Thursday , May   23, 2019
Thursday , May   23, 2019

സെൻസെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക്‌


ഐ എം എഫിന്റെ വിശ്വാസം ഇന്ത്യൻ നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ സാമ്പത്തിക ശക്തിയായി രാജ്യം വളരുകയാണെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തൽ വിദേശ ഫണ്ടുകളെ ഇന്ത്യയിൽ കനത്ത നിക്ഷേപകരാക്കി. തുടർച്ചയായ എട്ടാം വാരത്തിലും മികവ് കാണിച്ച് സെൻസെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിച്ചു.
പ്രമുഖ ഇൻഡക്‌സുകൾ രണ്ടും ഒന്നര ശതമാനം പ്രതിവാര നേട്ടം സ്വന്തമാക്കിയ ആവേശം ബജറ്റ് വേളയിലും നിലനിർത്തുമെന്ന വിശ്വാസത്തിലാണ് ഇടപാടുകാർ.  ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട് ലുക്കിൽ ഇന്ത്യയുടെ ജി ഡി പി വളർച്ച 7.8 ശതമാനമായി ഉയരുമെന്നാണ് ഐ എം എഫിന്റെ വിലയിരുത്തൽ.
ഫ്യൂചേഴ്‌സ് ആന്റ ഓപ്ഷൻസിൽ ജനുവരി സീരീസ് സെറ്റിൽമെറ്റിന്റെ പിരിമുറുക്കം അവസാന നിമിഷങ്ങളിൽ നിഫ്റ്റിയിൽ സമ്മർദ്ദമുളവാക്കിയെങ്കിലും നിർണായക സപ്പോർട്ട് നിലനിർത്തുന്നതിൽ സൂചിക വിജയം കൈവരിച്ചു. കടന്ന് പോയവരം നിഫ്റ്റി സൂചിക 175 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ലക്കം സൂചിപ്പിച്ച പ്രതിരോധമായ 11,066 ന് നാല് പോയിന്റ് മുകളിൽ 11,070 ൽ വാരാന്ത്യ ക്ലോസിങ് നടന്നു. തുടക്കത്തിലെ താഴ്ന്ന നിലവാരമായ 10,911 ൽനിന്നുള്ള മുന്നേറ്റത്തിൽ മുൻ റെക്കോർഡുകൾ തകർത്ത് നിഫ്റ്റി 11,110 വരെ ഉയർന്നു. ഈ വാരം സൂചികയുടെ ആദ്യ പ്രതിരോധം 11,149 പോയിന്റിലാണ്. ഇത് മറികടന്നാൽ 11,229 ൽ വീണ്ടും തടസം നേരിടാം. 
തേഡ്  റെസിസ്റ്റൻസ് 11,348 പോയിന്റിലാണ്. ഉയർന്ന റേഞ്ചിൽ ഫ്രോഫിറ്റ് ബുക്കിങിന് നീക്കം നടന്നാൽ 10,950-10,831 ൽ സപ്പോർട്ടുണ്ട്. ഇത് നഷ്ടപ്പെട്ടൽ 10,751 ന് മുകളിൽ പിടിച്ചു നിൽക്കാൻ ശ്രമം നടക്കും. 
ബോംബെ സെൻസെക്‌സ് 35,588 പോയിന്റിൽ നിന്ന് 36,000 ലെ പ്രതിരോധവും കടന്ന് 36,268 വരെ ഉയർന്ന് ചരിത്രം രേഖപ്പെടുത്തി. 538 പോയിന്റ് പ്രതിവാര നേട്ടവുമായി വാരാവസാനം സൂചിക 36,050 ലാണ്. 35,669 ലെ സപ്പോർട്ട് നിലനിർത്തിയാൽ 36,349-36,648 പോയിന്റ് ലക്ഷ്യമാക്കി സൂചിക മുന്നേറാം. വിപണിക്ക് അനുകൂലമായ നിർദ്ദേശങ്ങൾ കേന്ദ്ര ബജറ്റിൽ പുറത്തുവന്നാൽ 37,029 ലെ വിപണി ലക്ഷ്യമാക്കും. സെൻസെക്‌സിന് ആദ്യ താങ്ങ് നിലനിർത്താനായില്ലെങ്കിൽ 35,288-34,989 റേഞ്ചിലേക്ക് സാങ്കേതിക തിരുത്തിന് ഇടയുണ്ട്.
