Wednesday , March   27, 2019
Wednesday , March   27, 2019

മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി പി.എം.എ ജലീൽ മടങ്ങുന്നു

പി.എം.എ ജലീൽ

ജിദ്ദ- ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ പി.എം.എ ജലീൽ മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നു. സൗദി അറേബ്യയുടെയും കേരളത്തിന്റെയും വളർച്ചക്കൊപ്പം സഞ്ചരിച്ച് ജീവിതം ധന്യമാക്കിയ നിർവൃതിയുമായാണ് ജലീലിന്റെ മടക്കം. കോളേജ് വിദ്യാർഥിയായിരിക്കെ ഗൾഫ് എന്ന സ്വപ്‌നം നെഞ്ചിലേറ്റിയാണ് ബിരുദ പഠനം പൂർത്തിയാക്കാതെ ജലീൽ പ്രവാസിയായത്. അന്ന് മലബാർ മേഖലയിൽ ഏതു ബിരുദത്തേക്കാളും എത്ര നല്ല ജോലിയേക്കാളും ശ്രദ്ധേയമായത് ഗൾഫ് ജോലിയായിരുന്നു. അതിൽ ആകൃഷ്ടനായാണ് വീട്ടുകാരുടെ എതിർപ്പിനെ മറികടന്നും ജലീൽ സൗദി അറേബ്യയിലേക്ക് കടന്നത്. 
എൺപതുകളുടെ ആദ്യ പകുതിയിൽ ഗൾഫ് നാടുകളിലേക്ക് പ്രത്യേകിച്ച് ജിദ്ദയിലേക്ക് ജോലി തേടി പോയവരിൽ മിക്കവരും വിദ്യാർഥികളും തൊഴിൽ തേടുന്ന യുവാക്കളുമായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു ജലീലും. പി.എസ്.എം.ഒ കോളേജിൽ ബിരുദ വിദ്യാർഥിയായിരിക്കെയാണ് 1981ൽ ജിദ്ദയിലെത്തിയത്. ഹജ്, ഉംറ വിസ സൗകര്യം പ്രയോജനപ്പെടുത്തിയായിരുന്നു അക്കാലത്ത് അധികപേരും ജിദ്ദയിലെത്തിയത്. അങ്ങനെ എത്തിപ്പെട്ടവരുടേതായ പ്രയാസങ്ങളൊന്നും 1981ൽ ജിദ്ദയിലെത്തിയ ജലീലിനുണ്ടായിരുന്നില്ല. കാരണം ജലീൽ തൊഴിൽ വിസയിൽ തന്നെയായിരുന്നു എത്തിയത്. പത്താം ക്ലാസ് പാസായവർക്കെല്ലാം കൊള്ളാവുന്ന ജോലി തരപ്പെട്ടിരുന്ന കാലം. അതുകൊണ്ടുതന്നെ  ബിരുദപഠനം അവസാന വർഷമെത്തി നിന്നിരുന്ന ജലീലിന് ജിദ്ദയിലെത്തിയപാടെ സാമാന്യം കൊള്ളാവുന്ന ജോലിയും കിട്ടി. ആദ്യ എട്ടു വർഷക്കാലം രണ്ട് ഐ.ടി കമ്പനികളിലായിരുന്നു ജോലി ലഭിച്ചത്. പിന്നീട് 1998ൽ അൽ ഫലക് ഇലക്‌ട്രോണിക് എക്യുപ്‌മെന്റ് ആന്റ് സപ്ലൈ കമ്പനിയിൽ ജോലിക്കു കയറി. 
ഇപ്പോഴും ഇവിടെ സീനിയർ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജലീൽ വീട്ടുകാര്യങ്ങൾ നോക്കിയുള്ള വിശ്രമ ജീവിതവും പൊതു പ്രവർത്തനവും ലക്ഷ്യമിട്ടാണ് നാട്ടിലേക്കു മടങ്ങുന്നത്. 
70കളിലും 80കളിലും ജിദ്ദയിലെത്തിപ്പെട്ടവരിലേറെയും നാട്ടിലെ രാഷ്ട്രീയ പൊതു പ്രവർത്തനത്തിന്റെ ചൂടും ചൂരും ചോർന്നുപോവാതെ അത് പ്രവാസ ലോകത്തേക്കും പറിച്ചു നട്ടു. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബാംഗം കൂടിയായ ജലീലിന് തന്റെ പൊതു പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന് ഈ അന്തരീക്ഷം സഹായകരമായി. മുസ്‌ലിം ലീഗിന്റെ അറിയപ്പെടുന്ന നേതാക്കളിലൊരാളായിരുന്ന പീച്ചിമണ്ണിൽ മുഹമ്മദ് ഹാജിയുടെ മകനായ ജലീൽ നാട്ടിലെ പൊതു പ്രവർത്തന പാരമ്പര്യം നിലനിർത്തി 1982 മുതൽ കെ.എം.സി.സിയിൽ സജീവമായി. 1985ൽ കെ.എം.സി.സിയും ചന്ദ്രിക റീഡേഴ്‌സ് ഫോറവും ഒന്നായ ശേഷം 1986ൽ ഷറഫിയ ഏരിയ കെ.എം.സി.സി സെക്രട്ടറിയും സെൻട്രൽ വർക്കിംഗ് കമ്മിറ്റി അംഗവുമായി. 
88ൽ ജിദ്ദ-തിരൂരങ്ങാടി മുസ്‌ലിം വെൽഫെയർ ലീഗ് സ്ഥാപകരിലൊരാളാവുകയും ട്രഷറർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 
പിന്നീട് കെ.എം.സി.സിയിൽനിന്നു വഴി പിരിഞ്ഞ് 1994ൽ ഐ.എം.സി.സി ജിദ്ദ സെക്രട്ടറിയായി. തുടർന്ന് ഐ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 2010ൽ ഐ.എം.സി.സി കെ.എം.സി.സി ലയനമുണ്ടായപ്പോൾ പഴയ ലാവണത്തിലേക്ക് മടങ്ങിയെത്തുകയും കെ.എം.സി.സി സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാവുകയും ചെയ്തു. നിലവിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്നു. കൂടാതെ പി.എസ്.എം.ഒ അലുംനി അസോസിയേഷൻ ചെയർമാൻ, ജിദ്ദ-തിരൂരങ്ങാടി മുസ്‌ലിം വെൽഫെയർ ലീഗ് പ്രസിഡന്റ്, തിരൂരങ്ങാടി ദയ ചാരിറ്റി സെന്റർ പ്രസിഡന്റ്, ജിദ്ദ കേരളൈറ്റ്‌സ് ഫോറം സ്റ്റിയറിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു വരുന്നു. ജിദ്ദ ഹജ് വെൽഫെയർ ഫോറം വൈസ് ചെയർമാൻ സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 
ഇടക്കിടെ വന്നു പോകാറുള്ള കുടുംബം നാട്ടിൽ സ്ഥിര താമസമാക്കിയതോടെയാണ് ജലീലും പ്രവാസത്തിന് വിരാമമിടാൻ തീരുമാനിച്ചത്. ഭാര്യ ഹഫ്‌സ. ജസിയ യൂനുസ്, ജസീൽ ജലീൽ, ജുനൈദ് ജലീൽ, ജിയാദ് ജലീൽ എന്നിവർ മക്കളും സി.പി യൂനുസ് സലീം, ജസ്‌ന ജസീൽ എന്നിവർ മരുമക്കളുമാണ്. മുൻ എം.എൽ.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളുമായ പി.എം.എ സലാം ജ്യേഷ്ഠ സഹോദരനാണ്.