Monday , June   17, 2019
Monday , June   17, 2019

ചിന്തകൾക്ക് വഴി തുറന്ന്  യുവ സംരംഭക സംഗമം

ജിദ്ദ ട്രൈഡന്റ് ഹോട്ടലിൽ എക്‌സലൻസി ഫോറം സംഘടിപ്പിച്ച  യുവ സംരംഭക ഉദ്യോഗസ്ഥ സംഗമത്തിലെ പാനൽ ചർച്ചയിൽ  പ്രമുഖ വ്യവസായികൾ അണിനിരന്നപ്പോൾ.

സാമൂഹിക പ്രതിബദ്ധതയുള്ള യുവ സംരംഭകരെ വാർത്തെടുക്കുന്നതിനും അഭ്യസ്തവിദ്യരായ യുവാക്കളിൽ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി എക്‌സലൻസി ഫോറം സംഘടിപ്പിച്ച യുവ സംരംഭക ഉദ്യോഗസ്ഥ സംഗമം സംരംഭക മേഖലയിലെ വേറിട്ട ചിന്തകൾക്ക് വഴി തുറക്കുന്നതായി. ബിസിനസ് രംഗത്തെ അതികായരുടെ അനുഭവ സമ്പത്തും മാർഗ നിർദേശങ്ങളും വിപണിയുടെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് എങ്ങനെ സംരംഭകനാകാം എന്നതിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ട്രൈഡന്റ് ഹോട്ടലിൽ നടന്ന സംഗമം ഗൾഫ് പ്രതിസന്ധിയെ വെല്ലുവിളിയായി നേരിടുന്നതിന് പ്രവാസികളെ പ്രാപ്തരാക്കുന്ന പാഠങ്ങളാണ് സമ്മാനിച്ചത്. സംരംഭകരാകാൻ ആഗ്രഹിക്കുന്നവരും സ്വയം തൊഴിൽ മേഖലകൾ കണ്ടെത്താൻ വെമ്പൽ കൊള്ളുന്നവരും വ്യവസായ രംഗത്തും ഉദ്യോഗസ്ഥ തലത്തിലും കഴിവു തെളിയിച്ചവരും ഒന്നിച്ചിരുന്ന് നടത്തിയ ആശയ സംവാദം പുതുപുത്തൻ ആശയങ്ങളുടെ പിറവിക്കും ജനങ്ങളുടെ ദൗർബല്യങ്ങളെയും വിഷമതകളെയുംപോലും എങ്ങനെ കച്ചവടവൽക്കരിക്കാം എന്നതിലേക്ക് വെളിച്ചം പകരുന്നതുമായി. തൊഴിലാളികളായിരുന്നവർക്ക് തൊഴിൽ ദാതാക്കളായി മാറാൻ പരിശ്രമവും അഭിവാഞ്ഛയും മാത്രം മതിയാവുമെന്ന സന്ദേശം നൽകുന്നതിനും സംഗമത്തിനായി. 

പി.സി മുസ്തഫ മുഖ്യപ്രഭാഷണം നടത്തുന്നു. 


വിപണിയുടെ ആവശ്യം തിരിച്ചറിഞ്ഞ് അതിനെ സാങ്കേതിക സഹായത്തോടെ കച്ചവടവൽക്കരിക്കാനുള്ള ആത്മധൈര്യവും ഊർജസ്വലതയും ഉണ്ടെങ്കിൽ ഒന്നുമില്ലായ്മയിൽനിന്നുപോലും സംരംഭകനായി വിജയം കൈവരിക്കാനാവുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഐഡി ഫ്രഷ് ഫുഡ് കമ്പനി സി.ഇ.ഒ പി.സി മുസ്തഫ സമർഥിച്ചത് വൻകരഘോഷത്തോടെയാണ് സംഗമം ഏറ്റുവാങ്ങിയത്. ഒന്നുമില്ലായ്മയിൽനിന്ന് ശതകോടിയിലേറെ രൂപ വിറ്റുവരവുള്ള കമ്പനിയായി ഐഡി ഫുഡിനെ മാറ്റിയെടുത്ത കഥ പി.സി മുസ്തഫ വിവരിച്ചത് സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ആവേശം പകരുന്നതായി. സംരംഭകനാവുകയെന്നത് ഗ്ലാമർ ജോലിയല്ലെന്നും കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെതുമാണെന്നും മുസ്തഫ ഓർമപ്പെടുത്തി. വിശ്വാസ്യത കൈമുതലാക്കി ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിഞ്ഞ് അതിന്റെ ഉൽപാദനത്തിനായിരിക്കണം ശ്രമിക്കേണ്ടത്. ചെയ്യുന്ന ജോലി ഏതായാലും അതിനോട് അമിതമായ താൽപര്യം കാണിക്കുകയും വിട്ടുവീഴ്ചകൾക്ക് തയാറാവാതിരിക്കുകയും ചെയ്താൽ ഏതൊരാൾക്കും വിജയിക്കാനാവുമെന്നും മുസ്തഫ പറഞ്ഞു. 
സത്യസന്ധത കൈമുതലാക്കി മുന്നോട്ടു പോയാൽ ആരെയും ഭയക്കാതെ ലോകത്തിന്റെ ഏതു കോണിൽ പോയും സംരംഭം തുടങ്ങാമെന്നും അതിൽ വിജയം വരിക്കാമെന്നും നാലു പതിറ്റാണ്ടിലേറെകാലത്തെ അനുഭവ സമ്പത്ത്  പങ്കുവെച്ചുകൊണ്ട് മൗണ്ട് ജൂഡി, റിഹ്ബാർ ഡയറക്ടർ സി.എച്ച് അബ്ദുൽ റഹീം പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഏകജാലക പരിപാടികൾ പരമാവധി പ്രയോജനപ്പെടുത്തി നാട്ടിൽ വിവിധ മേഖലകളിൽ സംരംഭകത്വം കെട്ടിപ്പടുക്കാനുമെന്നും അതിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. 


