Monday , June   17, 2019
Monday , June   17, 2019

ഏഷ്യൻ റബർ മാർക്കറ്റുകൾക്ക് തിരിച്ചടി


യെന്നിന്റെ വിനിമയ മൂല്യം ഉയർന്നത് ഏഷ്യൻ റബർ മാർക്കറ്റുകൾക്ക് തിരിച്ചടിയായി. ജാപാനീസ് നാണയമായ യെന്നിന്റെ വിനിമയ മൂല്യം ഉയർന്നത് ഏഷ്യൻ റബർ മാർക്കറ്റുകളെ തളർത്തി. 
യെന്നിന്റെ മൂല്യം നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് നീങ്ങിയത് നിക്ഷേപകരെ റബറിൽ വിൽപ്പനക്ക് പ്രേരിപ്പിച്ചു. ടോക്കോമിൽ കിലോ 215 യെൻ വരെ ഉയർന്ന റബർ വില വാരാന്ത്യം ഡിസംബറിന് ശേഷമുള്ള താഴ്ന്ന നിരക്കായ 203 യെന്നിലാണ്. ഇതിന്റെ ചുവടു പിടിച്ച് ചൈനീസ് മാർക്കറ്റായ ഷാങ്ഹായിൽ റബർ വില കിലോ 145  യുവാൻ കുറഞ്ഞ് ടണ്ണിന് 13,774 യുവാനായി. 
രാജ്യാന്തര മാർക്കറ്റിലെ തളർച്ച കണ്ട് ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര നിരക്ക് ഇടിച്ചു. വാരത്തിന്റെ തുടക്കത്തിൽ 12,750 രൂപയിൽ ഇടപാടുകൾ നടന്ന ആർ എസ് എസ് നാലാം ഗ്രേഡ് 12,300 ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് റബറിന് 500 രൂപ കുറഞ്ഞ് 11,800 രൂപയായി. ലാറ്റക്‌സ് 8400 രൂപയിലാണ് നീങ്ങുന്നത്. പകൽ താപനില ഉയർന്നതോടെ റബർ മരങ്ങളിൽ നിന്നുള്ള പാലിന്റെ ലഭ്യത ചുരുങ്ങിയത് വിലക്കയറ്റത്തിന് അവസരം ഒരുക്കുമെന്ന നിഗമനത്തിലായിരുന്നു ഉൽപാദകർ. 
പച്ചതേങ്ങയുടെ ലഭ്യത ഉയർന്ന് തുടങ്ങിയത് വിപണിയെ അൽപ്പം തളർത്താൻ ഇടയുണ്ട്. അതേ സമയം കൊപ്രയുടെ വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ ഒരു വിഭാഗം മില്ലുകാർ അണിയറ നീക്കത്തിലാണ്. മാസാരംഭമായതിനാൽ വെളിച്ചെണ്ണക്ക് പ്രദേശിക ഡിമാണ്ട് ഉയരുന്നത് വിപണിക്ക് താങ്ങാവും. എണ്ണ വില കിലോ 230 രൂപക്ക് നീങ്ങിയത് ചെറുകിട വിപണികളിൽ വിൽപ്പന ചുരുങ്ങാൻ ഇടയാക്കി. കാർഷിക മേഖല നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു. വെളിച്ചെണ്ണ തുടർച്ചയായ രണ്ടാം വാരത്തിലും 19,200 രൂപയിലും കൊപ്ര 13,240 രൂപയിലമാണ്.
