Monday , February   18, 2019
Monday , February   18, 2019

എങ്ങോട്ട് പോവുന്നു  ഈ കുട്ടികൾ?

1998 മുതൽ 2016 വരെ 117 കുട്ടികൾ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അതിൽ 34 പേരാണ് സീനിയർ ഇന്ത്യൻ ടീമിലെത്തിയത്. അതിൽ തന്നെ ദീർഘകാലം ഇന്ത്യക്കു കളിക്കാൻ 
കഴിഞ്ഞത് വളരെച്ചുരുക്കം പേർക്കാണ്. വിരാട് കോഹ്‌ലി, ഹർഭജൻ സിംഗ്, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ് തുടങ്ങിയവർക്കു മാത്രം. ഈ 34 പേരിൽ വെറും 14 പേർക്കാണ് അമ്പതിലേറെ രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ സാധിച്ചത്.

അണ്ടർ-19 ലോകകപ്പിൽ എതിർപ്പില്ലാതെ കിരീടത്തിലേക്ക് കുതിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യ. ന്യൂസിലാന്റിലേതു പോലെ ഇന്ത്യൻ സാഹചര്യങ്ങളോട് ഒരു തരത്തിലും സാമ്യതയില്ലാത്ത പിച്ചുകളിൽ ടീം നേടിയ ആധികാരിക വിജയം അസൂയാവഹമാണ്. കമലേഷ് നഗർകോടിയും ശിവം മാവിയും ഇശാൻ പോറലുമൊക്കെ രാജ്യാന്തര തലത്തിലെ തന്നെ മുൻനിര പെയ്‌സർമാരുടെ വേഗത്തിലാണ് പന്തെറിഞ്ഞത്. ശുഭ്മാൻ ഗില്ലിനെയും മൻജോത് കൽറയെയും പോലുള്ള ബാറ്റ്‌സ്മാന്മാർ ഏത് പിരിമുറുക്കവും തങ്ങൾക്ക് കുട്ടിക്കളിയാണെന്ന് തെളിയിച്ചു. റിയാൻ പരാഗിനെ പോലെ ഒരു മികച്ച ബാറ്റ്‌സ്മാന് പരിക്കു കാരണം ടൂർണമെന്റിൽ കാര്യമായി അവസരം ലഭിച്ചു പോലുമില്ല. എല്ലാ അർഥത്തിലും പ്രതിഭ തുളുമ്പുന്ന നിര. ഈ വിജയ നിമിഷത്തിൽ സീനിയർ ഇന്ത്യൻ ടീമിലേക്കുള്ള ഈ കളിക്കാരുടെ യാത്ര സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് നമുക്കു തോന്നും. എന്നാൽ കഴിഞ്ഞ കാല ചരിത്രം സൂചനയാണെങ്കിൽ അണ്ടർ-19 കളിക്കാരിൽ അധികം പേരൊന്നും സീനിയർ ഇന്ത്യൻ ടീമിൽ എത്തിയിട്ടില്ലെന്നതാണ് തിക്ത യാഥാർഥ്യം.
2008 ൽ ഐ.പി.എൽ ജന്മം കൊണ്ട ശേഷം ഒരുപാട് ജൂനിയർ താരങ്ങൾ വെള്ളി വെളിച്ചത്തിലേക്ക് ഉയർന്നിട്ടുണ്ട്. രഞ്ജി ട്രോഫി ടീമിലെത്തുന്ന കളിക്കാർക്കു പോലും ഇന്ന് നല്ല പ്രതിഫലം ലഭിക്കുന്നു. ഈ അവസരങ്ങളൊക്കെ ജൂനിയർ കളിക്കാർക്ക് വലിയ സാധ്യതകളാണ് തുറക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഐ.പി.എൽ വന്നതിനു ശേഷം ജൂനിയർ കളിക്കാർ സീനിയർ ഇന്ത്യൻ ടീമിലേക്ക് ഉയർന്നു വരുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്ന് കാണാനാവും. 
