Wednesday , January   16, 2019
Wednesday , January   16, 2019

ലാളിത്യത്തെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ ഒരാൾ

പണ്ഡിതന്മാരുടെ ലാളിത്യവും വിനയവും എങ്ങനെയായിരിക്കണമെന്ന് ജീവിതം കൊണ്ട് അബ്ദുസ്സലാം സുല്ലമി അടയാളപ്പെടുത്തി. പരന്ന വായനയും ആഴത്തിലുള്ള ഗവേഷണവും മുഖമുദ്രയാക്കിയ  ഈ പരിഷ്‌കർത്താവിന്റെ ജീവിത മാതൃക മലയാളികളുടെ അന്വേഷണ തൃഷ്ണയ്ക്ക് മുമ്പിൽ പുതിയൊരു ദിശാബോധത്തിന്റെ നിഘണ്ടുവായി ഉണർന്നിരിക്കും.

 

വിശ്രമമെന്തന്നറിയാത്ത  റോഡിനോട് ഒട്ടിനിൽക്കുന്ന അതികായനായ കെട്ടിടത്തിനകത്തൊരു സോഫയിൽ രാത്രി വൈകിയും ആത്മാവുറങ്ങാതെ അദ്ദേഹം ഇരിപ്പുണ്ട്. ഇതാദ്യമായി പ്രവാസത്തിലേക്ക്  വിരുന്നുകാരനായി വന്ന ആ അതിഥിയെ കാണാനെത്തിയതാണ് ജാഫർ സാദിഖും ഞാനും. ഷാർജ റോളയിലെ ഫാത്വിമ സൂപ്പർ മാർക്കറ്റ് ബിൽഡിംഗിലെ ആറാം നിലയിലെ 602 നമ്പർ ഫഌറ്റിൽ. ഇളംപുഞ്ചിരിയിൽ പൊതിഞ്ഞ അദ്ദേഹത്തിന്റെ പതിഞ്ഞ സ്വരത്തിന്റെ മാധുര്യത്തിലേക്ക് ഞങ്ങളതിവേഗം അലിഞ്ഞു ചേർന്നു. അടച്ചുവെക്കാത്ത ഒരു പുസ്തകത്തിന്റെ ഗന്ധം അവിടെ തളം കെട്ടിയിരുന്നു. അതിമനോഹരമായ അക്ഷര സാന്നിധ്യം!  
എടവണ്ണ 'ഈലാഫി'ലെ പുസ്തക മിത്രങ്ങളെ തനിച്ചാക്കി ഷാർജയിലേക്ക് പറക്കാൻ നിങ്ങളെങ്ങനെ മനസ്സിനെ ഇണക്കി?  
പേരമക്കളിലേക്ക് കണ്ണെറിഞ്ഞുകൊണ്ടുള്ള ആ നിറപുഞ്ചിരിയിൽ ഈ ചോദ്യത്തിനുള്ള ഉത്തരവുമുണ്ട്. തന്റെ ആയുസ്സിന്റെ പുസ്തകത്തിലെ സന്ധ്യാനേരത്ത് മലയാളത്തിന്റെ വിസ്മയ പ്രതിഭ എ. അബ്ദുസ്സലാം സുല്ലമി പ്രവാസത്തിന്റെ പുടവയണിയാനെത്തിയത് കാല നിയോഗമാവാം. നാല് മക്കളും മരുമക്കളും ജീവിത സന്ധാരണത്തിനായി ഇമാറാത്തിനെ തെരഞ്ഞെടുത്തപ്പോഴാണ് കടുംനീല പുറംചട്ടയുള്ള ഇന്ത്യൻ പാസ്‌പോർട്ടുമായി സുല്ലമിയും പ്രിയതമ അസ്മാബി ടീച്ചറും  യു.എ.ഇയിലേക്ക് വിമാനം കയറിയത്. ഏകദേശം രണ്ടര വർഷം മുമ്പ്, 2015 ഒക്ടോബർ ഒമ്പതിനായിരുന്നു ആ കന്നിയാത്ര. ഇങ്ങനെയൊരു പ്രവാസ ജീവിതത്തിന് മക്കൾ ഇവിടെയെത്തിയ നാൾ മുതൽ നിർബന്ധിച്ചുകൊണ്ടേയിരുന്നതാണ്. പക്ഷേ സ്‌നേഹത്തോടെ അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു. ഒരുപാടൊരുപാട് സക്രിയ സപര്യകളിൽ വ്യാപൃതനായിരുന്ന ഒരു പരിഷ്‌കർത്താവിന് മറ്റൊരു പോംവഴി ഉണ്ടായിരുന്നില്ല എന്നത് യാഥാർത്ഥ്യം.
