Wednesday , January   16, 2019
Wednesday , January   16, 2019

ഐശ്വര്യയുടെ ലോകം

നിമിഷ

മൈസൂരിൽ പഠിക്കുന്ന ഐശ്വര്യ ഹർത്താൽ ദിനത്തിൽ സ്വന്തം നാടായ കണ്ണൂരിലെത്തുന്നു. വീട്ടിലെത്താൻ വിഷമിക്കുന്നതുകണ്ട ഐശ്വര്യയെ മൈസൂരിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി നോക്കുന്ന കണ്ണൂരുകാരനായ ആനന്ദ് തന്റെ ബൈക്കിൽ വീട്ടിലെത്തിക്കുന്നു. ഹർത്താൽ ദിനത്തിൽ തുടങ്ങുന്ന ഇവരുടെ യാത്രയിലൂടെയാണ് ഈട എന്ന ചിത്രത്തിന്റെ ചുരുൾ നിവരുന്നത്. ഈ യാത്ര പ്രണയത്തിന് വഴിമാറുകയാണ്. പ്രത്യയശാസ്ത്രങ്ങളുടെ പേരിലുള്ള പകപോക്കലുകൾക്കിടയിൽ ഇരയാക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ കൂടി കഥ പറയുകയാണ് ഈട.
ചിത്രസംയോജനത്തിന് ദേശീയ പുരസ്‌കാരം നേടിയ ബി. അജിത് കുമാർ ആദ്യമായി രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ചിത്രമാണ് ഈട. കിസ്മത്തിലൂടെ തുടങ്ങി കെയർ ഓഫ് സൈറ ബാനു, പറവ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിക്കുന്ന ഷെയ്ൻ നിഗമാണ് നായകൻ. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായ നിമിഷയാണ് നായിക.
കെ.പി.എം എന്ന ഇടതുപക്ഷ പാർട്ടിയുടെയും കെ.ജി.പി എന്ന എതിർപാർട്ടിയുടെയും രാഷ്ട്രീയ പകപോക്കലുകൾക്കിടയിലൂടെയാണ് ആനന്ദിന്റെയും ഐശ്വര്യയുടെയും പ്രണയനദി ഒഴുകുന്നത്. കൊടി നോക്കിയല്ല ഐശ്വര്യയെ സ്‌നേഹിച്ചതെന്ന ആനന്ദിന്റെ വാക്കുകളും പാർട്ടിയാണോ തന്റെ വിവാഹം തീരുമാനിക്കുന്നതെന്ന ഐശ്വര്യയുടെ വാക്കുകളും കണ്ണൂരിലെ രാഷ്ട്രീയം കുടുംബ ബന്ധങ്ങളിലും സ്വാധീനം ചെലുത്തുന്നതാണ് കാണുന്നത്.മുംബൈയിൽ നിന്നും മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുക. ആദ്യചിത്രംതന്നെ ഹിറ്റായി ആ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക. മുംബൈയിലെ തിരക്കുപിടിച്ച ലോകത്തുനിന്നും ഒരു നാടൻ പെൺകുട്ടിയായ ശ്രീജയായി വേഷപ്പകർച്ച നടത്തിയ നിമിഷ ഇപ്പോഴും ആദ്യ ചിത്രത്തിന്റെ ത്രില്ലിലാണ്. എത്ര സിനിമകളിൽ വേഷമിട്ടാലും ആദ്യചിത്രത്തിലെ ശ്രീജയെ മറക്കാനാവില്ലെന്ന് നിമിഷ പറയുന്നു. സ്വന്തം പേരിനേക്കാൾ എനിക്കിഷ്ടം ശ്രീജയെന്ന പേരാണ്. ഈടയിൽ കോളേജ് വിദ്യാർത്ഥിയായ ഐശ്വര്യയായി വേഷമിട്ട നിമിഷ സംസാരിച്ചു തുടങ്ങുന്നു.

 

ഈട എന്ന പേരിനു പിന്നിൽ?
കണ്ണൂരുകാരുടെ ഭാഷയിൽ ഈട എന്നാൽ ഇവിടെ എന്നാണർത്ഥം. വടക്കൻ മലബാറിലാണ് കഥ നടക്കുന്നത്. അതുകൊണ്ടാണ് ഈ പേരു നൽകിയത്. സമകാലിക സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം മുന്നോട്ടു പോകുന്നത്.

