവസം മുമ്പ് സ്വഭാവ സർട്ടിഫിക്കറ്റ് ലഭിച്ചത്. അതും പൊക്കിപ്പിടിച്ച് ന്യായീകരിക്കാനിറങ്ങിയ സോഷ്യൽ മീഡിയയിലെ അനുയായികൾ പ്ലിങ്ങി. അപ്പോഴതാ പിടിച്ചതിലും വലുത് മാളത്തിലെന്ന പോലെ കോടിയേരിയുടെ മകൻ ബിനീഷ് തലസ്ഥാന നഗരിയിൽ പത്രക്കാരെ കാണുന്നു. എന്തിനാണ് എല്ലാവരും അച്ഛന് മേൽ കുതിര കയറുന്നത്. ഞങ്ങൾ മുതിർന്ന ആളുകളാണ്. കുടുംബവുമുണ്ട്. പാർട്ടി സെക്രട്ടറിയായി പോയതിനാണ് അച്ഛനെ ലക്ഷ്യമിടുന്നത്. പിന്നെയതാ ഉദാഹരണം വരുന്നു. ഇപ്പോൾ ഞാനൊരാളിനെ കൊന്നുവെന്ന് വെക്കുക. അതിന് സമാധാനം പറയേണ്ടത് എന്റെ അച്ഛനാണോ? വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരാണ് മാധ്യമങ്ങൾ. പതിമൂന്ന് കോടി എന്നൊക്കെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്?
ഇത് വെറും വൺ മില്യൺ ദിർഹംസിന്റെ ഇടപാട് മാത്രമാണ്. അതായത് ജസ്റ്റ് വൺ ക്രോർ സെവന്റി ലാക്ക് ഇന്ത്യൻ റുപ്പീസ്. മോഹൻലാൽ അഭിയനയിച്ച ബാലേട്ടൻ എന്ന സിനിമയിൽ കമ്യൂണിസ്റ്റ് അനുഭാവികളായ സഹകരണ ബാങ്ക് ജീവനക്കാർ അവതരിപ്പിക്കുന്നത് ആഗോളീകരണവും ആത്മഹത്യയും എന്ന നാടകമായിരുന്നു. ഈ പുലിവാലിനൊക്കെ പുറമേയാണ് ബംഗാൾ ഘടകത്തിൻെറ പടപ്പുറപ്പാട്. അവരിതെന്ത് കണ്ടിട്ടാണാവോ? 

***    ***    ***

ഇന്ത്യാ-സൗദി സൗഹൃദത്തിൽ പുതിയ അധ്യായം രചിച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ പൈതൃകോത്സവമായ ജനാദ്രിയയിൽ ഇന്ത്യ അതിഥി രാഷ്ട്രമായി പങ്കെടുത്തു,. വിദേശ മന്ത്രി സുഷമ സ്വരാജ് ആദ്യ സന്ദർശനത്തിൽ തന്നെ പ്രവാസികളുടേയും സൗദി അധികൃതരുടേയും ഹൃദയം കവർന്നു. അടുത്ത പ്രധാനമന്ത്രിയായി സുഷമയെ കാണുന്ന കമന്റുകൾ വരെ ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രങ്ങളുടെ സൈറ്റിൽ ഇടം പിടിച്ചു. സുഷമ റിയാദിലെത്തിയതിവന്റെ ആദ്യ വാർത്ത റിപ്പോർട്ട് ചെയ്ത എ.എൻഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിലെ അബദ്ധം ഹൈദരാബാദിലേയും ദൽഹിയിലേയും പത്രങ്ങളും ചാനലുകളും പേറി. ലേഖകൻ ബോധപൂർവം തള്ളിയതാണോ എന്നുമറിയില്ല. യെമൻ സംഘർഷ കാലത്ത് ഇന്ത്യക്കാരെ രക്ഷിക്കാൻ സഹായിച്ചതിന് സൗദിയോട് മന്ത്രി നന്ദി പറഞ്ഞുവെന്ന് തുടങ്ങുന്ന വാർത്തയിൽ  അടുത്ത വരികളിലാണ് സംഖ്യ പെരുകിയത്. 45,000 ഇന്ത്യക്കാരെയും രണ്ടായിരം വിദേശികളെയുമാണ് ഇന്ത്യ സംഘർഷ വേളയിൽ രക്ഷിച്ചതെന്നാണ് ഏജൻസി വാർത്ത തുടരുന്നത്. പിന്നിട്ട വാരത്തിൽ മനോരമ ന്യൂസിലാണ് കോടിയേരി കഥയുടെ  മറ്റൊരു ആംഗിളിലെ സ്‌റ്റോറി വന്നത്. കേരളത്തിലും ആഡംബര കാർ വാങ്ങിയെന്നും ചുളുവിൽ ഫാൻസി നമ്പർ ഒപ്പിച്ചെടുത്തുവെന്നും മനോരമയുടെ ഇൻവെസ്റ്റിഗേഷൻ. ന്യൂസ് 18 ലും ഒരു ജനോപകാരപ്രദമായ ഒരു വാർത്ത. കോഴിക്കോട് മിഠായിത്തെരുവിനെ പൈതൃക വീഥിയാക്കിയതോടെ വാഹന ഗതാഗതം അനുവദിക്കുന്നില്ല. ഇതു കാരണം പീടികകളിലേക്ക് സാധനങ്ങളെത്തിക്കാൻ ചുമട്ടുതൊഴിലാളികൾ കഷ്ടപ്പെടുന്നു. മാതൃഭൂമി ചക്കരപ്പന്തലിൽ പ്രശസ്ത ഗായിക ബി. വസന്തയായിരുന്നു അതിഥി. പോയ്മറഞ്ഞ കാലത്ത് അവർ ആലപിച്ച മനോഹര ഗാനങ്ങൾ ഓർമപ്പെടുത്തുന്നതായി പരിപാടി. 