വിശ്രമം എന്തെന്നറിയാതെയായിരുന്നു സലാം സുല്ലമിയുടെ ജീവിതം. കേരളത്തിലെ സർക്കാർ ജോലി ഉപേക്ഷിച്ച് പിതാവ് എ. അലവി മൗലവിയുടെ തട്ടകമായിരുന്ന എടവണ്ണ ജാമിഅ നദവിയ്യ അറബിക് കോളേജിലെ അധ്യാപകനായത് ചരിത്രത്തിലെ അപൂർവമായൊരു അധ്യായം. അധ്യാപനവും പ്രഭാഷണങ്ങളും പഠന ക്ലാസുകളും വായനയും ഗ്രന്ഥരചനയുമൊക്കെയായി തിരക്കൊഴിയാത്ത ദിനരാത്രങ്ങൾ. ഓടിയോടിത്തളരുമ്പോഴും പരാതികളൊന്നുമില്ലാതെയായിരുന്നു ഓരോ പ്രഭാതത്തെയും ഈ പച്ചമനുഷ്യൻ എതിരേറ്റത്.

അബ്ദുസ്സലാം സുല്ലമിയും പത്‌നി അസ്മാബി ടീച്ചറും 


അനാരോഗ്യം വല്ലാതെ തളർത്തിയതോടെ പ്രഭാഷണങ്ങളും തുടർ പഠന ക്ലാസുകളുമൊക്കെ മനസ്സില്ലാമനസ്സോടെ ഒഴിവാക്കേണ്ടിവന്നു. അപ്പോഴും രക്തത്തിലലിഞ്ഞു ചേർന്ന എഴുത്ത് അവിരാമം തുടർന്നു. ശാരീരികമായി ചില പ്രയാസങ്ങൾ പതിവായതോടെ എത്രയും വേഗം മക്കളുടെ അടുത്തേക്ക് പറക്കണമെന്നായി മോഹം. അങ്ങനെയാണ് ഷാർജ നഗരം സുല്ലമിയുടെ അവസാന കാലത്തെ  ഇഷ്ടവീടായി മാറിയത്. അദ്ദേഹത്തിന്റെ നാല് മക്കളും കുടുംബങ്ങളും അടുത്തടുത്തായിരുന്നു താമസം. ഒരർത്ഥത്തിൽ കുടുംബാംഗങ്ങൾക്ക് ഒരുമിക്കാനും വിശേഷങ്ങൾ പങ്കിടാനും നാട്ടിലേതിനേക്കാൾ കൂടുതൽ സന്ദർഭങ്ങളും സൗകര്യങ്ങളും ഷാർജ സമ്മാനിച്ചു. പേരക്കുട്ടികൾ സുല്ലമിയുടെ എല്ലാമെല്ലാമായിരുന്നു. കുഞ്ഞു കുസൃതികളും
കൗതുകങ്ങളും കൺകുളിർക്കെ കണ്ട്  അവരുടെ സ്വന്തം ഉപ്പാപ്പയുടെ മനസ്സും ശരീരവും കൂടുതൽ ഉന്മേഷഭരിതമായി. ഫഌറ്റിൽ മാത്രമല്ല ഇമാറാത്തിലെ പൂന്തോട്ടങ്ങളിലും പാർക്കുകളിലുമൊക്കെ അവർ സ്‌നേഹത്തിന്റെ വർണപ്പീലികൾ വിടർത്തി. അതെ, ജീവിത സായന്തനത്തിലെ ദിനങ്ങളോരോന്നും സുല്ലമിക്ക് ധന്യതയുടേതായിരുന്നു. 'ഈലാഫി'ലെ പുസ്തകമുറിയിലേതു പോലെ മരുഭൂമിയിലും അക്ഷരങ്ങളുടെ മനോഹരമായ ചില്ലകൾ തളിർത്തു തുടങ്ങി.  ഇമാറാത്തിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാനും ഏതാനും പ്രഭാഷണ പരിപാടികളിൽ പങ്കെടുക്കാനും ആരോഗ്യം പച്ചക്കൊടി വീശി. 