കുരുമുളകിന്റെ ലഭ്യത ഉയർന്നതോടെ ആഭ്യന്തര വ്യാപാരികൾക്ക് ഒപ്പം കയറ്റുമതിക്കാരും ചരക്ക് സംഭരണ രംഗത്ത് നിലയുറപ്പിച്ചു. വിളവെടുപ്പ് വേളയിൽ താഴ്ന്ന വിലക്ക് ഉൽപ്പന്നം സംഭരിക്കാനാവുമെന്നാണ് വാങ്ങലുകാരുടെ വിലയിരുത്തൽ. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക തോട്ടങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നു. ആകർഷകമായ വിലക്ക് വേണ്ടത്ര മുളക് ശേഖരിക്കാൻ അവസരം ലഭിക്കുമെന്ന മുൻകാല അനുഭവങ്ങൾ വാങ്ങലുകരെ വിപണിയിലേക്ക് അടുപ്പിക്കുന്നു. ഹൈറേഞ്ചിലെ തെളിഞ്ഞ കാലാവസ്ഥ കുരുമുളക് സംസ്‌കരണ രംഗം സജീവമാക്കി. ഇതിനിടയിൽ മുഖ്യ വിപണികളിൽ പുതിയ കുരുമുളക് വരവ് മെച്ചപ്പെട്ടെങ്കിലും വാങ്ങൽ താൽപര്യം വിപണിക്ക് താങ്ങായി. അൺ ഗാർബിൾഡ് കുരുമുളക് 40,700 രൂപ.
ഇറക്കുമതി ലോബി വിപണിയിൽനിന്ന് അൽപ്പം പിന്നോക്കം മാറി. പിന്നിട്ട മൂന്നാഴ്ച്ചകളിൽ ക്വിന്റലിന് 5000 രൂപയുടെ വില തകർച്ച കുരുമുളകിന് നേരിട്ടതാണ് അവരുടെ പിൻമാറ്റത്തിന് കാരണം. ആഭ്യന്തര നിരക്ക് വീണ്ടും ഉയർന്ന ശേഷം സ്‌റ്റോക്ക് ഇറക്കാനുള്ള തന്ത്രത്തിലാണവർ. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ശക്തമായതിനാൽ അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6900-7150 ഡോളറിൽ നീങ്ങി. വാരാന്ത്യം വിനിമയ മൂല്യം 63.56 ലാണ്. 
ഫോറെക്‌സ് മാർക്കറ്റിലെ ചലനങ്ങൾ മുന്നിൽ കണ്ട് സിംഗപ്പൂർ, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഊഹക്കച്ചവടക്കാർ കുരുമുളകിൽ പിടിമുറുക്കുന്നുണ്ട്. അടുത്ത മാസം വിയറ്റ്‌നാം മുളകും വിൽപ്പനയ്ക്ക് സജീമാക്കുന്നതോടെ വൻ വ്യാപാരങ്ങൾക്ക് അവസരം ഒരുക്കങ്ങുമെന്ന കണക്ക് കൂട്ടലിലാണ് ഊഹക്കച്ചവടകാർ.
പുതിയ ചുക്ക് വരവ് ശക്തമാണ്. ആഭ്യന്തര വ്യാപാരികൾക്ക് ഒപ്പം കയറ്റുമതി സ്ഥാപനങ്ങളും ചുക്ക് സംഭരിക്കുന്നുണ്ട്. മീഡിയം ചുക്ക് 12,500 ലും ബെസ്റ്റ് ചുക്ക് 13,500 രൂപയിലുമാണ്. 
ഏലക്ക പഴയ പ്രതാപം വീണ്ടെടുക്കാനുള്ള  ശ്രമത്തിൽ. കയറ്റുമതി സമൂഹവും ആഭ്യന്തര വ്യാപാരികളും ലേലത്തിൽ സജീവമായിരുന്നു. വാരത്തിന്റെ തുടക്കത്തിൽ കിലോ 1215 രൂപയിൽ കൈമാറ്റം നടന്ന മികച്ചയിനം ഏലക്കയുടെ വില ശനിയാഴ്ച്ച 1416 രൂപയായി. സ്വർണ വില മുന്നേറി. കേരളത്തിൽ സ്വർണ വില പവന് 22,280 രൂപയിൽ നിന്ന് 22,640 വരെ ഉയർന്ന് ശേഷം വാരാന്ത്യം പവൻ 22,520 ലാണ്. ഒരു ഗ്രാമിന്റെ വില 2815 രൂപ. 

 

Latest News