Tuesday , February   19, 2019
Tuesday , February   19, 2019

രൂപക്ക് വീണ്ടും തിരിച്ചടി; പ്രവാസികൾക്ക് ആശ്വാസം

  • കേന്ദ്ര ബജറ്റ്: ഓഹരി സൂചിക  കനത്ത തകർച്ചയിൽ 

ബജറ്റ് പ്രഖ്യാപനത്തിൽ ദീർഘകാല ഓഹരി നിക്ഷേപങ്ങൾക്ക് നികുതി ഏർപ്പെടുത്തിയത് ഓപറേറ്റർമാരെയും ധനകാര്യസ്ഥാപനങ്ങളെയും വാരാന്ത്യം വിൽപനക്കാരാക്കി. രണ്ട് മാസമായുള്ള തുടർച്ചയായ കുതിച്ചു ചാട്ടങ്ങൾക്ക് ഒടുവിൽ സൂചികക്ക് നേരിട്ട കനത്ത തകർച്ച വിപണിയെ ഞെട്ടിച്ചു. 984 പോയന്റ് പ്രതിവാര നഷ്ടത്തിലാണ് ബോംബെ സെൻസെക്‌സ്. നിഫ്റ്റി സൂചികയാവട്ടെ 309 പോയന്റും ഇടിഞ്ഞു. രണ്ട് ഇൻഡക്‌സുകളും 2.70 ശതമാനത്തിൽ അധികം കുറഞ്ഞു. വെളളിയാഴ്ച ഒറ്റ ദിവസം 840 പോയന്റ് സെൻസെക്‌സിന് നഷ്ടപ്പെട്ടു. 2015 ന് ശേഷം ഇത്ര കനത്ത തകർച്ച ആദ്യമാണ്. ബോംബെ ഓഹരി സൂചിക കഴിഞ്ഞ എട്ട് ആഴ്ചകളിൽ 3578 പോയന്റാണ് മുന്നേറിയത്. അതായത് 10.90 ശതമാനം കുതിപ്പ്. 
2018-19 ബജറ്റിൽ ദീർഘകാല മൂലധന ലാഭത്തിൽ പത്ത് ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. പുതിയ നികുതി ഘടന വഴി പ്രതിവർഷം 22,000 കോടി രൂപയാണ് അധികമായി പ്രതീക്ഷിക്കുന്നത്. നികുതി ഭാരത്തിന്റെ ഞെട്ടൽ വിട്ടുമാറിയാൽ ഓഹരി സൂചികളിൽ വീണ്ടും ഉണർവ് പ്രതീക്ഷിക്കാം. എന്നാൽ താൽക്കാലികമായി വിപണിയെ ബാധിച്ച തളർച്ച തുടരാം. വിദേശ ഫണ്ടുകൾ ജനുവരിയിൽ മൊത്തം 22,254 കോടി രൂപ ഇന്ത്യയിൽ ഇറക്കി. ഇതിൽ 13,781 കോടി ഓഹരി വിപണിയിലും 8473 കോടി രൂപ കടപത്രത്തിലും. ഡിസംബറിൽ വിദേശ ഓപറേറ്റർമാർ 3500 കോടിയുടെ നിക്ഷേപം പിൻവലിച്ചിരുന്നു. 
റിയാലിറ്റി ഇൻഡക്‌സ് 8.53 ശതമാനം ഇടിഞ്ഞു. കൺസ്യൂമർ ഡ്യൂറബിൾ ഏഴ് ശതമാനവും കുറഞ്ഞപ്പോൾ ഹെൽത്ത് കെയർ, പി എസ് യു, പവർ ഇൻഡക്‌സുകൾ അഞ്ച് ശതമാനത്തിൽ അധികം താഴ്ന്നു. കാപ്പിറ്റൽ ഗുഡ്‌സ്, എഫ് എം സി ജി, ഐ റ്റി, ഓട്ടോമൊബൈൽ ഇൻഡക്‌സുകളും തളർന്നു. 