ത്രൈ മാസ വിസാ കാലാവധി തീർന്നതോടെ സുല്ലമിയും പ്രിയതമയും സ്വദേശത്തേക്ക് മടങ്ങി. ഏകദേശം ഒരു വർഷത്തോളം കഴിഞ്ഞാണ് രണ്ടാം വരവ്. റോളയിലെ അംവാർ ബിൽഡിംഗിലെ ആറാം നിലയിലെ ഫഌറ്റ് നമ്പർ 29 ലായിരുന്നു ഇത്തവണ താമസം. െ്രെത മാസ വിസകളിൽ മൂന്ന് തവണ പിന്നെയുമെത്തി. ഒരു തവണ ഖത്തറിൽ പോയാണ് വിസ പുതുക്കിയത്. 
ജനുവരിയിലെ തണുത്തു വിറയ്ക്കുന്ന അവസാന വ്യാഴാഴ്ച. സലാം സുല്ലമി പതിവിൽ കവിഞ്ഞ ഉന്മേഷത്തിലും സന്തോഷത്തിലുമായിരുന്നു. 
തണുപ്പായതിനാൽ പുതച്ച് കിടക്കുക ഈയിടെ പതിവായിരുന്നെങ്കിലും അന്ന് ഒട്ടും കിടന്നതേയില്ല. ഉച്ചഭക്ഷണത്തിന് ശേഷം പ്രിയതമയോടൊപ്പം നടക്കാനിറങ്ങി. ഫഌറ്റിൽ തിരികെയെത്തിയ ശേഷം എല്ലാവരുമൊന്നിച്ച് വിശേഷങ്ങൾ പങ്കുവെക്കാനിരുന്നു. വാരാന്ത്യ ദിനമായതിനാൽ മക്കളെല്ലാവരും ഉണ്ടായിരുന്നു. പേരക്കുട്ടികളോട്  വല്ലാതെ കെട്ടുപിണഞ്ഞ് ഒട്ടിപ്പിടിച്ചാണ് അന്ന് ക്ലോക്കിലെ സൂചികൾ കറങ്ങിയത്. 'നിങ്ങൾക്ക് വലുതാവുമ്പോൾ ആരാകണമെന്നാണാഗ്രഹം?' ചോദ്യങ്ങളും ഉത്തരങ്ങളും അതിവേഗതയിൽ ഉപ്പാപ്പയ്ക്കും പേരമക്കൾക്കുമിടയിൽ റിലേ ഓട്ട മത്സരം പോലെ അരങ്ങേറി.  സംഭാഷണങ്ങളിലും ചർച്ചകളിലും സജീവമായ പകൽ. അതിനിടയിൽ ലേഖനം എഴുതാനുമിരുന്നു. വെള്ളക്കടലാസിൽ അക്ഷരങ്ങൾ പിറന്നു തുടങ്ങിയെങ്കിലും വിരലുകൾക്ക് ക്രമേണ ശക്തി ചോരുന്നു. അക്ഷരങ്ങൾ കടലാസിൽ കൃത്യമായി പതിയുന്നില്ല!


സന്ധ്യ വിട ചൊല്ലുകയാണ്. സുല്ലമി ശ്വസനത്തിന് പ്രയാസപ്പെടുന്നു. ഉച്ചയ്ക്ക് ശക്തമായ ചുമയുണ്ടായിരുന്നെങ്കിലും അതിന് ശേഷം കൂടുതൽ ഉന്മേഷവാനായിരുന്നു. പക്ഷേ ഇപ്പോഴത്തെ ചുമ അദ്ദേഹത്തെ കൂടുതൽ അസ്വസ്ഥനാക്കിയിരുന്നു. 