പരാജയത്തിൽനിന്ന് പിന്നോട്ടടിക്കാതെ മുന്നോട്ടു പോകാനുള്ള മനസിനുടമകളാവുകയെന്നതാണ് നല്ലൊരു സംരംഭകനാവാൻ വേണ്ടതെന്ന് അബീർ ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു. മാന്യമായി ജീവിക്കാവുന്ന ജോലിയും ശമ്പളവും ഉണ്ടായിരുന്നിട്ടും അതെല്ലാം വിട്ടെറിഞ്ഞ് സംരംഭകനായി മാറിയപ്പോഴുണ്ടായ തീഷ്ണമായ പരീക്ഷണങ്ങളും ഭീമമായ നഷ്ടവും ജീവിതത്തിന് നൽകിയത് ഒട്ടേറെ പാഠങ്ങളായിരുന്നു. അതിൽനിന്നുള്ള ഒരുയിർത്തെഴുന്നേൽപ് എളുപ്പമാവില്ലെന്ന് തോന്നിപ്പോയ നിമിഷങ്ങളുണ്ടായെങ്കിലും പണംവാരിക്കൂട്ടി മുതലാളിയാവുകെയെന്നതിനേക്കാളുപരി ഒരു സംരംഭകനാവുകയെന്ന അതിയായ ആഗ്രഹമാണ് തന്നെ നയിച്ചതെന്നും അതിനുവേണ്ടിയുള്ള കഠിനാധ്വാനവും മറ്റുള്ളവരിലർപ്പിച്ച വിശ്വാസ്യതയുമാണ് ഇന്നത്തെ നിലയിലേക്ക് തന്നെ എത്തിച്ചതെന്ന് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു. ഇത്തരം സംഗമവും ചർച്ചകളുമെല്ലാം സാധാരണക്കാരിലേക്കു കൂടി എത്തിക്കുംവിധം വിപുലമാക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
തുടർന്നു നടന്ന പാനൽ ചർച്ചയിൽ ഇവർക്കു പുറമെ അൻസാം ഇന്ത്യ കൺസ്ട്രക്ഷൻസ് എം.ഡി എൻജിനീയർ ഇബ്രാഹിം കുട്ടി, മൊബൈലി എക്‌സിക്യൂട്ടീവ് മാനേജർ നൗഷാദ് യൂസഫ് എന്നിവരും പങ്കെടുത്തു. സംഗമത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഇവർ മറുപടി നൽകി. ഡോ. അബ്ദുൽ സലാം ഉമർ (കിംഗ് സൗദ് യൂനിവേഴ്‌സിറ്റി) മോഡറേറ്ററായിരുന്നു. പി.സി മുസ്തഫക്കുള്ള മെമന്റോ മലയാളം ന്യൂസ് ന്യൂസ് എഡിറ്റർ മുസാഫിറും സി.എച്ച് അബ്ദുൽ റഹീമിനുള്ള മെമന്റോ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഹസൻ ചെറൂപ്പയും ഡോ. അബ്ദുൽ സലാം ഉമറിനുള്ള ഉപഹാരം ആലുങ്ങൽ മുഹമ്മദും സമ്മാനിച്ചു. എക്‌സലൻസി ഫോറം ചെയർമാൻ ജാബിർ വലിയകത്ത് സ്വാഗതവും ജലീൽ കണ്ണമംഗലം നന്ദിയും പറഞ്ഞു. യഹ്‌യ നൂറാനി ഖിറാഅത്ത് നടത്തി. 


 

Latest News