മുൻ നിരയിലെ 31 ഓഹരികളിൽ 24 ഓഹരികൾക്ക് തിരിച്ചടി നേരിട്ടപ്പോൾ ഏഴ് ഓഹരികൾ മാത്രമാണ് മികവ് നിലനിർത്തിയത്. മുൻ നിര ഓഹരിയായ ഡോ: റെഡീസിന്റെ നിരക്ക് 15.25 ശതമാനം ഇടിഞ്ഞു. ടാറ്റാ സ്റ്റീൽ ഓഹരി വില 12 ശതമാനം കുറഞ്ഞു. ആക്‌സിസ് ബാങ്ക്, എയർടെൽ, ഒ എൻ ജി സി തുടങ്ങിയവയുടെ നിരക്ക് ഏഴ് ശതമാനം ഇടിഞ്ഞപ്പോൾ ഐ സി ഐ സി ഐ, ടാറ്റാ മോട്ടോഴ്‌സ്, റിലയൻസ്, എസ് ബി ഐ, സൺ ഫാർമ്മ തുടങ്ങിയവയുടെ നിരക്ക് അഞ്ച് ശതമാനം താഴ്ന്നു. എം ആന്റ് എം ഓഹരി വിലയിൽ മുന്നേറ്റം ദൃശ്യമായി. ഹീറോമോട്ടോർ കോർപ്പ്, റ്റി സി എസ്, എച്ച് യു എൽ തുടങ്ങിയവ മികവിൽ.  
ബോംബെ സൂചിക 36,444 ൽ നിന്ന് 1438 പോയന്റ് ഇടിഞ്ഞ അവസരത്തിൽ മുൻവാരം വ്യക്തമാക്കിയ 34,989 പോയന്റിലെ താങ്ങ് വിപണിക്ക് താങ്ങായി. വെള്ളിയാഴ്ച 35,006 വരെ ഇടിഞ്ഞ സെൻസെക്‌സ് ക്ലോസിങിൽ 35,066 പോയന്റിലാണ്. ഈ വാരം ആദ്യ സപ്പോർട്ട് 34,566 പോയന്റിൽ നിലവിലുണ്ട്. എന്നാൽ 50 ഡി എം എ ആയ 34,256 ൽ നിർണായക താങ്ങ് പ്രതീക്ഷിക്കാം. ഇത് നഷ്ടപ്പെട്ടാൽ വിപണി 34,067 വരെ സാങ്കേതിക പരീക്ഷണം തുടരാം. അനുകൂല സാഹചര്യം ഉടലെടുത്താൽ 36,004 ൽ പ്രതിരോധമുണ്ട്.  
നിഫ്റ്റി സൂചികക്ക് കഴിഞ്ഞവാരം സുചിപ്പിച്ച തേഡ് സപ്പോർട്ടായ 10,751 പോയന്റ് ക്ലോസിങ് വേളയിൽ നിലനിർത്തി. 11,171 ൽ നിന്നുള്ള തകർച്ചയിൽ സൂചിക 10,736 വരെ ഇടിഞ്ഞ ശേഷം 10,760 ൽ ക്ലോസിങ് നടന്നു. ഈ വാരം ആദ്യ താങ്ങ് 10,607 ലാണ്. ഇത് നിലനിർത്താനായില്ലെങ്കിൽ സൂചിക 10,454-10,172 പോയന്റ് വരെ സാങ്കേതിക പരീക്ഷണം നടത്താം. അതേ സമയം തിരിച്ചുവരവിന് ശ്രമം നടത്തിയാൽ 11,042 ൽ പ്രതിരോധമുണ്ട്. ഇത് മറികടന്നാലും 11,324 ൽ വീണ്ടും തടസ്സം നേരിടാം. 50 ഡി എം എ 10,545 പോയന്റിലാണ്.
ബി എസ് ഇ യിൽ പോയവാരം 28,417.75 കോടി രൂപയുടെ ഇടപാടുകൾ നടന്നു. തൊട്ട് മുൻവാരം ഇത് 22,625 കോടിയായിരുന്നു. എൻ എസ് ഇ യിൽ 1,96,972 കോടിയുടെ വ്യാപാരം നടന്നു. എൻ എസ് ഇ യിൽ തൊട്ട് മുൻവാരം ഇത് 1,66,288 കോടി രൂപയായിരുന്നു. 
ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപക്ക് വീണ്ടും തിരിച്ചടി നേരിട്ടത് പ്രവാസികൾക്ക് ആശ്വാസമായി. 63.55 ൽ നിന്ന് 64.22 ലേയ്ക്ക് നീങ്ങി. 67 പൈസയുടെ പ്രതിവാര നഷ്ടത്തിലാണ് രൂപ. 
അമേരിക്കയിൽ ഡൗ ജോൺസ് സൂചിക 655 പോയന്റ് ഇടിഞ്ഞു. എസ് ആന്റ പി 500, നാസ്ഡാക് സൂചികകളും ഏതാണ്ട് രണ്ട് ശതമാനം തകർച്ചയെ അഭിമുഖീകരിച്ചു.
 

Latest News