ഒട്ടും വൈകാതെ വാഹനം കുതിച്ചത് സുല്ലമിയുടെ സീമന്ത പുത്രി മുനീബ ജോലി ചെയ്യുന്ന ആതുരാലയത്തിലേക്കായിരുന്നു. ഷാർജ അൽ ഖാസിമി ആശുപത്രിയിലെ രോഗികളുടെ വിവരപ്പട്ടികയിൽ ആൽപറ്റ അബ്ദുസ്സലാം എന്ന് രേഖപ്പെടുത്താൻ അധിക സമയം വേണ്ടിവന്നില്ല. കേരളം കണ്ട മികച്ച ധിഷണാശാലി അബോധാവസ്ഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയി. കാർഡിയോളജി വിഭാഗത്തിലെ നൂതന ചികിത്സകൾക്ക് വിധേയനായി ആറ് ദിനരാത്രങ്ങൾ. തണുപ്പ് കഠിനമായ ജനുവരിയിലെ അവസാന ദിവസം വൈകിട്ട് നാലോടെ അക്ഷരങ്ങളെ ജീവനേക്കാളേറെ കെട്ടിപ്പിടിച്ചു നറുമുത്തം  നൽകിയ മഹാപ്രതിഭയുടെ അവസാന ശ്വാസവും നിലച്ചു! 
ഇതു അത്ഭുതകരം! യു.എ.ഇയുടെ സാംസ്‌കാരിക തലസ്ഥാനവും പുസ്തകോത്സവങ്ങളുടെ പൂരപ്പറമ്പുമായ ഷാർജയിൽ, നാല് പതിറ്റാണ്ടുകളോളമായി ലോകത്തിന്റെ കണ്ണ് റാഞ്ചും വിധം പുസ്തകങ്ങളുടെ പെരുംമഴ ഈ നാട്ടിലേക്ക് തിരിച്ചുവിട്ട ഭരണാധികാരി ശൈഖ് സുൽത്താൻ അൽ ഖാസിമിയുടെ നാട്ടിൽ, അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള അൽ ഖാസിമി ആശുപത്രിയിലേക്ക് അന്ത്യയാത്രക്ക് വേണ്ടി ഈ അക്ഷരസ്‌നേഹി വന്നുചേർന്നത് ദൈവ നിയോഗം!
നൂറിലേറെ ശ്രദ്ധേയ കൃതികളിലൂടെ കേരളത്തിന് അണയാത്ത പ്രകാശം ചൊരിഞ്ഞ പ്രിയങ്കരനായ എഴുത്തുകാരന്റെ അന്ത്യയാത്രയും സ്മർത്തവ്യമായ ചരിതമായി... വിസ്മയത്തിന്റെ അപൂർവ അധ്യായം.
കടുത്ത വിമർശകരോടു പോലും തുരുതുരാ പുഞ്ചിരിച്ചു മാത്രം സംവദിച്ചിരുന്ന സുല്ലമിയുടെ വിനയാന്വിത മുഖമാണ് നമ്മുടെ മനസ്സുകളിൽ പതിഞ്ഞ രൂപം. ഐ.സി.യുവിൽ കിടന്ന സുല്ലമിയുടെ മുഖം ചികിത്സോപകരണങ്ങൾ സ്പർശിച്ചതിനാൽ ആർക്കും അധികനേരം കാണാനാവുമായിരുന്നില്ല. എന്നാൽ ജീവൻ നിലച്ചതോടെ ഏറനാട്ടുകാരുടെ സ്വന്തം കുഞ്ഞാപ്പയുടെ മുഖത്ത് പുഞ്ചിരിയുടെ നിലാവുദിച്ചു. അത് കാണേണ്ടൊരു പുഞ്ചിരി തന്നെയായിരുന്നു. കണ്ണ് പിൻവലിയാൻ ഒരിക്കലും കൂട്ടാക്കാത്ത വശ്യത! എത്ര തവണ കണ്ടവർക്കും പിന്നെയും പിന്നെയും കാണാൻ കൊതിപ്പിക്കുന്ന പുഞ്ചിരി.
