Monday , February   18, 2019
Monday , February   18, 2019

ചട്ടുകാലനും കിളുന്തു പയ്യനും

1958-29 ജൂൺ, സ്വീഡൻ
12 വേദികളിൽ മത്സരങ്ങൾ നടത്തി ലോക റെക്കോർഡ് സൃഷ്ടിച്ച സ്വീഡനിലെ ആ ലോകകപ്പിലാണ് പെലെ എന്ന ഇതിഹാസം ജനിച്ചത്. പലതവണ കിരീടസാധ്യത സൃഷ്ടിച്ച ശേഷം ബ്രസീൽ ആദ്യമായി ലോകകപ്പുയർത്തിയ വർഷമാണ് 1958. ഇതിഹാസതുല്യനായ ലെവ് യാഷിൻ കാവൽനിന്ന സോവിയറ്റ് യൂനിയനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അവർ രണ്ടു പുതുമുഖങ്ങളെ ഇറക്കി. മാന്വേൽ ഫ്രാൻസിസ്‌കൊ ഡോസ് സാന്റോസ് എന്നവിംഗർ. ഗാരിഞ്ച എന്ന പേരിലാണ് ഈ ചട്ടുകാലനെ ലോകമറിഞ്ഞത്. 
പിന്നെ എഡ്‌സൻ അരാന്റസ് ഡൊ നാസിമെന്റൊ എന്നൊരു പതിനേഴുകാരൻ, ഫുട്‌ബോളിന്റെ രാജസിംഹാസനം കീഴടക്കിയ പെലെ. പെലെ ആദ്യ കളിയിൽ ഗോളടിച്ചില്ല. പക്ഷെ അസാമാന്യ ഡ്രിബഌംഗ് മികവിലൂടെ ഗാരിഞ്ച വിജയത്തിന് കളമൊരുക്കി. ഉജ്വലമായി കളിച്ച വെയ്ൽസിനെതിരായ ക്വാർട്ടറിലെ 1-0 വിജയത്തിൽ പെലെ ആദ്യ ലോകകപ്പ് ഗോൾ കുറിച്ചു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗോളെന്ന് ഇതിനെ പെലെ വിശേഷിപ്പിച്ചിട്ടുണ്ട്.
ഫ്രാൻസായിരുന്നു കാണികളുടെ ഹൃദയം കീഴടക്കിയ മറ്റൊരു ടീം. ആറു കളിയിൽ 13 ഗോളടിച്ച് അവരുടെ ജസ്റ്റ് ഫൊണ്ടയ്ൻ ചരിത്രം സൃഷ്ടിച്ചു. റെനെ ബ്ലയാഡിന് പരിക്കേറ്റതു കൊണ്ടു മാത്രമായിരുന്നു ഫൊണ്ടയ്ൻ ടീമിലെത്തിയത്. യൂറോപ്യൻ ഫുട്‌ബോളർ റയ്മണ്ട് കോപയും ഫോമിലെത്തിയതോടെ ഫ്രാൻസ് 23 ഗോളടിച്ചു. ബ്രസിലിനെക്കാളും കൂടുതൽ. പക്ഷെ പെലെ ഹാട്രിക് നേടിയ സെമിയിൽ ഫ്രാൻസ് 6-3 ന് തകർന്നു. ടൂർണമെന്റിലെ മികച്ച മത്സരമായിരുന്നു അത്. 
നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ജർമനിയെ അട്ടിമറിച്ചാണ് കാണികളുടെ പിന്തുണയോടെ സ്വീഡൻ ഫൈനലിലെത്തിയത്. എറിക് ജുസ്‌കോവിയാക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോവുന്ന ആദ്യ ജർമൻ കളിക്കാരനായി. ഫൈനലിൽ നാലാം മിനിറ്റിൽ തന്നെ സ്വീഡൻ ഗോളടിച്ചെങ്കിലും ബ്രസീൽ മാസ്മരികമായി തിരിച്ചടിച്ചു. പെലെയും വാവയും ഇരട്ട ഗോളടിച്ചതോടെ  ബ്രസീൽ 5-2 ന് ജയിച്ചു. 