വിദേശ ഫണ്ടുകളുടെ ശക്തമായ സാന്നിധ്യം പ്രദേശിക നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.  കഴിഞ്ഞവാരം വിദേശ ഫണ്ടുകൾ 4234.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രണ്ടാഴ്ച്ചകളിൽ അവർ ഇന്ത്യൻ മാർക്കറ്റിൽ ഇറക്കിയത് 10,074.46 കോടി രൂപയാണ്. ഇതോടെ ജനുവരിയിലെ അവരുടെ മൊത്തം നിക്ഷേപം 14,540 കോടി രൂപക്ക് മുകളിലെത്തി. സാമ്പത്തിക രംഗത്തെ ഉണർവും കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക് തിളക്കം വർധിച്ചതും ഫണ്ടുകളെ ആകർഷിച്ചു. അതേ സമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1452.38 കോടി രൂപയുടെ ഓഹരികൾ വിറ്റു. 
പിന്നിട്ടവാരം ഐടി ഇൻഡക്‌സ് 3.63 ശതമാനവും മെറ്റൽ ഇൻഡക്‌സ് 2.74 ശതമാനവും ഉയർന്നു. ക്യാപ്പിറ്റൽ ഗുഡ്‌സ്, ബാങ്കിങ്, ഓയിൽ ആന്റ് ഗ്യാസ് തുടങ്ങിയവ രണ്ട് ശതമാനത്തിൽ ഏറെ ഉയർന്നപ്പോൾ ഹെൽത്ത്‌കെയർ, റിയാലിറ്റി, എഫ് എം സി ജി തുടങ്ങിയവയും നേട്ടത്തിലേയ്ക്ക് തിരിഞ്ഞു. അതേ സമയം കൺസ്യൂമർ ഡ്യൂറബിൾ, ഓട്ടോമൊബൈൽ, പവർ ഇൻഡക്‌സുകൾ തളർന്നു. 
മുൻ നിരയിലെ 31 ഓഹരികളിൽ 21 എണ്ണത്തിന്റെ നിരക്ക് ഉയർന്നപ്പോൾ പത്ത് ഓഹരികൾക്ക് തളർച്ചനേരിട്ടു. മുൻ നിര ഓഹരിയായ ഒ എൻ ജി സിയുടെ നിരക്ക് എഴര ശതമാനം വർധിച്ചു. ടി സി എസ്, കോൾ ഇന്ത്യ തുടങ്ങിയവ അഞ്ച് ശതമാനം ഉയർന്നു. റിലയൻസ്, എൽ ആന്റ റ്റി, ഇൻഫോസീസ്, ബജാജ് ഓട്ടോ, ഐടിസി തുടങ്ങിവയുടെ നിരക്ക് കയറി. എയർ ടെൽ ഓഹരി വില ഒമ്പത് ശതമാനം ഇടിഞ്ഞു. ടാറ്റാ മോട്ടേഴ്‌സ്, എം ആന്റ എം, വിപ്രോ തുടങ്ങിയവക്ക് തളർച്ച.  
ബി എസ് ഇ യിൽ പോയവാരം ഇടപാടുകളുടെ വ്യാപ്തി കുറഞ്ഞ് 22,625.37 കോടി രുപയിൽ ഒതുങ്ങി. തൊട്ട് മുൻവാരം ഇത് 30,737 കോടി രൂപയായിരുന്നു.   എൻ എസ് ഇ യിൽ കഴിഞ്ഞവാരം 1,66,288 കോടി രൂപയുടെ വ്യാപാരം നടന്നു. തൊട്ട് മുൻവാരം ഇത് 1,87,256 കോടി രൂപയായിരുന്നു.
ക്രൂഡ് ഓയിൽ വില മൂന്ന് വർഷത്തെ ഉയർന്ന നിലവാരത്തിൽ. ഡോളറിന് നേരിട്ട തളർച്ചയാണ് ഫണ്ടുകളെ എണ്ണ മാർക്കറ്റിലേക്ക് അടുപ്പിച്ചത്. ബാരലിന് 66.33 ഡോളറിലേക്ക് എണ്ണ വില ഉയർന്നു. ഡോളറിന്റെ തളർച്ച കണ്ട് ഫണ്ടുകൾ മഞ്ഞലോഹത്തിൽ പിടിമുറുക്കി. വർധിച്ച നിക്ഷേപ താൽപര്യത്തിൽ സ്വർണം പതിനേഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1365 ഡോളർ വരെ ട്രോയ് ഔൺസിന് ഉയർന്ന ശേഷം ക്ലോസിങിൽ 1349 ഡോളറിലാണ്. ഈ വർഷം സ്വർണം ലക്ഷ്യമിടുന്നത് 1425 ഡോളറിനെയാണ്. 

 

Latest News