Monday , February   18, 2019
Monday , February   18, 2019

കളി മുടക്കി മിന്നലാക്രമണം 

നൂറില്‍ നൂറടിച്ച് ശിഖര്‍
ജോഹന്നസ്ബര്‍ഗ് - മിന്നലാക്രമണം കാരണം രണ്ടു തവണ നിര്‍ത്തിവെച്ച  നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന് അവിസ്മരണീയ സെഞ്ചുറി. തന്റെ നൂറാം ഏകദിനം ശിഖര്‍ നൂറടിച്ച് ആഘോഷിച്ചു. നൂറാം മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശിഖര്‍. ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ക്രിസ് ഗയ്ല്‍, രാംനരേശ് സര്‍വന്‍ (വെസ്റ്റിന്‍ഡീസ്), ക്രിസ് കെയ്ന്‍സ് (ന്യൂസിലാന്റ്), യൂസുഫ് യൂഹാന (പാക്കിസ്ഥാന്‍), കുമാര്‍ സംഗക്കാര (ശ്രീലങ്ക), മാര്‍ക്കസ് ട്രെസ്‌കോതിക് (ഇംഗ്ലണ്ട്), ഡേവിഡ് വാണര്‍ (ഓസ്‌ട്രേലിയ) എന്നിവരും നൂറാം മത്സരത്തില്‍ സെഞ്ചുറിയടിച്ചിട്ടുണ്ട്. 
ഇന്ത്യയുടെ ഏഴിന് 289 പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഒന്നിന് 43 ല്‍ നില്‍ക്കുമ്പോഴാണ് രണ്ടാം തവണ മിന്നലാക്രമണം കാരണം കളി നിര്‍ത്തി വെച്ചത്. പിന്നീട് ഇരുപത്തെട്ടോവറില്‍ 202 ആയി ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം പുനര്‍നിര്‍ണയിച്ചു. 
ശിഖറും (105 പന്തില്‍ 109) ഉജ്വല ഫോം തുടരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (83 പന്തില്‍ 75) ഇന്ത്യയെ 350 നോടടുപ്പിക്കുമെന്നു കരുതിയെങ്കിലും ആദ്യ ഇടവേളക്കു ശേഷം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തിരിച്ചടിച്ചു. ദക്ഷിണാഫ്രിക്ക ശക്തമായി മറുപടി തുടങ്ങുകയും സ്‌കോര്‍ 7.2 ഓവറില്‍ ഒന്നിന് 43 ലെത്തുകയും ചെയ്തപ്പോഴാണ് രണ്ടാം തവണ കളി നിര്‍ത്തിവെച്ചത്. ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്‌റമിനെ (23 പന്തില്‍ 22) ജസ്പ്രീത് ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഹാശിം അംലയായിരുന്നു (21 പന്തില്‍ 19 നോട്ടൗട്ട്) ഒപ്പം ക്രീസില്‍. 
രണ്ടാം വിക്കറ്റില്‍ കോഹ്‌ലിയും ശിഖറും നേടിയ 178 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിന്റെ അടിത്തറ. പരമ്പരയില്‍ ഇതുവരെയായി കോഹ്‌ലി 393 റണ്‍സടിച്ചു. രോഹിത് ശര്‍മയെ (5) കഗീസൊ റബാദ സ്വന്തം ബൗളിംഗില്‍ മനോഹരമായി പിടിച്ച ശേഷം ഇരുവരും ഇന്ത്യയെ കരകയറ്റുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇരുവരും വന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. സെഞ്ചൂറിയനില്‍ അഭേദ്യമായ രണ്ടാം വിക്കറ്റില്‍ 93 റണ്‍സും കേപ്ടൗണില്‍ 140 റണ്‍സുമാണ് ഇരുവരും ചേര്‍ത്തത്. എന്നാല്‍ കഴിഞ്ഞ രണ്ടു കളികളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ശിഖറാണ് അരങ്ങു വാണത്. തന്റെ നൂറാം മത്സരത്തില്‍ ശിഖര്‍ പതിമൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കി. 34.2 ഓവറില്‍ ഇന്ത്യ രണ്ടിന് 200 പിന്നിട്ടപ്പോള്‍ അതില്‍ 107 റണ്‍സായിരുന്നു ശിഖറിന്റെ സംഭാവന. 
ഗ്രൗണ്ടിനു സമീപം മിന്നലാക്രമണമുണ്ടായതോടെ അമ്പയര്‍മാര്‍ കളി നിര്‍ത്തിവെച്ച ശേഷമാണ് ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചത്. 50 മിനിറ്റിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ശിഖറിന് രണ്ട് റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. മോര്‍ണി മോര്‍ക്കലിന്റെ ബൗളിംഗില്‍ മിഡോഫില്‍ എബി ഡിവിലിയേഴ്‌സിന് പിടികൊടുത്തു. 
പിന്നീട് ഇന്ത്യ മുടന്തി. ലുന്‍ഗി എന്‍ഗിഡി എറിഞ്ഞ അടുത്ത ഓവറില്‍ അജിന്‍ക്യ രഹാനെയെ (8) ഡീപ് സ്‌ക്വയര്‍ലെഗില്‍ പിടിച്ചു. മഹേന്ദ്ര ധോണി (43 പന്തില്‍ 42 നോട്ടൗട്ട്) ഒരറ്റത്തുണ്ടായിരുന്നുവെങ്കിലും അവസാന 15.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. 

ഇന്ത്യ
രോഹിത് സി ആന്റ് ബി റബാദ 5 (13, 4-1), ശിഖര്‍ സി ഡിവിലിയേഴ്‌സ് ബി മോര്‍ക്കല്‍ 109 (105, 6-2, 4-10), കോഹ്‌ലി സി മില്ലര്‍ ബി മോറിസ് 75 (83, 6-1, 4-7), രഹാനെ സി റബാദ ബി എന്‍ഗിഡി 8 (15, 4-1), ശ്രേയസ് സി മോറിസ് ബി എന്‍ഗിഡി 18 (21, 4-2), ധോണി നോട്ടൗട്ട് 42 (43, 6-1, 4-3), ഹാര്‍ദിക് സി മാര്‍ക്‌റം ബി റബാദ 5 (7), ഭുവനേശ്വര്‍ റണ്ണൗട്ട് (മില്ലര്‍/മോറിസ്) 5 (7), കുല്‍ദീപ് നോട്ടൗട്ട് 0 (0)
എക്‌സ്ട്രാസ് - 18
ആകെ - ഏഴിന് 289
വിക്കറ്റ് വീഴ്ച: 1-20, 2-178, 3-206, 4-210, 5-247, 6-262, 7-282
ബൗളിംഗ്: മോര്‍ക്കല്‍ 10-0-55-1, റബാദ 10-0-58-2, എന്‍ഗിഡി 10-0-52-2, മോറിസ് 10-0-60-1, ഫെഹ്‌ലുക്‌വായൊ 6-0-38-0, ഡുമിനി 4-0-20-0
ദക്ഷിണാഫ്രിക്ക
മാര്‍ക്‌റം എല്‍.ബി ബുംറ 22 (23, 4-3), ഹാശിം നോട്ടൗട്ട് 19 (21, 4-3)
എക്‌സ്ട്രാസ് - 2, ആകെ (7.2 ഓവറില്‍) -  ഒന്നിന് 43, വിക്കറ്റ് വീഴ്ച: 1-43, ബൗളിംഗ്: ഭുവനേശ്വര്‍ 4-0-27-0, ബുംറ 3.2-0-14-1 

Latest News