അറിയാമോ? യൂറോപ്പിൽ നടന്ന ലോകകപ്പിൽ 
ആ വൻകരക്കു പുറത്തു നിന്നുള്ള ടീം 
ചാമ്പ്യന്മാരായത് 1958 ൽ മാത്രമാണ്.

ഫൈനലിലെ ഏറ്റവും വലിയ വിജയ മാർജിൻ. പെലെ നേടിയ ബ്രസീലിന്റെ മൂന്നാമത്തെ ഗോൾ അവിസ്മരണീയമായി. സ്വന്തം ടീം തോറ്റിട്ടും സ്വീഡിഷ് ജനത ആ മഹാപ്രതിഭക്കു മുന്നിൽ ശിരസ്സു നമിച്ചു. രോമാഞ്ചജനകമായ തന്റെ ഫുട്‌ബോൾ ചരിത്രത്തിന് സ്വീഡനിൽ പെലെ ആദ്യ അധ്യായമെഴുതി. സ്വീഡന്റെ പതാക പുതച്ച് ബ്രസീൽ വിജയനൃത്തം ചവിട്ടി. പെലെ ലോകകപ്പ് ഫൈനലിലെ പ്രായം കുറഞ്ഞ സ്‌കോററും സ്വീഡന്റെ നിൽസ് ലീഡ്‌ഹോം പ്രായമേറിയ സ്‌കോററുമായി. 
വിംഗുകളിലൂടെ ആക്രമിച്ചു കയറുന്ന പുതിയ 4-2-4 ശൈലിയാണ് ബ്രസീൽ സ്വീകരിച്ചത്. പെലെയും ഗാരിഞ്ചയും പ്രതിരോധം തുളച്ചുകയറി. മധ്യനിരയിൽ ദിദി അരങ്ങുവാണു. കഴിഞ്ഞ വർഷം നിൽടൺ സാന്റോസും ദ്യാൽമ സാന്റോസുമായിരുന്നു ഹാഫ് ബാക്കുകൾ. കോച്ച് വിൻസന്റെ ഫിയോളയുടെ കീഴിൽ മൂന്നു മാസത്തെ തീവ്രപരിശീലനം കഴിഞ്ഞാണ് ബ്രസീൽ ലോകം കീഴടക്കാൻ വന്നത്. കമ്യൂണിസ്റ്റ് ഭരണം നിലനിന്ന കിഴക്കൻ യൂറോപ്പിലൊഴികെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ടി.വിയിൽ വീക്ഷിക്കാനായ ആദ്യ ലോകകപ്പായിരുന്നു അത്. പെലെയും ബ്രസീലും രാജ്യാതിർത്തികൾ തകർത്ത് കാണികളുടെ ഹൃദയങ്ങളിലേക്ക് ചേക്കേറി. 
ഇറ്റലിയെ മറികടന്ന് വടക്കൻ അയർലന്റ് യോഗ്യത നേടിയതോടെ ബ്രിട്ടനിലെ നാലു ടീമുകളും ആദ്യമായി ഒരുമിച്ച് കളിച്ചു. പിന്നീടൊരിക്കലും ഈ നാലു ടീമുകൾ ഒരുമിച്ച് യോഗ്യത  നേടിയിട്ടില്ല. ഇറ്റലി യോഗ്യതാ റൗണ്ടിൽ പുറത്തായ ഒരേയൊരു ലോകകപ്പായിരുന്നു ഇത്. മ്യൂണിക് വിമാനത്താപകടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ എട്ട് പ്രമുഖ താരങ്ങൾ കൊല്ലപ്പെട്ട് മാസങ്ങൾ പിന്നിടുന്നതേയുണ്ടായിരുന്നുള്ളൂ. 
അസാമാന്യപ്രതിഭയായ ഡങ്കൻ എഡ്വേഡ്‌സ് ഉൾപ്പെടെ മൂന്ന് രാജ്യാന്തര കളിക്കാരും അതിലുണ്ടായിരുന്നു. ഈ നഷ്ടം ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. 
എന്നിട്ടും അവർ ബ്രസീലിനെ സമനിലയിൽ തളച്ചു, ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾരഹിത സമനില. ക്വാർട്ടറിൽ സോവിയറ്റ് യൂനിയനോട് ഇംഗ്ലണ്ട് തോറ്റു. വെയ്ൽസ് ഹംഗറിയെയും അയർലന്റ് ചെക്കൊസ്ലൊവാക്യയെയും അട്ടിമറിച്ചു. 
കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ ഉയിർത്തെഴുന്നേൽപ് പരാജയപ്പെട്ട ശേഷം ഫെറഞ്ച് പുഷ്‌കാസും സാന്റോർ കോഷിഷുമൊക്കെ രാജ്യം വിട്ടതോടെ ഹംഗറി ദുർബലമായിരുന്നു. 1954 ലെ സ്വപ്‌ന ടീമിൽനിന്ന് അവേശിച്ചത് നന്തോർ ഹിഡെകുടിയുൾപ്പെടെ മൂന്നു പേർ മാത്രം. 