വിജയശ്രീലാളിതരായി ഇന്ത്യൻ ടീം ന്യൂസിലാന്റിൽ നിന്ന് എത്തിയ ശേഷം കോച്ച് രാഹുൽ ദ്രാവിഡ് നടത്തിയ പത്രസമ്മേളനത്തിൽ ഉയർന്ന ചർച്ച വലിയൊരു വസ്തുതയിലേക്കാണ് വെളിച്ചം വീശിയത്. ഇതിനു മുമ്പ് ഇന്ത്യ അണ്ടർ-19 ലോകകപ്പ് നേടിയത് 2012 ലാണ്. തോൽപിച്ചത് ഓസ്‌ട്രേലിയയെ തന്നെ. ആ ടീമിലെ പലരും ഭാവി വാഗ്ദാനങ്ങളായി വിലയിരുത്തപ്പെട്ടു. ക്യാപ്റ്റൻ ഉന്മുഖ്ത് ചന്ദ്, ബാബാ അപരാജിത്, അഖിൽ ഹെർവാദ്കർ, സമിത് പട്ടേൽ, ഹനുമ വിഹാരി, വിജയ് സോൾ.. ഇവരിലാർക്കും പക്ഷെ പ്രതീക്ഷക്കൊത്തുയരാനായില്ല. ആ ടീമിലെ ഒരു കളിക്കാരൻ മാത്രമാണ് സീനിയർ ഇന്ത്യൻ ടീമിലെത്തിയത്. സന്ദീപ് ശർമ. സന്ദീപിന്റെ വാഴ്ച രണ്ട് ട്വന്റി20 കളിൽ ഒതുങ്ങി. അതേസമയം ആ ഫൈനലിൽ തോറ്റ ഓസ്‌ട്രേലിയൻ ടീമിലെ 15 പേരിൽ ആറു പേർ സീനിയർ ഓസീസ് ടീമിന്റെ കുപ്പായമിട്ടു. യഥാർഥത്തിൽ ആരാണ് ജയിച്ചത്? എവിടെപ്പോയി നമ്മുടെ കുട്ടികൾ?
1998 മുതൽ 2016 വരെ 117 കുട്ടികൾ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അതിൽ 34 പേരാണ് സീനിയർ ഇന്ത്യൻ ടീമിലെത്തിയത്. അതിൽ തന്നെ ദീർഘകാലം ഇന്ത്യക്കു കളിക്കാൻ കഴിഞ്ഞത് വളരെച്ചുരുക്കം പേർക്കാണ്. വിരാട് കോഹ്‌ലി, ഹർഭജൻ സിംഗ്, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ് തുടങ്ങിയവർക്കു മാത്രം. ഈ 34 പേരിൽ വെറും 14 പേർക്കാണ് അമ്പതിലേറെ രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ സാധിച്ചത്. ഹർഭജൻ സിംഗും പാർഥിവ് പട്ടേലുമൊക്കെ അണ്ടർ-19 ലോകകപ്പ് കളിച്ചതിന് തൊട്ടുപിന്നാലെ സീനിയർ ഇന്ത്യൻ ടീമിലെത്താൻ ഭാഗ്യം സിദ്ധിച്ചവരാണ്. എന്നാൽ ശിഖർ ധവാൻ, സ്റ്റുവാർട്ട് ബിന്നി, ഫൈസ് ഫസൽ എന്നിവർക്കൊക്കെ ദീർഘകാലം കാത്തുനിൽക്കേണ്ടി വന്നു. സ്റ്റുവാർട്ടിനും ഫൈസിനും 12 വർഷം വേണ്ടി വന്നു. 
ഐ.പി.എല്ലിന്റെ കഴിഞ്ഞ 10 വർഷത്തിനിടയിൽ ജൂനിയർ ടീമിൽനിന്ന് സീനിയർ ടീമിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത്തവണ 15 അണ്ടർ-19 കളിക്കാരിൽ ഏഴ് താരങ്ങൾക്ക് ഐ.പി.എൽ കരാർ കിട്ടി. പൃഥ്വി ഷാ, കമലേഷ് നഗർകോടി, ശുഭ്മാൻ ഗിൽ, ശിവം മാവി, അഭിഷേക് ശർമ, മൻജോത് കൽറ, അനുകൂൽ റോയ് എന്നിവർക്ക്. ഇവരിൽ എത്ര പേരെ കോടികൾ വഴി തെറ്റിക്കുമെന്ന് ഭയക്കേണ്ടതുണ്ട്.