***    ***    ***

ഒടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായ പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കാളിദാസ് തന്നെയാണ് റിലീസിങ് തീയതി ഔദ്യോഗികമായി അറിയിച്ചത്. 2018 മാർച്ച് 9 ന് പൂമരം റിലീസ് ചെയ്യുമെന്നാണ് കാളിദാസ് അറിയിച്ചിരിക്കുന്നത്. പൂമരത്തെ തുടക്കം മുതൽ ട്രോളുന്ന ട്രോളർമാർക്കിട്ടൊരു കൊട്ട് കൊടുത്തുകൊണ്ടാണ് കാളി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് വൈകിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ വന്നിരുന്നു. ട്രോളുകൾ കാളിദാസ് തന്നെ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. മുമ്പ് നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിട്ടും റിലീസ് ചെയ്യാതിരുന്നതിനാൽ പുതിയ തീയതി പുറത്ത് വന്നപ്പോഴും ട്രോളർമാർ ട്രോളുമായി ഇറങ്ങിയിരുന്നു. നമസ്‌കാരം. ദൈവം അനുഗ്രഹിച്ചാൽ മറ്റ് തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച് 9 ന് പൂമരം റിലീസ് ചെയ്യും. 2018 ന് വെച്ചില്ലെങ്കിൽ 'എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോ'ന്ന് പറയൂന്നറിയാം അതോണ്ടാ' എന്നായിരുന്നു കാളിദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

***    ***    ***

പിണറായി വിജയനാണ് തന്റെ രാഷ്ട്രീയ ഉപദേശകനെന്ന് കമൽ ഹാസൻ. രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ആദ്യ ഉപദേശം നൽകിയത് അദ്ദേഹമാണ്. രാഷ്ട്രീയമായ എല്ലാ സംശയങ്ങളിലും  ഉത്തരം കണ്ടെത്താൻ കേരളാ മുഖ്യമന്ത്രിയെയാണ് താൻ സമീപിക്കുന്നതെന്നും കമൽ പറഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനത്തിന് ആദ്യം പിന്തുണ നൽകിയത് പിണറായിയാണ്. തന്റെ മാർഗദർശി അദ്ദേഹമാണെന്നും തമിഴ് മാസികയായ ആനന്ദവികടനിൽ എഴുതിയ ലേഖനത്തിൽ കമൽ പറയുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് വ്യക്തമാക്കിയ ശേഷം തനിക്ക് തമിഴ്‌നാട്ടിലെ പല നേതാക്കളിൽ നിന്നും അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭിക്കാറുണ്ട്. ഇവരുമായി പല രാഷ്ട്രീയ കാര്യങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ തന്റെ പാർട്ടിയുടെ ഭാഗമാകാൻ ഇവരോട് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കമൽ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ പിണറായി വിജയനുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് എത്തിയായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. പിന്നാലെ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവരുമായും കമൽ ചർച്ചകൾ നടത്തി.