Thursday , October   18, 2018
Thursday , October   18, 2018

വിവാദം @ മണികർണിക

  • പദ്മാവതിനുശേഷം ഝാൻസി റാണിയെക്കുറിച്ചുള്ള സിനിമക്കെതിരെയും പ്രതിഷേധം


പദ്മാവത് സിനിമക്കെതിരെ ഇന്ത്യയിലെങ്ങും ഉയർന്ന കോലഹലങ്ങളുടെ അലയൊലികൾ അടങ്ങുന്നതേയുള്ളു. തൊട്ടുപിന്നാലെ ഇതാ മറ്റൊരു ബോളിവുഡ് ബിഗ് ബജറ്റ് ചരിത്ര സിനിമ കൂടി പ്രതിഷേധങ്ങൾക്ക് ഇരയാവുന്നു. ഝാൻസി റാണിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച മണികർണികയാണ് വിവാദത്തിൽ. കങ്കണ റണൗത് നായികയാവുന്ന മണികർണിക വരുന്ന ഏപിൽ 27ന് റിലീസ് ചെയ്യാനിരിക്കേയാണ് ചിത്രത്തിനെതിരെ സർവ ബ്രാഹ്മൺ മഹാസഭ രംഗത്തുവന്നിരിക്കുന്നത്. 
പദ്മാവതിനെ പോലെ ചരിത്രം വളച്ചൊടിക്കുന്നു എന്നാണ് മണികർണികക്കെതിരെയും ഉയരുന്ന വിമർശനം. എന്നാൽ പദ്മാവതിനെതിരെ ഉയർന്നതുപോലുള്ള കലാപങ്ങൾക്ക് തങ്ങളില്ലെന്ന് എസ്.ബി.എം നേതാവ് സുരഷ് മിശ്ര പറയുന്നു. ചിത്രത്തിന്റെ കഥ എന്താണെന്ന് പറയണമെന്ന് സംവിധായകൻ ക്രിഷ് ജഗർലാമുദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾ ഉയർത്തുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്തപക്ഷം ചിത്രം രാജസ്ഥാനിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ബ്രാഹ്മൺ മഹാസഭയുടെ ഭീഷണി. പദ്മാവതിക്കെതിരെ കലഹമുണ്ടാക്കിയ കർണി സേനക്കാർ എസ്.ബി.എമ്മിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കങ്കണ റണൗത് ഝാൻസി റാണിയുടെ വേഷത്തിൽ.


ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയ ചരിത്രമാണ് ഝാൻസിയിലെ റാണി ലക്ഷ്മീബായിയുടേത്. 1857ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സേനക്കെതിരെ രണാങ്കണത്തിൽ പോരാടിയ ധീര വനിത. എന്നാൽ റാണിക്ക് അക്കാലത്തെ ബ്രിട്ടീഷ് ഓഫീസറായ റോബർട്ട് എല്ലിസുമായി അടുപ്പമുണ്ടെന്ന തരത്തിലാണ് ചിത്രത്തിന്റെ കഥയെന്നാണ് വിമർശകരുടെ പക്ഷം. ഝാൻസി റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ത്യൻ വംശജയായ ജയശ്രി മിശ്ര എഴുതിയ റാണി എന്ന വിവാദ നോവലാണത്രെ സിനിമയുടെ കഥയാക്കിയിരുന്നത്. നോവൽ പുറത്തിറങ്ങിയ 2008ൽ ഉത്തർപ്രദേശിലെ അന്നത്തെ മായാവതി സർക്കാർ സംസ്ഥാനത്ത് പുസ്തകം നിരോധിച്ചിരുന്നു.

 


മണികർണിക: വിവാദം മാർക്കറ്റിംഗ് തന്ത്രമെന്നും സംശയം



എന്നാൽ ചിത്രത്തിന്റെ കഥയെക്കുറിച്ച് നിർമാതാക്കളോ, സംവിധായകനോ കാര്യമായി പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിവാദം വരും നാളുകളിൽ കത്തിപ്പടരാനാണ് സാധ്യത.
125 കോടി ബജറ്റുള്ള ചിത്രം നിർമിക്കുന്നത് സീ സ്റ്റുഡിയോസാണ്. സോനു സൂദ്, അങ്കതി ലോഖാൻഡെ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
പദ്മാവത് സിനിമക്കെതിരായ പ്രധാന പ്രതിഷേധം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റാണി പദ്മിനിയും ദൽഹി സുൽത്താനായ അലാവുദ്ദീൻ ഖിൽജിയും തമ്മിൽ പ്രണയമുണ്ടായിരുന്നു എന്ന രീതിയിലാണ് കഥ എന്നാരോപിച്ചായിരുന്നു. അതല്ല കഥയെന്ന് സംവിധായകൻ സഞ്ജയ് ലീല ബെൻസാലി പറഞ്ഞിട്ടും എതിർപ്പുമായി രംഗത്തുവന്ന രജപുത്ര സംഘടനയായ കർണി സേന അടങ്ങിയില്ല. ഒടുവിൽ കോടതി ഇടപെട്ട് ചിത്രം റിലീസ് ചെയ്യാൻ അവസരമൊരുക്കുകയും ചിത്രം തീയറ്ററുകളിലെത്തുകയും ചെയ്തതോടെ ആരോപിക്കപ്പെടുന്നതുപോലെയല്ല സിനിമയുടെ കഥയെന്ന് തെളിഞ്ഞു. അതോടെ പ്രതിഷേധം അവസാനിപ്പിച്ച് കർണി സേന സ്ഥലം വിടുകയായിരുന്നു.

 

 

Latest News