1998 ലെ അണ്ടർ-19 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിലെ അഞ്ചു പേർ സീനിയർ ടീമിലേക്ക് മുന്നേറിയിട്ടുണ്ട്. ഹർഭജൻ സിംഗ്, മുഹമ്മദ് ഖൈഫ്, ലക്ഷ്മിരത്തൻ ശുക്ല, വീരേന്ദർ സെവാഗ്, റിതീന്ദർ സോധി എന്നിവർ. 2000 ലാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുന്നത്. യുവരാജ് സിംഗായിരുന്നു അന്ന് മാൻ ഓഫ് ദ സീരീസ്. 2011 ൽ സീനിയർ ഇന്ത്യൻ ടീം ലോകകപ്പ് നേടിയപ്പോഴും യുവരാജായിരുന്നു മാൻ ഓഫ് ദ ടൂർണമെന്റ്. ഖൈഫും റിതീന്ദറും ആ ടീമിലുമുണ്ടായിരുന്നു. ഖൈഫായിരുന്നു നായകൻ. വേണുഗോപാല റാവു, അജയ് രത്ര എന്നിവരൊക്കെ പിൽക്കാലത്ത് ഇന്ത്യൻ ടീമിൽ സ്ഥാനം നേടി. ശലഭ് ശ്രീവാസ്തവ ദേശീയ ടീമിന്റെ വക്കിലെത്തിയിരുന്നു. പിൽക്കാലത്ത് ശലഭിന് ഒത്തുകളിയുടെ പേരിൽ വിലക്ക് ലഭിച്ചു. 2002 ലെ അണ്ടർ-19 ലോകകപ്പിൽ നിന്നാണ് പാർഥിവ് പട്ടേൽ, സ്റ്റുവാർട് ബിന്നി, ഇർഫാൻ പഠാൻ എന്നിവരെ ഇന്ത്യക്കു കിട്ടിയത്. അവർക്കൊപ്പം കളിച്ച സിദ്ധാർഥ തിവാരിക്ക് പിന്നീട് ഒത്തുകളി വിലക്ക് ലഭിച്ചു.
2004 ലെ ടീമാണ് ഇന്ത്യക്ക് മികച്ച ചില കളിക്കാരെ സമ്മാനിച്ചത്. ചേതേശ്വർ പൂജാര, പിയൂഷ് ചൗള, രോഹിത് ശർമ, രവീന്ദ്ര ജദേജ എന്നിവരെ. 2006 ലെ ടീം അതിനെക്കാൾ മെച്ചമായിരുന്നു. സുരേഷ് റയ്‌ന, അമ്പാട്ടി രായുഡു, ദിനേശ് കാർത്തിക്, ആർ.പി. സിംഗ്, വി.ആർ.വി സിംഗ്, റോബിൻ ഉത്തപ്പ എന്നിവരെ ഇന്ത്യക്ക് കിട്ടിയത് ആ ലോകകപ്പിലാണ്. കോഹ്‌ലിയുടെ നേതൃത്വത്തിൽ 2008 ൽ കിരീടം നേടിയ ടീമിൽ ജദേജയുമുണ്ടായിരുന്നു. അഭിനവ് മുകുന്ദ്, മനീഷ് പാണ്ഡെ, സൗരഭ് തിവാരി എന്നിവരും സീനിയർ ഇന്ത്യൻ കുപ്പായമിട്ടു. 
2008 ലാണ് ഐ.പി.എല്ലിന്റെ ആവിർഭാവം. 2010 ലെ ടീമിൽ നിന്ന് മുന്നേറിയത് കെ.എൽ രാഹുലും ജയ്‌ദേവ് ഉനാദ്കാത്തും മാത്രം. ആ ടീമിന്റെ വൈസ് ക്യാപ്റ്റൻ മൻദീപ് സിംഗ് മൂന്ന് ട്വന്റി20 കളിച്ചു. 2012 ലെ ലോകകപ്പ് നേടിയ ടീമിൽനിന്ന് രണ്ട് ട്വന്റി20 കളിക്കാൻ കഴിഞ്ഞത് സന്ദീപ് ശർമക്കു മാത്രം. 2014 ലേത് മികച്ച ടീമായിരുന്നു. കുൽദീപ് യാദവും ശ്രേയസ് അയ്യരും സഞ്ജു സാംസണും കളിച്ച ആ ടീമിലെ മികച്ച പ്രതിഭയായി വാഴ്ത്തപ്പെട്ടത് സർഫറാസ് ഖാനായിരുന്നു. അവേഷ് ഖാന്റെ പെയ്‌സും മാധ്യമശ്രദ്ധ നേടി. സർഫറാസിനും അവേഷിനും ദീപക് ഹൂഡക്കും ഐ.പി.എല്ലിന്റെ വെള്ളി വെളിച്ചതിലൊതുങ്ങേണ്ടി വന്നു. 2016 ൽ ഇന്ത്യ ഫൈനൽ വരെ മുന്നേറിയിരുന്നു. റിഷഭ് പന്തും വാഷിംഗ്ടൺ സുന്ദറും ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കലുണ്ടെങ്കിലും ഇരുവർക്കും അവസരം മുതലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മികച്ച പ്രതിഭയായി വാഴ്ത്തപ്പെട്ട ഇഷാൻ കിഷന്റെ കാര്യം അതിലും കഷ്ടമാണ്. മുംബൈ ഇന്ത്യൻസ് കഴിഞ്ഞ ലേലത്തിൽ 6.2 കോടി രൂപക്ക് വാങ്ങിച്ചപ്പോഴാണ്  ഈ വിക്കറ്റ്കീപ്പർ ഓപണർ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. 

Latest News