മോർച്ചറിയിൽനിന്ന്  എംബാമിംഗ് കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കു സമയമായി. സുല്ലമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ കുടുംബാംഗങ്ങളുടെ കൂടെ സമാശ്വാസത്തിന്റെ വിസ്മയച്ചെപ്പുമായി മുഴുസമയം ഒട്ടിനിന്ന ശഹീൻ അലി മരണ ഗന്ധം കട്ടപിടിച്ച ആംബുലൻസിലേക്ക് കയറി. മറ്റൊരു മൃതദേഹം കൂടിയുണ്ടായിരുന്നു ആ വാഹനത്തിൽ. അമ്പത്തിരണ്ടുകാരനായ ഒരു ബംഗ്ലാദേശിയുടേത്. ധാക്കയിൽ നിന്ന് ഒമ്പതര വർഷം മുമ്പ് കടൽ കടന്നെത്തിയ പ്രവാസി. ജീവിത പ്രാരാബ്ധങ്ങളും നിലയ്ക്കാത്ത കഷ്ടപ്പാടുകളും സ്വന്തം വീട്ടിലേക്കുള്ള അദ്ദേഹത്തിന്റെ അവധിക്കാല യാത്രകളെ  തടഞ്ഞുനിർത്തി. ഒരു ദശാബ്ദത്തിനിടക്ക് ഒരിക്കൽ പോലും നാട്ടിൽ പോകാനവസരം ലഭിക്കാത്ത ഹതഭാഗ്യൻ! അവസാനം രണ്ട് കോണുകളുടെയും അഗ്രം ഛേദിച്ച പാസ്‌പോർട്ടുമായി ഒന്നുമറിയാതെ സ്വന്തം നാട്ടിലെ ആറടി മണ്ണിലേക്ക് ..... 
ദുബായ് മുഹൈസിനയിലെ  എംബാമിംഗ് കേന്ദ്രവും പരിസരവും പതിവ് പോലെ അന്നും കണ്ണീരിൽ കുതിർന്നതായിരുന്നു. ഭയാനകമായ കാഴ്ചകൾ കണ്ട് കരുവാളിച്ച മുഖങ്ങളിൽ ദുഃഖത്തിന്റെ കനം തൂങ്ങിനിൽക്കുന്നുണ്ട്. മൃതദേഹങ്ങളിൽ അന്ത്യകർമങ്ങൾ ചെയ്യുന്ന ഉറ്റവരും ഉടയവരും പലപ്പോഴും നിയന്ത്രണം നഷ്ടപ്പെട്ട് വിതുമ്പുന്നു. മരണവഴികളിൽ പരേതർക്ക് വേണ്ടി എപ്പോഴും കാവലിരിക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ കാര്യങ്ങളെല്ലാം  ക്രമമനുസരിച്ച് നടക്കുന്നു. ഇത് വല്ലാത്തൊരു മരണ വീട് തന്നെ! ഖബറിനെ ഓർമിപ്പിക്കും വിധം കാർഗോ പെട്ടികളിൽ അടക്കപ്പെട്ട മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആംബുലൻസ് എത്തി. സുല്ലമിയുടെ മൃതദേഹമായിരുന്നു പാക്കിസ്ഥാനി െ്രെഡവർ  വാഹനത്തിലേക്ക് ആദ്യമെടുത്തത്. പ്രവാസിയുടെ ഇടുങ്ങിയ മുറികളിലെ രണ്ടട്ടി കട്ടിൽ പോലെ മുകളിൽ മറ്റൊരു മൃതദേഹം കൂടി കയറ്റിവെച്ചു. മരണത്തിലും സുല്ലമി വിനയം പഠിപ്പിക്കുകയായിരുന്നു.  ഇടതു ഭാഗത്തായി വേറെ രണ്ടെണ്ണവും. നാല് മൃതദേഹങ്ങളുമായി ആംബുലൻസ് ബന്ധുമിത്രാദികളുടെ  കണ്ണുകളിൽ നിന്ന് തിരക്കേറിയ നഗരവീഥികളിലേക്ക്  മറഞ്ഞു; മൃതദേഹപ്പെട്ടികളുടെ മുകൾഭാഗത്ത് നീലമഷി കൊണ്ടെഴുതിയ വിലാസം തേടിയുള്ള യാത്ര തുടങ്ങി. പുഞ്ചിരിമുഖത്തിന് കൂട്ടായി മകൻ മുബീനും മരുമകൻ അനസും എയർ അറേബ്യയിൽ കയറാൻ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിറകണ്ണുകളോടെ..
