Saturday , May   26, 2018
Saturday , May   26, 2018

ഒടുവില്‍ യാരിസ് ഇന്ത്യയിലുമെത്തി

ന്യൂദല്‍ഹി- ടൊയോട്ട 1999 ല്‍ യൂറോപ്പില്‍ അവതരിപ്പിച്ച് ആറു വര്‍ഷങ്ങള്‍ക്കു ശേഷം സൗദി അറേബ്യയടക്കം  ഗള്‍ഫ് രാജ്യങ്ങളിലെത്തി ഏറെ ജനപ്രീതി നേടിയ യാരിസ് ഇതാ ഇന്ത്യയിലുമെത്തിയിരിക്കുന്നു.
ആഗോള തലത്തില്‍ തന്നെ ടൊയോട്ടയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ജനപ്രിയ മോഡലുകളിലൊന്നായ യാരിസിന്റെ ഏറ്റവും പുതിയ മോഡലാണ് ഇന്ത്യയിലെത്തിയത്. ഈ മോഡല്‍ ഗള്‍ഫില്‍ വരാനിരിക്കുന്നതേയുള്ളൂ.  
കടുത്ത മത്സരം നടക്കുന്ന മാരുതിയുടെ സിയാസ്, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗണ്‍ വെന്റോ, ഹ്യുണ്ടായ് വെര്‍ണ എന്നീ മോഡലുകള്‍ വാഴുന്ന ഇടത്തരം വലിപ്പമുള്ള പ്രീമിയം സെഡാനുകളുടെ വിഭാഗത്തിലേക്കാണ് യാരിസിന്റെ വരവ്. ദല്‍ഹിയില്‍ നടന്നു വരുന്ന ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ പവലിയനിലെ പുതുമയാണ് യാരിസ്.

1.5 ലീറ്റര്‍ ഡ്യുവല്‍ വിവിടി ഐ പെട്രോള്‍ എഞ്ചിന്റെ കരുത്തിലാകും യാരിസിന്റെ ഇന്ത്യയിലെ പടയോട്ടം. ഡീസല്‍ മോഡല്‍ ഇല്ല. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് സിവിടി ഓട്ടോ ഒപഷനുകളുമുണ്ട്്. ഈ സെഗ്‌മെന്റിലെ ഒട്ടേറെ പുതുമുകളുമായാണ് യാരിസിന്റെ അരങ്ങേറ്റം. കര്‍ട്ടന്‍, നീ എയര്‍ബാഗുകള്‍ അടക്കം മൊത്തം ഏഴ് എയര്‍ ബാഗുകള്‍, ടയറിലെ മര്‍ദം നിരീക്ഷാനുള്ള സംവിധാനം, നാലു ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക്, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, സ്‌റ്റേബിലിറ്റി കണ്‍ട്രോള്‍, ഓട്ടോ പ്രൊജക്ടര്‍ ഹെഡ് ലൈറ്റ്, ടച് സ്‌ക്രീന്‍ നാവിഗേഷന്‍, ലെതര്‍ സീറ്റുകള്‍, സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് അകത്തും പുറത്തുമായുള്ളത്. കൊറോള അവസാനിപ്പിച്ചിടത്തു നിന്നാണ് യാരിസിന്റെ തുടക്കം. കൊറോള ആള്‍ട്ടിസിന്റെ തൊട്ടുതാഴെയായിരിക്കും യാരിസിന്റെ സ്ഥാനം.
ഇന്ത്യന്‍ വിപണിക്കായി ടൊയോട്ട അവതരിപ്പിച്ച വിപണയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എറ്റിയോസിന്റെ പിന്‍ഗാമിയായി ആകും യാരിസിന്റെ വരവ് എന്ന കണക്കു കൂട്ടല്‍ തെറ്റിച്ചാണ് ഗള്‍ഫില്‍ പോലും വിപണിയിലെത്തിയിട്ടില്ലാത്ത പുതിയ മോഡലിനെ ടൊയോട്ട ഇന്ത്യന്‍ നിരത്തിലിറക്കിയിരിക്കുന്നത്.
എറ്റിയോസിനു മുകളിലും കൊറോള ആള്‍ട്ടിസിനു താഴെയുമായിരിക്കും യാരിസ് നിലയുറപ്പിക്കുക. കുടുംബ യാത്രകള്‍ക്കും ബിസിനസ് യാത്രകള്‍ക്കും ഏറെ അനുയോജ്യമായ യാരിസിന്റെ ഹാച്ച്ബാക്കിനും സെഡാനും ഈ വിഭാഗങ്ങളില്‍ ഗള്‍ഫ് വിപണിയില്‍ മുന്‍നിരയിലെത്താന്‍ ഏറെ കാലമൊന്നും വേണ്ടി വന്നിട്ടില്ല. ഇന്ത്യക്കാര്‍ക്കു വേണ്ടി ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന യാരിസിനും ശോഭന ഭാവിയാണ് കമ്പനി മുന്നില്‍ കാണുന്നത്.
ബംഗളൂരുവിനുടത്ത പ്ലാന്റിന്‍ നിര്‍മിക്കുന്ന യാരിസ് മേയ് മാസത്തോടെ നിരത്തിലിറങ്ങും. കാറിന്റെ വിവിധ ഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിനാല്‍ വിലയിലും ആകര്‍ഷണീയത പ്രതീക്ഷിക്കാം. 7.5 ലക്ഷം രൂപ മുതല്‍ 12 ലക്ഷം വരെയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.