Thursday , February   22, 2018
Thursday , February   22, 2018

മണികർണിക: വിവാദം മാർക്കറ്റിംഗ് തന്ത്രമെന്ന് സംശയം

മണികർണിക സിനിമക്കെതിരെ ഉയർന്നിരിക്കുന്ന വിവാദം വിപണന തന്ത്രമാണെന്ന്. 190 കോടി മുതൽമുടക്കിൽ നിർമിച്ച പദ്മാവതിന്റെ വമ്പൻ ബോക്‌സോഫീസ് വിജയത്തിന് കാരണം ചിത്രത്തെക്കുറിച്ചുള്ള വിവാദമായിരുന്നു. അതേ മാർഗം തന്നെ മണികർണികയുടെ കാര്യത്തിലും സംഭവിക്കുമെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. 
ഈ സംശയത്തിന് പല കാരണങ്ങളുണ്ട്. ഒന്നാമത് ചിത്രത്തിന്റെ സംഭാഷണവും, ഗാനങ്ങളും എഴുതിയിരിക്കുന്നത് കേന്ദ്ര സെൻസർ ബോർഡ് അധ്യക്ഷൻ കൂടിയായ പ്രസൂൻ ജോഷിയാണ്. അങ്ങനെയൊരാൾ വിവാദത്തിനിടയാക്കുന്ന വിധം കഥ വികസിപ്പിക്കുമോ എന്ന് ന്യായമായും സംശയിക്കണം. ചിത്രത്തിന്റെ കഥയെക്കുറിച്ച് നിർമാതാക്കളോ, സംവിധായകനോ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. വിവാദം ഉണ്ടായിക്കോട്ടെ എന്ന മട്ട്.
നായികയായി വേഷമിടുന്ന കങ്കണ റണൗത് നേരത്തെ വിവാദങ്ങളിൽ ഇടം പിടിച്ച നടിയാണ്. സൂപ്പർ താരങ്ങളായ ഋത്വിക് റോഷൻ, ഷാഹിദ് കപൂർ, പ്രശസ്ത സംവിധായകൻ കരൺ ജോഹർ എന്നിവർക്കെതിരെയെല്ലാം കങ്കണ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. കങ്കണയുടെ വിവാദ പരാമർശത്തെചൊല്ലി ബോളിവുഡിലെ മുതിർന്ന താരദമ്പതികളായ ആദിത്യ പഞ്ചോളിയും സെറീന വഹാബും കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. കങ്കണയുടെ ഈ സ്വഭാവം കാരണം മിക്ക ബോളിവുഡ് നായകന്മാരും അവർക്കൊപ്പം അഭിനയിക്കാൻ വിസമ്മതിക്കുന്നതായി ഈയിടെ റിപ്പോർട്ടുണ്ടായിരുന്നു. ഇത്രയൊക്കെ വിവാദങ്ങളുണ്ടാക്കിയിട്ടും താരത്തിന്റെ മുൻ ചിത്രങ്ങളായ റംഗൂണും, സിമ്രനും അത്ര വലിയ വിജയങ്ങളായിരുന്നില്ല. സാധാരണ കുടുംബത്തിൽ ജനിച്ച് ഒരു ഗോഡ്ഫാദർമാരുടെയും സഹായമില്ലാതെ സ്വന്തം കഴിവുകൊണ്ട് ബോളിവുഡിൽ പേരെടുത്ത നടിയാണ് കങ്കണ റണൗത്. മണികർണിക 30കാരിയെ സംബന്ധിച്ചിടത്തോളം തന്റെ മാസ്റ്റർ പീസാണെന്ന് പറയാം. ഇപ്പോഴത്തെ വിവാദം ചിത്രത്തിനും നായികക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് പറയുന്നവരുമുണ്ട്.

Latest News