പിന്നെയും നാല് മൃതദേഹങ്ങൾ കൂടി അവരവരുടെ സ്വന്തം രാജ്യത്തേക്കുള്ള യാത്രാ ഊഴം കാത്ത് അവിടെയുണ്ട്. ഏതോ ഒരാശുപത്രിയിൽ നിന്ന് മൃതദേഹം വഹിച്ചുകൊണ്ട് മറ്റൊരു ആംബുലൻസ് കൂടി ഇതാ എത്തിയിരിക്കുന്നു. ഇവിടം മരണ ഗന്ധം വിട്ടൊഴിയുന്നില്ല.


പ്രഭാഷണങ്ങളിലൂടെയും  ലേഖനങ്ങളിലൂടെയും കനപ്പെട്ട പുസ്തകങ്ങളിലൂടെയും പ്രമാണങ്ങളുടെ കൃത്യമായ പിൻബലത്തിൽ ഒന്നൊഴിയാതെ എല്ലാറ്റിനും മാന്യവും സുതാര്യവുമായ ശൈലിയിൽ മറുപടി നൽകി. ഗുണകാംക്ഷ മാത്രമായിരുന്നു ഏക പ്രചോദനം. സുല്ലമിയുടെ അനുഗൃഹീത കരങ്ങളാൽ വിരചിതമായ വിശുദ്ധ ഖുർആൻ വ്യാഖ്യാനം, ഹദീസ് പരിഭാഷകൾ തുടങ്ങി വിഖ്യാതമായ എമ്പാടും ഗ്രന്ഥങ്ങൾ കെടാത്ത വിളക്കുമാടങ്ങളായി സത്യാന്വേഷകരെ മാടിവിളിക്കും. സുല്ലമിയുടെ പ്രഭാഷണങ്ങൾക്ക് ശേഷമുള്ള സംശയ നിവാരണമായിരുന്നു അതീവ ഹൃദ്യം. എന്ത് വിഷയത്തിലും ഏത് സാധാരണക്കാരനും ധൈര്യമായി ചോദ്യങ്ങൾ ഉയർത്താം. വളരെ സരളമായ ഭാഷയിൽ തൃപ്തികരമായ ഉത്തരം കിട്ടും. സമയമെത്ര ദീർഘിച്ചാലും അദ്ദേഹത്തിന് യാതൊരു പരാതിയുമുണ്ടായിരുന്നില്ല. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷമേ ശ്രോതാക്കൾ പിരിഞ്ഞു പോകാവൂ  എന്ന കാര്യത്തിൽ മാത്രമായിരുന്നു കണിശത.
ലോകപ്രശസ്തമായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ സുല്ലമിയെ ആദരിക്കാൻ തീരുമാനിച്ചപ്പോൾ അത് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എക്‌സ്‌പോ സെന്ററിൽ തിങ്ങിനിറഞ്ഞ സദസ്സിൽ അദ്ദേഹം നടത്തിയ അർത്ഥഗർഭമായ പ്രഭാഷണത്തിനു ശേഷം സംഘാടകരുടെ സ്‌നേഹാദരവുകൾക്കും നിർബന്ധത്തിനും വഴങ്ങി ഉപഹാരം സ്വീകരിക്കുകയായിരുന്നു. മത രംഗത്തെ മികച്ച സേവനത്തിനുള്ള  വക്കം മൗലവി പുരസ്‌കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തപ്പോഴും സമാന അനുഭവമായിരുന്നു ജൂറി ബോർഡ് അഭിമുഖീകരിച്ചത്.
പണ്ഡിതന്മാരുടെ ലാളിത്യവും വിനയവും എങ്ങനെയായിരിക്കണമെന്ന് ജീവിതം കൊണ്ട് അബ്ദുസ്സലാം സുല്ലമി അടയാളപ്പെടുത്തി. പരന്ന വായനയും ആഴത്തിലുള്ള ഗവേഷണവും മുഖമുദ്രയാക്കിയ ഈ പരിഷ്‌കർത്താവിന്റെ ജീവിത മാതൃക മലയാളികളുടെ അന്വേഷണ തൃഷ്ണയ്ക്ക് മുമ്പിൽ പുതിയൊരു ദിശാബോധത്തിന്റെ നിഘണ്ടുവായി ഉണർന്നിരിക്കും.