ഈടയിൽ എത്തിയത്?
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം പൂർത്തിയായി മുംബൈയിലേയ്ക്ക് മടങ്ങിയതായിരുന്നു. ഈ അവസരത്തിലാണ് രാജീവേട്ടൻ വിളിക്കുന്നത്. കഥയൊന്നും പറഞ്ഞിരുന്നില്ല. അദ്ദേഹത്തിൽ എനിക്കുള്ള വിശ്വാസവും എന്നിൽ അദ്ദേഹത്തിനുള്ള വിശ്വാസവുമായിരിക്കാം ഈ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചപ്പോൾ ഒഡീഷനൊന്നുമില്ലാതെ അഭിനയിക്കാനെത്തിയത്.

കഥാപാത്രത്തെക്കുറിച്ച്?
കോളേജ് വിദ്യാർത്ഥിയായ ഐശ്വര്യയെയാണ് ഈടയിൽ അവതരിപ്പിക്കുന്നത്. മൈസൂരിലാണ് പഠിക്കുന്നത്. വടക്കൻ മലബാറിലാണ് വീട്. ഒരു സാധാരണ പെൺകുട്ടിയായതിനാൽ കൂടുതൽ മേക്കപ്പൊന്നും വേണ്ടിവന്നില്ല. ആദ്യ ചിത്രത്തിലെ ശ്രീജയെപ്പോലെതന്നെ ഐശ്വര്യയ്ക്കും ഞാനുമായി യാതൊരു സാമ്യവുമില്ല.

 

ഈടയിൽ നിമിഷയും ഷെയ്ൻ നിഗമും.

 

നായകൻ?
ഷെയ്ൻ നിഗമാണ് നായകകഥാപാത്രമായ ആനന്ദിനെ അവതരിപ്പിക്കുന്നത്. മൈസൂരിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി നോക്കുകയാണ്. നാട്ടിൽവച്ചുള്ള അവരുടെ പരിചയം മൈസൂരിലെത്തിയപ്പോൾ തീവ്രപ്രണയമായി വളരുകയായിരുന്നു. ഷെയ്‌നിനെക്കുറിച്ച് പറയുമ്പോൾ നല്ലൊരു കലാകാരനാണ്. സ്‌ക്രിപ്റ്റ് കേൾക്കാൻ പോകുമ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടത്. കഥാപാത്രമായി മാറാൻ എളുപ്പം കഴിയുന്നുണ്ട്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും നല്ല സഹകരണമായിരുന്നു ഷെയ്‌നിൽനിന്നും ലഭിച്ചത്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണുള്ളത്.

സംവിധായകന്റെ സഹകരണം?
അജിത് സാറിൽനിന്നും നല്ല സഹകരണമായിരുന്നു ലഭിച്ചത്. എഡിറ്റർ സംവിധായകനായി മാറുന്നതിലെ കൗതുകമായിരുന്നു ഞങ്ങൾക്ക്. കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുതരുമായിരുന്നു. ചില ഭാഗങ്ങൾ ശരിയായില്ലെന്ന് തോന്നിയാൽ വീണ്ടും ഷൂട്ട് ചെയ്യും. പെർഫെക്ഷനായിരുന്നു പ്രധാനം. അജിത് സാറിന്റെ ചിത്രത്തിൽ വേഷമിടാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു.

തൊണ്ടിമുതലിൽനിന്നും ഈടയിൽ എത്തിയപ്പോൾ?
രണ്ടിടത്തും നല്ല സപ്പോർട്ടുണ്ടായിരുന്നു. എന്തു കാര്യവും ചിരിച്ചുകൊണ്ടാണ് ദിലീഷേട്ടൻ പറയുക. തെറ്റിയാലും വഴക്കു പറയാറില്ല. സാരമില്ല, നമുക്ക് ഒരു ടേക്ക് കൂടി എടുത്തുനോക്കാം എന്നേ പറയൂ. ഈടയിലും രാജീവേട്ടനും അജിത്തേട്ടനും ഷെയ്‌നും വരെ നല്ല സഹകരണമുണ്ടായിരുന്നു. കൂടാതെ സുരഭി ചേച്ചിയും മണികണ്ഠൻ ചേട്ടനുമെല്ലാം നല്ല കൂട്ടായിരുന്നു. ഇവരിൽനിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. അഭിനയിച്ച രണ്ടു ചിത്രങ്ങളിലും എല്ലാവരും നല്ല സപ്പോർട്ടായിരുന്നുവെന്നത് ഭാഗ്യമായി കാണുന്നു. ഈടയിലെ ചാലഞ്ചിംഗ് ആയ ചില സീനുകൾ അവതരിപ്പിക്കാനാവുമോ എന്നു തോന്നിയിട്ടുണ്ട്. അപ്പോഴെല്ലാം സാരമില്ല, അതൊക്കെ ചെയ്യാനാവും എന്നുപറഞ്ഞ് ഷെയ്ൻ ഉൾപ്പെടെയുള്ളവർ കൂടെത്തന്നെയുണ്ടായിരുന്നു.

