Saturday , May   26, 2018
Saturday , May   26, 2018

സോപ്പും ഷാംപുവും സൂക്ഷിച്ച് മാത്രം

വിപണിയിൽ ലഭിക്കുന്ന ഷാംപുകളും സോപ്പുകളും യഥേഷ്ടം വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മൾ. ടിവിയിലെ പരസ്യങ്ങൾ കണ്ടാണ് പലരും ഉൽപന്നങ്ങൾ തെരഞ്ഞെടുക്കുന്നത്. വാങ്ങിക്കുന്ന ഉൽപന്നങ്ങൾ സ്വന്തം ചർമത്തിന് അനുയോജ്യമാണെന്നോ പാർശ്വഫലങ്ങൾ ഉണ്ടാക്കുമോ എന്നോ അധികമാരും ചിന്തിക്കാറില്ല. തലയിലെ താരൻ കളയുന്നതിന് ടി.വിയിൽ കാണുന്ന ഷാംപുവാണ് വാങ്ങിക്കുന്നത്. ചർമം മൃദുവാക്കുന്നതിനുള്ള സോപ്പും വീട്ടിലെത്തുന്നത് ടി.വി പരസ്യങ്ങൾ വഴി തന്നെയാണ്. നമ്മൾ വാങ്ങിക്കുന്ന ഷാംപുവും സോപ്പും ലോഷനുകളും ഓരോരുത്തരുടെയും ചർമത്തിന് അനുയോജ്യമാണോ എന്നുറപ്പു വരുത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവു എന്നാണ് വിദഗ്ധർ പറയുന്നത്. സോപ്പിലും ഷാംപുവിലും ലോഷനുകളിലും അടങ്ങിയിരിക്കുന്ന വിവിധ തരം കെമിക്കലുകൾ ചർമത്തിന് ദോഷം ചെയ്യാനുള്ള സാധ്യത തള്ളിക്കളയനാവില്ല. വിവിധ തരം ചർമ പ്രശ്‌നങ്ങൾ പരിഹരിക്കാനായി സോപ്പും ഷാംപുവും ക്രീമുകളും വാങ്ങിക്കുന്നവർ വിദഗ്ധ ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ ബ്രാൻഡുകൾ തെരഞ്ഞെടുക്കാൻ പാടുള്ളൂ. മുഖക്കുരു, വിവിധ തരം ഫംഗസ് മൂലമുള്ള ചർമരോഗങ്ങൾ, വരണ്ട ചർമം,അമിത വിയർപ്പ് മുതലായവയ്‌ക്കെല്ലാം ചർമ രോഗ വിദഗ്ധർ വിവിധ തരം സോപ്പുകൾ, ഷാംപുകൾ, ലോഷനുകൾ തുടങ്ങിയവ നിർദേശിക്കാറുണ്ട്. ലേപനങ്ങൾ, ഗുളികകൾ എന്നിവയോടൊപ്പം ഇവയ്ക്കും ചികിത്സയിൽ വ്യക്തമായ പങ്ക് നിർവഹിക്കാനുണ്ട്. 

ഷാംപു വാങ്ങുന്നതിന് മുമ്പ്
തലയിൽ നിന്നും താരനെ നീക്കം ചെയ്യാൻ സ്വയം ഷാംപു ചികിത്സ നടത്തുന്നവർ തലയിലെ വെളുത്ത പൊടി താരൻ തന്നെയാണെന്ന് ഉറപ്പു വരുത്തിയിട്ട് വേണം ഷാംപു വാങ്ങിക്കാൻ. തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസും കാഴ്ചയിൽ താരൻ പോലെ തന്നെയാണ്. സോറിയാസിസ് ബാധിച്ചവർ താരൻ കളയാനുള്ള ഷാംപു വാങ്ങി ഉപയോഗിച്ചതുകൊണ്ട് ഫലമുണ്ടാവില്ല. മാത്രമല്ല പാർശ്വഫലമെന്തായിരിക്കുമെന്ന് പറയാനുമാവില്ല. തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസ് ഒരു ചർമ രോഗവിദഗ്ധനു മാത്രമേ യഥാസമയം നിർണയിക്കാനും ചികിത്സ നിർദേശിക്കാനും സാധിക്കുകയുള്ളൂ. സോറിയാസിസ് താരനുമായി സാമ്യം പുലർത്തുന്ന രോഗമാണ്. ചിലപ്പോൾ രണ്ടും ഒന്നിച്ച് കണ്ടേക്കാം. അതുകൊണ്ടു തന്നെ ചികിത്സയ്ക്കായി ഒരു ചർമരോഗ വിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്. ചില അവസരങ്ങളിൽ താരൻ മാറാൻ ഉള്ളിൽ ഗുളിക കഴിക്കേണ്ടിയും വന്നേക്കാം.

ലോഷനുകളാണെങ്കിൽ
പേൻ, ചുണങ്ങ്, സ്‌കാബീസ് എന്നീ രോഗങ്ങൾക്ക് ലോഷനുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. പേൻ നിവാരണി ഉണങ്ങിയ മുടിയിൽ മാത്രമേ പുരട്ടാവൂ. കൂടാതെ ഏറ്റവും കുറഞ്ഞത് 15 മിനിറ്റെങ്കിലും മരുന്ന് മുടിയിൽ കിടന്നതിനു ശേഷം മാത്രമേ കഴുകിക്കളയാവൂ. തലയോട്ടിയിൽ ചിലപ്പൊഴെങ്കിലും പേൻ ബാധ മൂലം അണുബാധയുണ്ടായേക്കാം. അത്തരം അവസരങ്ങളിൽ അണുബാധ പൂർണമായും ചികിത്സിച്ച് ഭേദമാക്കിയ ശേഷം ലോഷൻ തലയിൽ പുരട്ടുക. ലോഷൻ ഉപയോഗിക്കുമ്പോൾ പേൻ പൂർണമായും നശിക്കുന്നു. ചത്ത പേനുകളെ ഒരു ചീപ്പുപയോഗിച്ച് പൂർണമായും തലയിൽ നിന്ന് മാറ്റണം. അല്ലെങ്കിൽ തലയോട്ടിയിൽ അലർജിക്ക് കാരണമായേക്കാം.
ശരീരത്തിൽ ചുണങ്ങ് പ്രത്യക്ഷപ്പെടുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരമാണെങ്കിലും അല്ലെങ്കിലും കടയിൽ നിന്നും ലോഷനുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും. ദേഹത്ത് ലോഷനുകൾ ഉപയോഗിക്കുമ്പോൾ മൂന്ന് മിനിട്ട് സമയത്തിനു ശേഷം കുളിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ സമയം ശരീരത്തിൽ മരുന്ന് പുരട്ടുന്നത് ചിലപ്പോഴെങ്കിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്. സെലീനിയം സൾഫൈഡ് അടങ്ങിയ ലേപനങ്ങളും ഷാംപൂകളും ചുണങ്ങ്, താരൻ, സെബോറിക്, ഡെർമറ്റൈറ്റിസ് മുതലായ അസുഖങ്ങൾക്കുപയോഗിക്കാറുണ്ട്. ഇവ ദീർഘകാലം ഉപയോഗിക്കുന്നത് തലയിൽ പൊറ്റകളുണ്ടാകുന്നതിന് കാരണമാവുന്നുണ്ട്. അതോടൊപ്പം ആ ഭാഗത്തു നിന്ന് മുടിയും നഷ്ടപ്പെട്ടേക്കാം.