ആതിഥേയർ: സ്വീഡൻ, ചാമ്പ്യന്മാർ: ബ്രസീൽ
ടീമുകൾ: 16, മത്സരങ്ങൾ: 35
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 45
പ്രധാന അസാന്നിധ്യം: ഇറ്റലി, ഉറുഗ്വായ്
അപ്രതീക്ഷിതമായി യോഗ്യത നേടിയത്: വെയ്ൽസ്, 
വടക്കൻ അയർലന്റ്
ടോപ്‌സ്‌കോറർ: ജസ്റ്റ് ഫൊണ്ടയ്ൻ (ഫ്രാൻസ്, 13)
ആകെ ഗോൾ -126 (ശരാശരി 3.60), 
കൂടുതൽ ഗോളടിച്ച ടീം -ഫ്രാൻസ് (23)

ഫൈനലിൽ സ്വീഡനും ബ്രസീലും മഞ്ഞ ജഴ്‌സിക്കാരായത് പ്രശ്‌നമായി. ഒടുവിൽ  തിടുക്കത്തിൽ ഒപ്പിച്ചെടുത്ത നീല ജഴ്‌സിയിട്ടാണ് ബ്രസീൽ കളിച്ചത്. നാലാം മിനിറ്റിൽതന്നെ സ്വീഡൻ മുന്നിലെത്തിയെങ്കിലും ബ്രസീലിന്റെ പടക്കുതിരകളെ പിടിച്ചുകെട്ടാനാവുമായിരുന്നില്ല. 
ലൂസേഴ്‌സ് ഫൈനലിൽ ജർമനിക്കെതിരെ നാലു ഗോളടിച്ച ഫൊണ്ടയ്ൻ തന്റെ ഗോൾ നേട്ടം പതിമൂന്നാക്കി ഉയർത്തി. ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു. 
തങ്ങൾക്കെതിരെ കളിക്കാൻ തുർക്കിയും ഇന്തോനേഷ്യയും സുഡാനും വിസമ്മതിച്ചതോടെ ഇസ്രായിൽ ആ ലോകകപ്പിന് യോഗ്യത നേടിയതായിരുന്നു. എന്നാൽ ഒരു യോഗ്യതാ മത്സരമെങ്കിലും കളിക്കണമെന്ന് ഫിഫ നിഷ്‌കർഷിച്ചു. 
യോഗ്യതാ മത്സരത്തിൽ വെയ്ൽസ് ജയിച്ചു. ഏഷ്യൻ ഗ്രൂപ്പിൽ ഉൾപെടുത്തിയതിൽ പ്രതിഷേധിച്ച് തുർക്കി പിന്മാറി. ലോകകപ്പിൽ ഹംഗറി-വെയ്ൽസ് മത്സരം നടക്കുന്നതിന്റെ തലേന്നാണ് ഹംഗേറിയൻ പ്രധാനമന്ത്രിയായിരുന്ന ഇംറെ നാഗിയെ കമ്യൂണിസ്റ്റ് ഭരണകൂടം തൂക്കിലേറ്റിയത്. ഇതിൽ പ്രതിഷേധിച്ച് ഫുട്‌ബോൾ പ്രേമികൾ ആ മത്സരം ബഹിഷ്‌കരിച്ചു. 2823 പേർ മാത്രമാണ് കളി കണ്ടത്.

Latest News