 

അഭിനേത്രി എന്ന നിലയിൽ?
എന്നെങ്കിലും ഒരു നാൾ സിനിമയിലെത്തുമെന്ന് ഉറപ്പായിരുന്നു. മുംബൈയിൽ ആയിരുന്നപ്പോഴും മലയാള സിനിമകൾ കാണാറുണ്ടായിരുന്നു. ഇനി പെട്ടെന്നൊന്നും മലയാള സിനിമ വിടാൻ ഉദ്ദേശിക്കുന്നില്ല. അതിനാൽ താമസം കൊച്ചിയിലേയ്ക്കു മാറ്റി. കൂട്ടിന് മമ്മിയുമുണ്ട്. പുതിയ വർഷത്തിൽ ആദ്യചിത്രം ചാക്കോച്ചനോടൊപ്പമാണ്. സൗമ്യ സദാനന്ദനാണ് സംവിധായിക. ഉടനെ ചിത്രീകരണം ആരംഭിക്കും. ഈയിടെ ഒരു ഫോട്ടോ സീരീസിൽ വേഷമിട്ടിരുന്നു. ദ്രൗപതി എന്നാണ് പേര്. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ജനങ്ങളിലെത്തിക്കാനുള്ള ശ്രമമായിരുന്നു ദ്രൗപതി. ഒരു സിനിമയിലെന്നപോലെ ഇതിലും അഭിനയിക്കുകയായിരുന്നു. അല്ലാതെ സ്റ്റിൽ ഫോട്ടോസ് ആയിരുന്നില്ല. അതുകൊണ്ടുതന്നെ നല്ല അഭിപ്രായവും നേടാനായി.
ഓരോ സിനിമയിലും വേഷമിടുമ്പോഴും അനുഭവം വ്യത്യസ്തമായിരിക്കും. കാര്യങ്ങളെല്ലാം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കലും ഒരു കംപ്ലീറ്റ് ആക്ടറാവാനാവില്ല. കാരണം പുതിയൊരു സെറ്റിലെത്തുമ്പോൾ പേടിയുണ്ടാകും. പുതിയൊരു ടീമിന്റെയും കഥാപാത്രത്തിന്റെയും ടെൻഷൻ അവിടെയുമുണ്ടാകും.
ഒരു സിനിമയിൽ വേഷമിടണമെന്ന ലക്ഷ്യത്തോടെയാണ് അഭിനയിക്കാനെത്തിയത്. എന്നാൽ ആദ്യ ചിത്രം നൽകിയ റെസ്‌പോൺസ് പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അടുത്ത കഥാപാത്രം മോശമാവുമോ എന്നാണ് ഇപ്പോഴത്തെ പേടി. വലിയ ഉത്തരവാദിത്തമാണത്.

 

പുതിയ ചിത്രങ്ങൾ?
ടൊവിനോ നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യനാണ് അടുത്ത ചിത്രം. മധുപാലാണ് സംവിധാനം. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്. മുമ്പ് അവതരിപ്പിച്ചതുപോലുള്ള കഥയും കഥാപാത്രങ്ങളും ഒഴിവാക്കിയാണ് വേഷങ്ങൾ തിരഞ്ഞെടുക്കുന്നത്.അഭിനയത്തിനപ്പുറം മറ്റു ലക്ഷ്യങ്ങൾ?
ഒന്നുമില്ല. അഭിനയ രംഗത്ത് ഇപ്പോഴും കുട്ടിയാണ്. മൂന്നു നാലു വർഷം അഭിനയിച്ചു പഠിക്കട്ടെ. അതിനുശേഷം മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം.